അനാമിക | ഹൊറർ കഥകൾ | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam
അനാമിക | ഹൊറർ കഥകൾ | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam
അപ്രതീക്ഷിതമായാണ് ആ ഇൻബോക്സ് മെസ്സേജ് ശ്രദ്ധയിൽപ്പെട്ടത് . സാധാരണ ഇൻബോക്സ് ശ്രദ്ധിക്കാറേയില്ല.. പലപ്പോഴും സ്ഥിരം ഗുഡ് മോർണിംഗ്., ശുഭദിനം നേരുന്ന കുറെയേറെ മിത്രങ്ങളുണ്ട്. അവർക്കൊക്കെ മനസുകൊണ്ട് തിരിച്ചും ആശംസയർപ്പിക്കാനേ പലപ്പോഴും സാധിക്കാറുള്ളു. പണ്ടൊക്കെ ഒന്നുരണ്ടുപേരോട് സ്ഥിരം ചാറ്റിയിരുന്നു. അതും ഇങ്ങോട്ടുവന്നവരോട് മാത്രം . അവരുടെ വിലപ്പെട്ട സമയം നമ്മൾ അപഹരിക്കുന്നുണ്ടോ എന്നൊരു തോന്നൽ വന്നപ്പോൾ അതുംനിറുത്തി. അല്ലെങ്കിൽത്തന്നെ ഈ ചാറ്റിങ്ങിലോന്നും ഒരു കാര്യവുമില്ല . നമ്മളെ ഇഷ്ടപ്പെടുന്നവരുടെ മനസ്സിൽ നമ്മൾ കാണും . പിന്നെ അഴകൊഴാ വർത്തമാനം പറഞ്ഞിരിക്കാനുള്ള നേരവുമില്ല . ഇനി നയനസുഖത്തിനാണെങ്കിൽ റോഡിലിറങ്ങി രണ്ടു തരുണീമണികളെകണ്ടു സംതൃപ്തിയടയരുതോ ?
അനാമിക .............. ഫേക്ക് പ്രൊഫൈലിനുപറ്റിയ ഉത്തമമായ നാമധേയം ഇതാണ് . ഗുഡ് മോർണിംഗ് ആയിരിക്കും, എന്ന് കരുതിയാണ് നോക്കിയത് . അതും അതിനുമുൻപ് വന്ന സ്ഥിരം സുഹൃത്തുക്കളുടെ മെസ്സേജ് ഒക്കെ ഒന്നോടിച്ചുവായിച്ചു അതിനുള്ള മറുപടിയും കൊടുത്തതിനുശേഷം .
'ഹായ് .............'
'ഞാൻ അനാമിക ................ താങ്കളുടെ രചനകൾ എനിക്കേറെയിഷ്ടപ്പെട്ടതാണ് . '
'ഞാൻ പ്രേതം മുഴുവൻ ഒറ്റയിരുപ്പിനാണ് വായിച്ചത് .................'
'നല്ല ഒഴുക്കുള്ള രചന .......... കീപ് ഇറ്റ് അപ് . '
കഴിഞ്ഞു . ഏകദേശം ഒരു മണിക്കൂറിനുമുന്നേ ഇട്ട മെസേജ് ആണ്. പച്ചലൈറ്റ് ഇപ്പോഴും കത്തുന്നുണ്ട് .
'താങ്ക്സ്.. ഈ നല്ലവാക്കുകൾ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു.. '
ക്ലോസ്
ഗ്രൂപുകളിൽ ഇട്ട പോസ്റ്റിനു കമെന്റുകൾ വന്നുകിടക്കുന്നു. അതിലും ലുബ്ധ് കാണിച്ചേമതിയാകൂ. എല്ലാവര്ക്കും മറുപടി കൊടുത്തേപറ്റൂ . അപ്പോൾ വാക്കുകൾ അല്പം വെട്ടിച്ചുരുക്കിയാൽ . എല്ലായിടത്തും ഓടിയെത്താനാകും. അല്ലെങ്കിൽത്തന്നെ എഴുത്തുപോലെയല്ല . അഭിപ്രായം പറച്ചിലും അതിന്റെ തുടർസംഭാഷണങ്ങളും. കഴിവതും ഷോർട് ആയിരിക്കും മറുപടി . എങ്കിലും മനസ്സിൽ എല്ലാവരോടുമുള്ള സ്നേഹവും സന്തോഷവും നിറഞ്ഞുനിൽക്കും.
'നല്ലവാക്കുകൾ മാത്രമേ ഹൃദയത്തോട് ചേർത്തുവയ്ക്കാറുള്ളു ? '
ആ ചോദ്യം ചീറിപ്പാഞ്ഞുവരുന്ന അമ്പുപോലെ ഇൻബോക്സ് തുളച്ചെത്തി.
മറുപടി ഇപ്പോൾ വേണ്ട.................... ചോദ്യം മനസ്സിലായി . ഉത്തരത്തിലേക്കും . പടിപടിയായുള്ള ചോദ്യങ്ങളിലെക്കുമുള്ളൊരു ഏണിപ്പടിയാണ് ഈ ചോദ്യം ..
'മാഷേ ........... '
'പ്രേതത്തെപ്പോലെ എനിക്കേറെ ഇഷ്ടപ്പെട്ട കഥയാണ് എന്റെ സ്വന്തം യക്ഷി ............'
അപ്പൊ കുറേക്കാലമായി എന്നെ വായിക്കുന്ന ആളാണ് . ഗുഡ് .
'അതിലെ നായിക ആതിരയെപ്പോലെയാണ് ഞാനും . '
'വിശാലിനെന്നോടും എനിക്ക് തിരിച്ചും ഒന്നും പറയാൻ കഴിഞ്ഞിരുന്നില്ല '
അവരുടെ രണ്ടുപേരുടെയും പേരുകൾ ഞാൻതന്നെ മറന്നുപോയിരുന്നു. അതുകഴിഞ്ഞിപ്പോൾ എത്തിനിൽക്കുന്ന അർജ്ജുനാണ് മനസ്സുമുഴുവനും. അതും എഴുതാൻ സമയംതികയുന്നില്ല.
'ഹലോ മാഷെ ..................'
ഒന്നും മിണ്ടാൻ പോയില്ല . ഞാൻ എഴുതുന്നത് വായിക്കാറുണ്ട് എന്നുമനസ്സിലായി . പക്ഷെ ഇത് പെണ്ണല്ല. ഏതെങ്കിലും ഒരു മൈഗുണാപ്പൻ പെണ്ണിന്റെ ഐ ഡി ക്രിയേറ്റ് ചെയ്തതാണ് .. കാരണം ഒരുപെണ്ണും ഇങ്ങനൊന്നും ആദ്യമേ സംസാരിക്കാറില്ല . അതിനൊക്കെ ഒരു ഭാവമുണ്ട് . ഒരു താളമുണ്ട് . ഒരു ലയമുണ്ട് . തബലയുടെ സ്വതസിദ്ധമായ ശബ്ദം കേൾക്കുന്നസുഖം ചെണ്ടയിൽ തബല അടിക്കാൻ ശ്രമിച്ചാൽ കിട്ടാറില്ലല്ലോ . ? ഇതേതോ സുഹൃദ്‌വലയത്തിലുള്ള ദിവ്യപൂരുഷൻ നിർമ്മിച്ച അവന്റമ്മൂമ്മേടെ ............. ഐ ഡി യാണ് . നൂറുവട്ടം . ഇനി ചൂണ്ടയിടൽ തുടരും . നമ്മളതിൽ വീഴണം . എന്നിട്ടുവേണം സ്ക്രീൻ ഷോട്ട് ഒക്കെ എടുത്തങ്ങട് അർമ്മാദിക്കാൻ .. ഹേ പരമപൂജ്യസംപൂജ്യപൂരുഷാ .. നിക്കതിനു നേരമില്ലാച്ചാൽ . എന്താ ചെയ്യാ ? ഇനിയഥവാ പെണ്ണുതന്നെയാണെങ്കിലും നിക്ക് താല്പര്യമില്ലാച്ചാൽ .. താല്പര്യമില്ല . അതോണ്ടാ .
'എനിക്കൊരു കഥ പറയാനുണ്ട് മാഷേ ................. എന്റെ കഥ . . മാഷ് എഴുതുമ്പോലൊന്നും എഴുതാനുള്ള കഴിവില്ല എനിക്ക് .......'
എങ്കിലും ഞാൻ എന്റെ കഥ ഇവിടെയിടുന്നു. സമയംപോലെ വായിക്കണം.താങ്കളുടെ ശൈലിയിൽ എഴുതണം.. എഴുതുമ്പോൾ എന്നെ ഒന്ന് ലിങ്ക് ചെയ്തേക്കണേ .........'
പെട്ടെന്നാണോർത്തത് ഞാൻ ഈ മെസ്സേജുകളെല്ലാം വായിച്ചു എന്നുള്ളകാര്യം അവനോ അതോ അവളോ. അറിഞ്ഞുകാണുമല്ലോ? കാരണം അവളുടെ മെസ്സഞ്ചറിൽ ഞാൻ ഇതൊക്കെ കണ്ടുവെന്നുള്ള കാര്യം സുക്കറണ്ണൻ ഇപ്പൊത്തന്നെ ചെന്നുപറഞ്ഞിട്ടുണ്ട് . അപ്പോൾ ഇതൊന്നും കണ്ടില്ലെന്നു നടിക്കാനുമാവില്ല . മറുപടി കൊടുക്കേണ്ടിവരും . വെളുപ്പിന് എഴുന്നേൽക്കുമ്പോൾ ആവാം . എന്തെങ്കിലും പറഞ്ഞിട്ട് തടിതപ്പാൻ.. . അപ്പോളവൾ ഓൺലൈനിൽ കാണില്ലല്ലോ ?
മൂന്നരയ്ക്ക് കൃത്യം അലാറമടിച്ചു. ഇനി അടിച്ചില്ലേലും എഴുന്നേറ്റിരിക്കും . അത് ഒരു അച്ചട്ട് കാര്യമാണ് .
'ഗുഡ് മോർണിംഗ് . ഗുഡ് മോർണിംഗ് . ഗുഡ് മോർണിംഗ് . '
ഏതോ സായിപ്പിന്റെ സ്വരത്തിലാണ് അലാറം അടിക്കുന്നത് . മൂന്നരയ്ക്ക് ഗുഡ്മോർണിംഗ് പറയുന്ന അവന്റെ തലയ്ക്കിട്ടൊന്നു കൊടുക്കണം ആദ്യം . മോള് സെറ്റ് ചെയ്ത ട്യൂൺ ആണ് ..
ഒന്ന് ഫ്രഷ് ആയി . ലാപ് ഓൺ ചെയ്തു. നേരെ അടുക്കളയിലോട്ട് . ഒരു കട്ടൻ . കട്ടൻ ഒന്നുസിപ്പിക്കൊണ്ടാണ് ലാപ്പിനടുത്തോട്ടു വന്നത് . നെറ്റ് ഓണാക്കി . ഇരിപ്പിടം ശരിയാക്കി .
കുറച്ചധികം ജോലികളുണ്ട് . അതിനാണ് ഈ വെളുപ്പിനുള്ള എഴുന്നേക്കൽ . പകൽ അത്രയധികം സമയം കിട്ടാറില്ല . സത്യത്തിൽ ഉറക്കമില്ല . കേവലം മൂന്നരമണിക്കൂറാണ് ഉറങ്ങുന്നത് . ബട്ട് അതൊരു പുതിയ കാര്യവുമല്ല . കഴിഞ്ഞ ഇരുപതുവര്ഷമായി അഞ്ചു മണിക്കൂർ ആയിരുന്നു ഉറങ്ങിയിരുന്നത് . ഇപ്പോൾ ജോലി കൂടിയപ്പോൾ അത് മൂന്നരയായി എന്നുമാത്രം .
സോഫ്റ്റ്‌വെയർ ഓൺ ചെയ്തു . ജോലി തുടങ്ങി .
കൂട്ടത്തിൽ എഫ് ബി യും ഓപ്പൺ ചെയ്തിട്ടു. കുറെ അണ്ണന്മാർ ഇപ്പോഴും ഓൺലൈൻ ഉണ്ട്.. ചിലപ്പോൾ പുറംരാജ്യങ്ങളിൽ ഉള്ളവർ ആയിരിക്കും . നമ്മുടെ സമയമല്ലല്ലോ അവരുടെ സമയം .
'സീതയെത്തേടി വനത്തിലലഞ്ഞ രാമനും ലക്ഷമണനും...............'
മുഴുവനാക്കാനായില്ല ജോലി . അപ്പോഴേക്കും ഒരു മെസ്സേജ് വന്നെന്നു സുക്കറണ്ണൻ ഓർമ്മിപ്പിച്ചു.
അവളാണ് . അനാമിക .
'മാഷ് ഉണർന്നല്ലേ ? '
മാഷേ .. മാഷേ ............ മാഷേ ............. '
ഇതെന്തൊരു തൊന്തരവാ ..
അതിനുമുൻപ് അവൾ ഇന്നലെയിട്ട അവളുടെ കഥ.. ഇൻബോക്സിൽ ക്ലിക്കി.. കഥ വായിച്ചു. പുതുമയൊന്നുമില്ല . എങ്കിലും ചതിക്ക് ഒരു പുതിയ മാനമൊക്കെ വന്നിട്ടുണ്ട് . ഘോരഘോരം എഫ് ബി യിൽ ചതിക്കുഴികളെപ്പറ്റി ലേഖനങ്ങളെഴുതുന്ന ഏതോ ഒരു ഒലിപ്പന്റെ വലയിലാണവൾ വീണത് . വന്നു കണ്ടു കീഴടക്കി . വെനി വിഡി .. വിസി . ജൂലിയസ് സീസറെക്കുറിച്ചുള്ള ആ മൂന്നുവാക്കുകൾ ഓർമ്മവന്നു.
അവൻ അവന്റെ പാട്ടിനുപോയി.. ഐ ഡി ഡീആക്ടിവേറ്റ് ചെയ്തു . ഇപ്പൊ ചായ്ച്ചി .......... പോയ അണ്ണാനെ പോലെ മിഴുങ്ങസ്യാന്നും പറഞ്ഞിരിക്കുന്നു.
'മാഷ് എന്റെ കഥ വായിച്ചു അല്ലെ .. ?'
'ഒന്നും പറഞ്ഞില്ല .. '
'ഈ നട്ടപ്പാതിരയ്ക്ക് എനിക്ക് വട്ടാണെന്ന് തോന്നിക്കാണും അല്ലേ?'
ഇനിയൊരു മറുപടി കൊടുക്കാതെ തരമില്ല . കൊടുക്കാനിരുന്നാലോ . ഇന്നത്തെ രാത്രി പോയിക്കിട്ടും .
എന്തും വരട്ടെ .
'നോക്കൂ . ഇയാൾ ആരാണെന്നു എനിക്കറിയില്ല . പേരറിയില്ല . നാടറിയില്ല . പ്രായം .. സ്വഭാവം . ലുക്ക് .. ഒന്നും എനിക്കറിയില്ല . അങ്ങനൊരാളോട് കൂടുതൽ സംസാരിക്കാനുംമാത്രം ഞാൻ പഠിച്ചിട്ടുമില്ല . '
'ഇങ്ങനെയൊക്കെയല്ലേ മാഷെ അറിയുന്നത് .. '
'ഞാൻ കഥ വായിച്ചു. സ്ഥിരം പല്ലവികൾതന്നെ . എനിക്കിയാളെ ഉപദേശിച്ചു നേരേയാക്കണമെന്നൊന്നുമില്ല . ഇനിയൊട്ടു ഉപദേശിച്ചിട്ട് കാര്യവുമില്ല . കഴിവതും സ്വന്തം ഭർത്താവിന്റെ കാലുപിടിച്ച് ക്ഷമിക്കാൻ പറയുന്നതായിരിക്കും ഉചിതം . '
'അതിനി നടക്കില്ല മാഷേ ...............'
എന്തുകൊണ്ടില്ലെന്നു ചോദിച്ചില്ല . അതെന്റെ ലുക്ക് ആഫ്റ്റർ അല്ലല്ലോ ?
'പിന്നെ ഞാൻ ചിലതെല്ലാം എഴുതിക്കൊണ്ടിരിക്കുന്നു... പലതും ഇടയ്ക്കുവച്ചുനിറുത്തി. അതിനും കാരണമുണ്ട് . അതുകൊണ്ട് . തീർച്ചയായും സമയം കിട്ടുമ്പോൾ ഇയാളുടെ കഥയെപ്പറ്റി ആലോചിക്കാം . ഒരുപക്ഷെ അതൊരു പൈങ്കിളി ആയിപോകുമോയെന്നൊരു സന്ദേഹവും ഇല്ലാതില്ല . എങ്കിലും ഞാൻ ശ്രമിക്കാം . '
'അതുമതി മാഷേ . '
സംഭാഷണം അവിടംകൊണ്ട് അവസാനിക്കണം . ഇല്ലെങ്കിൽ ഇന്നത്തെ ജോലി സ്വാഹാ . !
പാതികുടിച്ച കട്ടൻ തണുത്തുറഞ്ഞങ്ങനെ ഇരിക്കുന്നു.
'അപ്പൊ ശരി മാഷേ ................... മാഷിന് ലൈവ് വീഡിയോ ഇഷ്ടമാണോ ?'
'എനിക്കൊന്നു മാഷിനെ കണ്ടാൽ കൊള്ളാമെന്നുണ്ട് .. പ്രൊഫൈൽ പിക്ചർ ഒക്കെ ഞാൻകണ്ടിട്ടുണ്ട്. എന്നാലും ലൈവ് ആയിട്ട് . '
ഞാൻ ഫേസ്ബുക്കിൽ നിന്നിറങ്ങി . ലോഗ് ഓഫ് ചെയ്യാറില്ല സാധാരണ . ഇന്നിനി ചെയ്താലോ എന്നൊരു ആലോചന വന്നതേയുള്ളു..
'മാഷെ ......................'
ഞാൻ സ്‌ക്രീനിലോട്ടു നോക്കി ......... നോട്ടിഫിക്കേഷൻ ഒന്നുമില്ലല്ലോ ? പെട്ടെന്നാണോർത്തത് ഇനി വീഡിയോ ചാറ്റിങ് ആണോ ? സ്വരമല്ലേ കേട്ടത് .
വീണ്ടും ഫേസ്ബുക് തുറന്നു.
'ഹ ഹ ഹ ഹ ഹ .....................'
ഇൻബോക്സ് ഇളകിയാടുന്നുണ്ട് . സ്‌ക്രീനിന്റെ ഒരുവശത്തിനിന്നും മറുവശത്തോട്ടോടുന്നു. കർസർ മുകളിൽനിന്നു താഴോട്ടു പൂമ്പാറ്റപോലെ പാറിക്കളിക്കുന്നു..
അനാമികയുടെ ചാറ്റ് ബോക്സിൽ സ്മൈലികൾ പലതരം വന്നുപോയ്ക്കൊണ്ടിരുന്നു.
ഫേസ്ബുക്കിന്റെ ഒരു കഷ്ണം ഇളകി തറയിൽവീണു .. ഞാനതെടുത്തുനോക്കി. എന്റെ ഫോട്ടോയുടെ ഒരു ഭാഗം നീല ടി ഷർട്ടിന്റെ ഒരുഭാഗവും കറുത്ത ഗ്ലാസ്സുവച്ച മുഖത്തിന്റെ ഒരുഭാഗവും . ബാക്കിയുള്ളത് സ്‌ക്രീനിൽത്തന്നെ ഇളകിയാടുന്നു.. പ്രൊഫൈൽ പിക്‌ചറിൽ തൊടാൻപറ്റിയിട്ടില്ല . അനശ്വരപ്രണയത്തിന്റെ പ്രതീകമായി പരസ്പരം ഗാഢാശ്ലേഷത്തിലമർന്നിരിക്കുന്ന സ്ത്രീയും പുരുഷനും . പിന്നിൽ അവർക്കൊരു തണലായി ഹൃദയവും . സത്യത്തിൽ എന്താണ് സംഭവിക്കുന്നത് ? സത്യമോ ? അതോ മിഥ്യയോ ?
ഞാൻ മൗസ് ഉപയോഗിച്ച് ക്ലിക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ടായിരുന്നു. മദ്യപിച്ചു മദോന്മത്തനായ ഒരു മദ്യപാനിയെപ്പോലെ മൗസ് റോഡിന്റെ രണ്ടുതലയ്ക്കലും കൂട്ടിമുട്ടി എങ്ങോട്ടെന്നില്ലാതെ കറങ്ങിനടക്കുന്നു. പിടിച്ചാലോട്ടു കിട്ടത്തുമില്ല .
പെട്ടെന്നാണ് മെസ്സഞ്ചർകാൾ വന്നത് . ഞെട്ടിപ്പോയി..
സ്‌ക്രീനിൽ അനാമിക എന്നെഴുതിക്കാണിക്കുന്നു .. അതും ഞെട്ടിക്കൊണ്ടിരിക്കുന്നു..
എന്റെ പിന്നിൽ വാതിലാണ് . അതിന്റെ കർട്ടൻ കാറ്റത്ത് ഇളകിയാടുന്നു..
വാതിലുകളെല്ലാം പൂട്ടിയിട്ടുണ്ടല്ലോ? ഫാൻ ഇട്ടിട്ടുമില്ല .. പിന്നെങ്ങനെ ഇത്രയും ശക്തിയായ കാറ്റ് ..
മുന്നിലുള്ള ജനലിന്റെ കർട്ടൻ ഒരു സൈഡിലോട്ടു മാറിയാണ് കിടന്നിരുന്നത് .
പുറത്ത് കുറ്റാക്കുറ്റിരുട്ടാണ് .
പെട്ടെന്ന് ജനൽ ഗ്ലാസ്സുകളിൽ ഒരു വെട്ടം തിളങ്ങിയോ ?
ഒരു നിഴൽ അതിലൂടെ പറ്റിപ്പിടിച്ചു കയറുന്നുണ്ടോ ?
ഉണ്ട് . രണ്ടുകൈകൾ.....
നിണമൊഴുകുന്നു..
പെട്ടന്നു മാഞ്ഞു
ഞാൻ കൈയെത്തി വാതിലിന്റെ കർട്ടനിൽ പിടിച്ചു..
... അതു മൊത്തത്തോടെ പറിഞ്ഞിങ്ങു പോന്നു.. ങേ? നല്ലതുപോലെ ഉറപ്പിച്ചിരുന്നതാണല്ലോ ? അത്രയ്ക്ക് ശക്തിയിൽ ഞാൻ വലിച്ചതുമില്ല .
പിന്നിലാരെങ്കിലും....
നീണ്ടുനിവർന്നുകിടക്കുന്ന ഹാൾ ആണ് . ഈ മുറിയിൽനിന്നുള്ള വെട്ടം എവിടേക്കും വ്യാപാരിക്കുന്നതുകൊണ്ട് കാഴ്ചയ്ക്കു കുറവൊന്നുമില്ല .
ഇല്ല .. അവിടെങ്ങുമാരുമില്ല .. മുന്നിൽ തയ്യൽമെഷീനും . വലതുവശത്ത് ദിവാൻകോട്ടും. ഇടതുവശത്ത് സോഫസെറ്റും .. ടീപ്പോയുമെല്ലാം വളരെ വ്യക്തമായി കാണുന്നുണ്ട്..
രാത്രിയിൽ കുത്തിയിരുന്നു പ്രേതകഥ എഴുതുന്നതുകൊണ്ട് തലയ്ക്കുപിടിച്ചതാകാം.. ഇന്നിനി എഴുത്തു നടക്കില്ല ..
കമ്പ്യൂട്ടർ ഷട്ട് ഡൌൺ ചെയ്യാം.. വീണ്ടുമല്പം കിടന്നുറങ്ങാം..
ഒരു സംശയം . കർട്ടൻ പറിഞ്ഞുപോന്നിട്ടും ശബ്ദമൊന്നും കേട്ടില്ലല്ലോ ?
'ഹ ഹ ഹ .................... മാഷ് പേടിച്ചോ ? '
മൗസിൽ കൈവച്ചപ്പോൾ മെസഞ്ചറിൽ അവളുടെ മെസ്സേജ് .
അവടെ അമ്മൂമ്മേടെ ................................ ഒലക്കേടെ മൂട് .. .
മൗസിൽ ക്ലിക്കി .
ഇപ്പോൾ എല്ലാം നേരെയായി ..
'ഇല്ല പേടിച്ചില്ല .. '
എഫ് ബി ഞാൻ ക്ലോസ് ചെയ്തിരുന്നല്ലോ ? പെട്ടെന്നാണോർമ്മവന്നത് .
സ്‌ക്രീനിൽ സൂക്ഷിച്ചുനോക്കി.. കുറെയധികം എഫ് ബി ഓപ്പൺ ആക്കിയിട്ടിരിക്കുന്നു. കോപ്പ് മൗസ് വൈബ്രേറ്റ് ചെയ്തോണ്ടിരുന്നപ്പോൾ ക്ലിക്കി കാണും. അതാ ..
'എന്നാൽ നമുക്കല്പം പേടിച്ചാലോ .. ? '
'നോക്കാം........ '
ഇതുവരെ പേടിതോന്നിയില്ല . രാത്രി പന്ത്രണ്ടിനും ഒന്നിനുമൊക്കെ കുത്തിയിരുന്ന് പ്രേതം എഴുതിയിട്ടുണ്ട് . പല പേടിപ്പിക്കുന്ന രംഗങ്ങളും എഴുതേണ്ടി വന്നിട്ടുമുണ്ട് . അപ്പോളൊന്നുമില്ലാത്ത പേടി.. ഇല്ല എനിക്ക് പേടിയില്ല .
'ഹീ ഹീ ഹീ.............................യ് ബു ഹ ഹ ഹ '
സത്യത്തിൽ ഞെട്ടിപ്പോയി .
അവൾ സ്‌ക്രീനിൽ ......................
ഭീകരമായിരുന്നു ആ മുഖം.. നീട്ടിയ നാക്കിൽനിന്നു ചോരയൊഴുകി കീബോർഡിലൊക്കെ വീഴുന്നു.. രണ്ടുകൂർത്തുമൂർത്ത പല്ലുകൾ ഇറങ്ങിവരുന്നുണ്ട് . കണ്ണുകളിൽ ചോര പടർന്നൊഴുകുന്നു..
ഭും...............
അതേപോലെ അവൾ തിരികെപ്പോയി .
കമ്പ്യൂട്ടർ പണിനിറുത്തി .
ബ്ലാക്ക് സ്ക്രീൻ മാത്രം .
'ഇപ്പൊ പേടിച്ചോ .. .. '
എന്റെ പിന്നിൽനിന്നാണ് ... കഴുത്തിലൊരു തണുപ്പ് .. ഒരു കരസ്പർശം ..........
പേടിച്ചു.. സത്യമായിട്ടും പേടിച്ചു.
കളിയല്ല . കാര്യമാണെന്നു മനസ്സിലാക്കിയ നിമിഷം പേടിച്ചു.
'ആഹ് .................... അമ്മേ .......'
'പേടിച്ചു.. പേടിച്ചു.. മാഷ് പേടിച്ചു. .. '
പെട്ടെന്ന് കമ്പ്യൂട്ടർ ഓണായി .. എല്ലാം ഞൊടിയിടയ്ക്കുള്ളിൽ...........
മൗസ് തനിയെ ഓരോന്നും ചെയ്തുകൊണ്ടിരുന്നു..
എഫ് ബി ...........
ക്ലിക്ക്ഡ് .............
സ്ക്രീൻ തെളിഞ്ഞുവന്നു..
നോട്ടിഫിക്കേഷൻസ് 42 എന്നുകാണിച്ചു. ങേ ? ഞൊടിയിടയ്ക്കുള്ളിൽ നാല്പത്തിരണ്ടു നോട്ടിഫിക്കേഷൻ .. അതെങ്ങനെ . സമയം നോക്കി . നാലാകുന്നു.. ഈ പാതിരായ്ക്ക് ആരാണാവോ ?
നോട്ടിഫിക്കേഷൻ ഐക്കണിൽ ക്ലിക്കി..
ഓ മൈ ഗോഡ് ............. പ്രേതം ഒന്നാം അധ്യായം മുതൽ നാല്പത്തിരണ്ടുവരെ ഒരൊറ്റ നിമിഷം കൊണ്ട് ലൈക് ചെയ്തിരിക്കുന്നു.. അനാമിക ............
പിന്നെ കമെന്റുകളുടെ പ്രവാഹം ................ നിമിഷനേരത്തിനുള്ളിൽ നാല്പത്തിരണ്ടു കമന്റ് .
മെസ്സഞ്ചർ ഓൺ ...............
'മതി .. ഞാൻ എല്ലാം വീണ്ടും നോക്കി.. ലൈക് ചെയ്തു . കമന്റ് ചെയ്തു.. '
'ഓക്കേ............'
'ഇനിയും കാണാം ..............കാണണം..'
'നിര്ബന്ധമില്ല ...............'
'എനിക്കുണ്ടല്ലോ ..........'
'എന്റെ കഥ മാഷിന്റെ വരികളിലൂടെ വെളിച്ചം കാണുന്നതുവരെ ...............'
'ഉം................'
'ഒരു സത്യം പറയട്ടെ.................'
'ഉം..............'
'എന്റെ എഫ് ബി ലൈവ് ആണ് ................നോക്ക്... ഞാൻ തൂങ്ങിയാടുന്നത് കാണണമെങ്കിൽ............. '
ഞാൻ ലൈവിൽ ക്ലിക്കി..
പാതി ഇരുട്ടിലും .. പാതി വെളിച്ചത്തിലും ഒരു നിഴലുപോലെ എന്തോ തൂങ്ങിയാടുന്നു..
ശുഭം ............... അനാമിക .
സ്‌ക്രീനിൽ എഴുതിവന്നു.
വീഡിയോ കട്ട് ആയി ....................
ഇപ്പോൾ എന്നെ വിയർക്കുന്നുണ്ടായിരുന്നു.
0 Comments:
രചനകൾക്ക് അനുസൃതമായ കമന്റുകൾ മാത്രം