ജാം ഓ'റേഞ്ച് | നർമ്മകഥകൾ | ചെറുകഥകൾ | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam
ജാം ഓ'റേഞ്ച് | നർമ്മകഥകൾ | ചെറുകഥകൾ | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam
അതിരാവിലെ എഴുന്നേറ്റ്
തോട്ടത്തിൽ എത്തി. നാല് ചുവട് ചേമ്പ് നടണം, ഒത്താൽ ഒരു ചേനയും, കുറച്ച്
ചെറുകിഴങ്ങും നടണം. കാച്ചിലിന് ഞർങ്ങണപിർങ്ങണ കയറാൻ കോലുകുത്തണം. കപ്പ നല്ല
ഉഷാറായി വളരുന്നുണ്ട്. എലിയുടെ ഷെയർ കൊടുത്താലും ബാക്കി കിട്ടും. അങ്ങനെ പലവിധ
സുന്ദരമോഹന സ്വപ്നങ്ങളുമായി തൂമ്പാ എടുത്തുയർത്തി
ഭാര്യയെ ധ്യാനിച്ചു. കൊത്തിന്
ആയംകിട്ടാനാണ്.
"മൂധേവിയേ--"
എന്ന് ആദ്യകൊത്ത് കൊത്തിയതും മൊബൈലിൽനിന്ന് ഒരു കിണികിണി ശബ്ദം.
തലേന്ന് എഫ്ബിയിൽ കുഴിച്ചിട്ടകഥയിൽ ആരെങ്കിലും കൊത്തിയതാകാം. അതെങ്ങാനും
വൈറലായാൽ പിന്നെയീ ചേമ്പുകൃഷി വേണ്ടിവരില്ല, വല്ല സിനിമക്കാരും കൊത്തിക്കൊണ്ട്
പോകും. അത് എന്തായെന്ന് അറിഞ്ഞിട്ടുമതി ഇനി ചേമ്പ് കൃഷി!
എഫ്ബി തുറന്നതും ഞെട്ടിപ്പോയി, ദാണ്ടേ കിടക്കണ്
ഒരു ഗുഡ് മോണിംഗ്! ഒരു ബഹ്റൈൻ കാരി നഴ്സാണ്! ഇന്നത്തെ കാര്യം തീർന്ന്. നൂറുവട്ടം അവളോട് പറഞ്ഞിട്ടുളളതാണ്, ദൈവത്തെ ഓർത്ത്
നീ ഗുഡ് മോണിംഗ് ഇടരുത്, വേണേൽ രണ്ട് ഉമ്മയോ ലൗ ചിഹ്നമോ ഇട്. അത് അവൾ ചെയ്യില്ല. അവളുടെ
മുടിഞ്ഞ ഗുഡ് മോണിംഗ് കേട്ടാലോ അന്നത്തെ ദിവസം വഴീക്കെടക്കണ വളളി പാമ്പായി
ചുറ്റും. ഇനി ഇന്ന് ചേമ്പ് നട്ടാൽ കുരുക്കൂല, ഒരു പ്രണയകവിത എഴുതി അവൾക്ക്
അയയ്ക്കാമെന്ന് കരുതി. പകരത്തിന് പകരം.
"കപ്പ
കരളുംപോൽ കരളുകരളും കരളേ--" എന്ന് തുടങ്ങിയാലോ? വേണ്ട. "വെട്ടുക്കിളിപോൽ
പാറിവരുന്നൊരു മാലാഖേ--" എന്നായാലോ? ഏയ് അതൊക്കെ പൈങ്കിളിയാണ്. സോളമന്റെ
ഉത്തമഗീതങ്ങൾക്കാണ് ഇപ്പോൾ ഡിമാൻഡ്.
"എന്റെ
പ്രിയേ നീ വരിക, നമുക്ക് കപ്പത്തോട്ടങ്ങളിൽ പോയി രാപ്പാർക്കാം. കപ്പയും എലിയും
ചുട്ടതുകൂട്ടി വാറ്റടിക്കാം. അവിടെവച്ച് ഞാൻ എന്റെ പ്രേമം നിനക്ക് തരും" എന്ന് ഒരു മെസ്സേജ് എഴുതി സെന്റ് ബട്ടണിൽ
ഞെക്കി. സെന്റാകുന്നില്ല. ഒന്നുകൂടി ഞെക്കി. വീണ്ടും വീണ്ടും ഞെക്കി.
സെന്റാകുന്നില്ല. അപ്പോഴാണ് ശ്രദ്ധിച്ചത് റെയ്ഞ്ച് ഇല്ല.
മൊബൈൽ പൊക്കിപ്പിടിച്ചു നോക്കി, പലസ്ഥലത്തും
മാറിനിന്ന് ശ്രമിച്ചു. നോ നെറ്റ് വർക്ക് കവറേജ്! മൊബൈൽ ഓഫാക്കി ഓണാക്കി, സിം ഊരി വീണ്ടും
ഇട്ടു, നോ
രക്ഷ! ഇന്നിനി ഒന്നും നടക്കില്ല. ഒരു ഗുഡ് മോണിംഗിന് ഇത്ര ശക്തിയോ! ഇന്നേതായാലും
ബൈക്ക് ഉപയോഗിക്കണ്ട, തലകുത്തി വീഴും. ബൈക്ക് തോട്ടത്തിൽ ഇരിക്കട്ടെ നാളെ വന്ന് എടുക്കാം
എന്ന് കരുതി നടന്നു.
ദേ അടുത്ത വീട്ടിലെ പയ്യൻ തെങ്ങിൽ വലിഞ്ഞു
കയറുന്നു. കയ്യിൽ മൊബൈൽ ഉണ്ട്. വീണുകിടക്കുന്ന തേങ്ങ എടുക്കാൻ
കൂട്ടാക്കാത്തവനാണ്!.
ഒരു വീടിന്റെ ടെറസ്സിൽ നിന്ന് ഒരു ചേച്ചി
മൊബൈലും പിടിച്ചു തുള്ളുന്നു, മറുകയ്യിലിരിക്കുന്ന മീൻ അവർക്കൊപ്പം തുള്ളുന്നു, താഴെയൊരു പൂച്ച
പ്രതീക്ഷയോടെ ക്ഷമയോടെ കാത്തിരിക്കുന്നു.
ഒരിക്കലും വീടിന് വെളിയിൽ കാണാത്ത
പെണ്ണുങ്ങളൊക്കെ ഇപ്പോൾ വീടിന്റെ മണ്ടയിൽ കയറി നില്ക്കുന്നു! കൊളളാലോ കണി!
പുകകൊണ്ട എലികളെപ്പോലെ സർവ്വരും വീടിന്
വെളിയിൽ ചാടിയിരിക്കുന്നു.
ചേട്ടാ, ചേച്ചി, മോനേ, വല്ല്യപ്പാ
അവിടെ റേഞ്ചുണ്ടോ എന്ന് ചോദിക്കുന്നവരാണ് എങ്ങും. കുട്ടികൾ വൈഫി ഉളള വീടുകൾതേടി
ഓടുന്നു. ഇല്ലെന്നറിഞ്ഞ്, കയ്യിലിരിക്കുന്ന മൊബൈൽ ഞെരിക്കുന്നു, എറിഞ്ഞ് ഉടയ്ക്കുന്നതായി ആംഗ്യം
കാണിക്കുന്നു.
പലസ്ഥലത്തും ആളുകൾ കൂട്ടംകൂടി നില്പുണ്ട്.
കൊറോണയും മാസ്കുമൊന്നും ആർക്കും
പ്രശ്നമല്ല, നെറ്റ് വർക്ക് കിട്ടുന്നില്ല അതാണ് പ്രശ്നം. വാർത്തയിൽ എന്തെങ്കിലും
അറിയാമെന്ന് കരുതിയാൽ ചാനലുകൾ ഒന്നും കിട്ടുന്നില്ല. റേഡിയോ പ്രക്ഷേപണം
നിലച്ചിരിക്കുന്നു.
ആദ്യം നിസ്സാരം എന്നാണ് എല്ലാവരും കരുതിയത്, ഒരു താല്ക്കാലിക പ്രതിഭാസം. സമയം പോകെ
ആളുകൾ പരിഭ്രാന്തരാകാൻ തുടങ്ങി. ചെറുപ്പക്കാർ റേഞ്ച് തിരക്കി വാഹനങ്ങളിൽ നാലുപാടും
പാഞ്ഞു. ഇലക്ഷൻ പ്രചരണത്തിന് ഇറങ്ങി പുറപ്പെട്ടവർ സ്ഥാനാർത്ഥിയുടെ കള്ളും കുടിച്ച്
റേഞ്ച് പിടിക്കാൻ പോയതോടെ സ്ഥാനാർഥികൾ വിദ്വേഷം മറന്ന് കെട്ടിപ്പിടിച്ച്
കരഞ്ഞു. ആർക്കും ഒരു ഐഡിയയും ഇല്ല.
അഭ്യൂഹങ്ങളും കരക്കമ്പികളും പരക്കാൻ തുടങ്ങി.
യുദ്ധം ആരംഭിച്ചതായും ലോകാവസാനം വരുന്നതായും ചിലർ കണ്ടെത്തി. തെളിവുകൾക്കായി ബൈബിളും
ഖുറാനും ഭഗവത് ഗീതയും തിരയാൻ തുടങ്ങി. പത്തിൽ നാലുവട്ടം തോറ്റവർപോലും ശാസ്ത്രം
വ്യാഖ്യാനിക്കാൻ ആരംഭിച്ചു. സ്ത്രീകളാകട്ടെ, മൊബൈൽ വന്നതോടെ അന്യധീനപ്പെട്ട മുഖാമുഖ
പരദൂഷണകല, ജന്മസിദ്ധമായ കഴിവുകളോടെ പൊടിതട്ടിയെടുത്ത് അയൽക്കൂട്ടങ്ങൾ കൂടി.
കുടുംബശ്രീകൾ അടിയന്തരമായി വിളിച്ചുചേർക്കപ്പെട്ടു.
ഈ ബഹളമൊക്കെ കണ്ടിട്ടും എനിക്ക് ചിരിയാണ്
വന്നത്. എന്നാലും ഒരു ഗുഡ് മോണിംഗിന് ഇത്രയൊക്കെ? ഇനി അവളെങ്ങാനും കമ്മ്യൂണിക്കേഷൻ
മിനിസ്റ്റർക്ക് ഗുഡ് മോണിംഗ് അയച്ചോ?
കമ്മ്യൂണിക്കേഷന്റെ കാര്യം ഓർത്തപ്പോഴാണ്
പണ്ട് കുറേക്കാലം'റേഡിയോ റെഗുലേഷൻ ആന്റ് ട്രാഫിക് പ്രൊസീഡിയർ' പഠിച്ചത്
ഓർമ്മവന്നത്. അന്ന് AM റേഡിയോയിൽ കേൾക്കുന്ന മോർസ് കോഡ് എഴുതി പരിശീലിച്ചിട്ടുണ്ട്. മോർസ്
കോഡ് ട്രാൻസ്മിഷന് സാറ്റലൈറ്റിന്റെ ആവശ്യമില്ല, നെറ്റ് വർക്കുകളുടേയും ആവശ്യമില്ല.
ആപ്ലിറ്റ്യൂഡ് മോഡുലേഷൻ തടസ്സപ്പെടാൻ ഫ്രീക്വൻസി മോഡുലേഷന്റെ അത്രയും സാധ്യത ഇല്ല.
ഉടൻതന്നെ അടുത്ത കടയിൽനിന്ന് നാല് ബാറ്ററി വാങ്ങി. വീട്ടിൽ ഒരു AM റേഡിയോ
പൊടിപിടിച്ച് കിടപ്പുണ്ട്.
വീട്ടിൽ എത്തി റേഡിയോ പൊടിതട്ടി എടുത്തു.
ബാറ്ററി ഇട്ടു, വർക്ക് ചെയ്യുന്നുണ്ട്. ട്യൂൺ ചെയ്തു നോക്കി. ദ വരുന്നു മോർസ് കോഡ്, … --- ... - … .. - …
.. -...
SOS This is------- അങ്ങനെ മെസേജ് തുടർന്നുകൊണ്ടിരുന്നത് ഒരു പേപ്പറിലേക്ക്
എഴുതിയെടുത്തു.
സംഭവം ഏകദേശം ഇങ്ങനെ ആയിരുന്നു.
"ഭൂമിയിലെ റേഡിയോ സിഗ്നലുകൾ എല്ലാം മൂന്ന് മിനിറ്റ് നേരത്തേക്ക്
ജാമായിരുന്നു. അതോടെ കമ്മ്യൂണിക്കേഷൻ സിസ്റ്റം ആകെ തകരാറിലായി. ലോകത്തിന്റെ പലഭാഗങ്ങളിലും വൻ ദുരന്തങ്ങൾ
ഉണ്ടായിട്ടുണ്ട്. കമ്മ്യൂണിക്കേഷൻ പുനഃസ്ഥാപിച്ചു വരുകയാണ്. എമർജൻസി
കമ്മ്യൂണിക്കേഷനാണ് ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നത്. ഇരുപത്തിനാല് മണിക്കൂറിനകം
കമ്മ്യൂണിക്കേഷൻ പൂർണമായും പുനഃസ്ഥാപിക്കും. ജനങ്ങൾ പരിഭ്രാന്തരാകരുത്. സിഗ്നൽ
ജാമിംഗിന്റെ കാരണം വ്യക്തമായിട്ടില്ല. ശനിയിൽനിന്ന് വന്നു എന്ന് കരുതപ്പെടുന്ന ഒരു
'ഗുഡ്
മോണിംഗ്' മെസേജോടെ സിഗ്നലുകൾ കട്ടാകുകയായിരുന്നു. ഭയമല്ല ജാഗ്രതയാണ് വേണ്ടത്."
അപ്പോൾ അതുതന്നെ കാര്യം, ആ
ശനിപിടിച്ചവളുടെ മെസേജ്! ഞാൻ ഒന്നും കൂട്ടാക്കാൻ പോയില്ല, രണ്ട് ലാർജ്ജ്
കൂടുതൽ അടിച്ചു, നാല് സിഗററ്റ് അധികം വലിച്ചു. അന്നങ്ങനെ പോയി.
പിറ്റേന്ന് നേരം പരപരാ വെളുത്തുവെളുത്തില്ല
എന്നായപ്പോൾ ടിവി വച്ചുനോക്കി. ചാനലുകൾ ഒക്കെ തിരിച്ചു വന്നിരിക്കുന്നു. വാർത്തകൾ
കേട്ട് ഞെട്ടിപ്പൊട്ടി കസേരയിൽ ഇരുന്നു.
ഒരുദിവസം ചാനൽ ചർച്ചകൾ മുടങ്ങിയതോടെ പതിനാറ്
അവതാരകരും നൂറ്റിപ്പതിനെട്ട് ചർച്ചാത്തൊഴിലാളികളുമാണ് കേരളത്തിന് മാത്രം
നഷ്ടമായത്. ചിലർ ഹൃദയം പൊട്ടി ചത്തു, മറ്റ് ചിലർ ആത്മഹത്യ ചെയ്തു! പുതിയ
അവതാരമാണ് വാർത്തകൾ കാച്ചുന്നത്.
ലോകത്താകെ ആയിരത്തിമുന്നൂറ്റിപ്പതിനാറ്
വിമാനങ്ങൾ തകർന്നുവീണു. സിഗ്നൽ തെറ്റി അപകടത്തിൽ പെട്ട ട്രെയിനുകൾ എഴുന്നൂറ്റി
ഇരപത്തെട്ട്. റോഡപകടങ്ങളുടെ കണക്ക് എടുത്തുവരുന്നു. തീപിടിത്തങ്ങൾ പലതും
അണച്ചുകഴിഞ്ഞിട്ടില്ല. ദശലക്ഷക്കണക്കിന് ആളുകൾ, കമ്മ്യൂണിക്കേഷൻ എറർ കൊണ്ടുണ്ടായ
അപകടങ്ങളിൽ കൊല്ലപ്പെട്ടു എന്ന് കരുതുന്നു.
ഷെയർ മാർക്കറ്റുകൾ തകർന്നടിഞ്ഞു.
കുത്തുപാളയെടുത്ത ബാങ്കുകളും വൻകിട കമ്പനികളും രാജ്യങ്ങൾക്ക് ഒരു ബാധ്യത ആകും.
പ്രസ്താവന തൊണ്ടയിൽ കുരുങ്ങി മരിച്ച
ലോകപ്രശസ്തരായ നേതാക്കളുടെ എണ്ണം മൂവായിരത്തിലേറെയാണ്. അതിൽ പകുതിയും ഇന്ത്യയിൽ
നിന്നാണ് എന്നത് ആശ്വാസം നൽകുന്ന വാർത്തയാണ്.
നെറ്റ് കിട്ടാതെ ആത്മഹത്യ ചെയ്തവർ, തമ്മിലടിച്ചു
ചത്തവർ, മരത്തിൽ
നിന്നും കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരിച്ചവർ തുടങ്ങിയവരുടെ എണ്ണം
കണക്കാക്കിയെടുക്കാൻ മാസങ്ങൾ വേണ്ടിവരും.
മിക്ക വീടുകളിലും ഗൃഹോപകരണങ്ങൾ തകർന്ന
നിലയിലാണ്.. തലപൊട്ടിയ ഗൃഹനാഥന്മാരെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞിരിക്കുന്നു.
മാനസിക നില തെറ്റിയവരെക്കൊണ്ട് തെരുവുകൾ
നിറഞ്ഞുകഴിഞ്ഞു. ചികിത്സിക്കേണ്ട സൈക്കോളജിസ്റ്റുകളും സൈക്യാട്രിസ്റ്റുകളും
മുടിവലിച്ചുപറിച്ച് ഒറ്റ ദിവസം കൊണ്ട് മൊട്ടത്തലയന്മാരും മൊട്ടത്തലച്ചികളും
ആയതിനാൽ മുറികളിൽ അടച്ചിരിപ്പാണ്.
റേഡിയോ സിഗ്നലുകൾ ജാമായതിന്റെ യഥാർത്ഥ കാരണം
ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഏതെങ്കിലും ഉത്കയുടേയോ ഗ്രഹത്തിന്റേയോ കാന്തികവലയം
ആകാം കാരണം എന്നും അന്യഗ്രഹജീവികളാണ് കാരണമെന്നും അഭ്യൂഹം ഉണ്ട്. റേഡിയോ വേവ്സ്
കട്ടാകുന്നതിന് തൊട്ടു മുൻപ് നാസയിൽ എത്തിയ 'ഗുഡ് മോണിംഗ്' മെസേജിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
ഓപ്പറേഷൻ ''ജാം ഓ'റേഞ്ച്" എന്നാണ് അന്വേഷണങ്ങൾക്ക് നാമകരണം ചെയ്തിട്ടുള്ളത്.
വാർത്തകൾ ഓഫാക്കി. സത്യാവസ്ഥ അറിയാവുന്ന
ലോകത്തെ ഒരേയൊരാൾ ഞാനാണല്ലോ! അതിന്റെ അഹന്തയൊന്നും നമുക്കില്ല.
ഞാൻ എഫ്ബി തുറന്നു നോക്കി. പ്രൊഫൈലുകളുടെ ഒരു
ശവപ്പറമ്പാണ് എനിക്ക് കാണാൻ കഴിഞ്ഞത്. മൂന്നിൽ രണ്ട് പ്രൊഫൈലുകളും മരിച്ചു
പോയിരിക്കുന്നു! എന്റെ ബഹ്റൈൻകാരി നഴ്സിന് ഒരു കുഴപ്പവുമില്ല. ദാണ്ടേ
ചിരിച്ചുകൊണ്ട് ഇരിക്കുന്ന പുതിയ പടം ഇട്ടിരിക്കുന്നു, ഒരു
അടിക്കുറിപ്പും, "ഇതുകണ്ടിട്ടാടേണ്ട കണ്ണൻ ചേമ്പേ, ഇതിനൊരു കാമുകൻ വേറെയുണ്ട്"
രചന:ജെയിംസ് ജോസഫ്
മറുപടിഇല്ലാതാക്കൂഹഹഹ അടിപൊളി.. ചിരിച്ചു ചിരിച്ചു ഒരു പരുവമായി 😂😂😂😂