Headlines
Loading...
അനാമിക എഗൈൻ  | ഹൊറർ കഥകൾ  | ചെറുകഥകൾ | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam

അനാമിക എഗൈൻ | ഹൊറർ കഥകൾ | ചെറുകഥകൾ | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam

അനാമിക എഗൈൻ  | ഹൊറർ കഥകൾ  | ചെറുകഥകൾ | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam



അനാമിക എഗൈൻ   |  ഹൊറർ കഥകൾ   |  ചെറുകഥകൾ  | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam

പുഴയ്ക്കു സമാന്തരമായി എന്റെ കാർ ഓടിക്കൊണ്ടിരിക്കുകയാണ്.. ഇരുവശങ്ങളിലും നിറഞ്ഞ വനഭംഗി. വിന്ഡോ തുറന്നിട്ടിരിക്കുന്നതിനാൽ നല്ല കുളിരുള്ള കാറ്റ് തഴുകിത്തലോടുന്നു.. ഈണത്തിലൊരു പാട്ടു മൂളാൻ തോന്നുന്നുണ്ട്..

'ഇളംമഞ്ഞിൻ കുളിരുമായൊരു കുയിൽ ..

ഇടംനെഞ്ചിൽ കൂടുകൂട്ടുന്ന സുഖം.. '

തൊട്ടടുത്തുകൂടെ ഒഴുകുന്ന പുഴയിലെ വെള്ളത്തിൽ തൊടാമെന്ന പരുവം. സ്റ്റീയറിങ് വീലിൽനിന്നു വലതുകൈയെടുത്ത് വെള്ളത്തിലിട്ടു. ഹോ.. ! എന്താ തണുപ്പ്.. ഐസുപോലെ തണുത്ത വെള്ളം. പെട്ടെന്ന് കൈ വലിച്ചു. പുഴയുടെ അങ്ങേക്കരയിൽ തുമ്പിക്കൈയുയർത്തി ചിന്നംവിളിച്ചുകൊണ്ടുനിൽക്കുന്ന ഒരു കാട്ടാന. പേടിച്ചുപോയി ! എന്തോ, കാറിന്റെ ഹോൺ മുഴങ്ങിയപ്പോൾ, അത് തുമ്പിക്കൈ താഴ്ത്തി പതിയെ തിരിഞ്ഞുനടന്നു. മുന്നിലെ ഗ്ലാസിൽ മഞ്ഞു പറന്നുപിടിച്ചിരിക്കുന്നു. വൈപ്പർ ഓൺ ചെയ്തു. അർദ്ധവൃത്താകിതിയിലുള്ള പാട് ഗ്ലാസിൽ വീണപ്പോൾ അതിൽക്കൂടെ നോക്കാൻ നല്ല സുഖം. വളഞ്ഞുപുളഞ്ഞു കിടക്കുന്ന റോഡിന്റെ ദൃശ്യം മനസ്സിനു സന്തോഷം പകർന്നു. എന്തുകൊണ്ടോ, ഹൈറേഞ്ചിലെ വളഞ്ഞുപുളഞ്ഞ റോഡിലൂടെ വണ്ടിയോടിക്കാനാണ് കൊതി. അതും നല്ല സ്പീഡിൽ.. ഇടയ്ക്ക് കയറ്റം കയറിവരുന്ന പാണ്ടിലോറികൾ, വളവിനുമുന്നിൽ പ്രത്യക്ഷപ്പെടുമ്പോൾ ഒരു ഞടുക്കമുണ്ടാകാറുണ്ടെങ്കിലും.. അതൊരു സുഖമാണ്.. ഡ്രൈവിങ്ങിന്റെ സൗകുമാര്യമറിയണമെങ്കിൽ അത്തരം റോഡിലൂടെത്തന്നെ വണ്ടിയോടിക്കണം.

മുന്നിൽ ഒരുപറ്റം ആട്ടിൻകുട്ടികൾ. പെട്ടെന്നെവിടെനിന്നു കയറിവന്നെന്നു മനസ്സിലായില്ല,. ഞെട്ടിപ്പോയി ! ബ്രേക്കിൽ ഒരു സെക്കന്റിന്റെ അറുപത്തിലൊരംശത്തിലാണ് കാലമർന്നത്. ടയറുകൾ തേയുന്നശബ്ദം. നീട്ടി ഹോണടിച്ചിട്ടും അവറ്റകൾക്കു മുന്നിൽനിന്നു മാറാനുള്ള ഭാവമൊന്നുമില്ല. നല്ല അരുമയായ കുട്ടികൾ. ഒന്നിറങ്ങി ഒരെണ്ണത്തിനെ പൊക്കിയെടുത്താലോ? വിജനമായ വീഥിയാണ്. ഒരുപക്ഷേ, ആട്ടിടയൻ കൂടെക്കാണും.. കാറുനിറുത്തി ഒരെണ്ണത്തിനെ എടുക്കുന്നതുകണ്ടാൽ അവൻ തെറ്റിദ്ധരിച്ചാലോ? വേണ്ടാ ..

വണ്ടി, പതിയെ മുന്നോട്ടെടുത്തു. പെട്ടെന്നാണതുകണ്ടത്.. മുന്നിലൊരു രൂപം. ഒരു കറുത്തഗൗൺപോലെയെന്തോ ആണിട്ടിരിക്കുന്നത്. വീണ്ടും ബ്രേക്കിൽ കാലമർത്തുമ്പോൾ ക്ഷമകെട്ടിരുന്നു.

'നാശം.. ഇവനൊക്കെ ചെവിയും കേൾക്കില്ലേ..?'

വീണ്ടും വീണ്ടും ഹോണടിച്ചു. പിന്തിരിഞ്ഞു മുന്നോട്ടുനടക്കുന്ന അയാളുടെ വലതുകൈകൊണ്ട് സൈഡിലൂടെപ്പോകാൻ ആംഗ്യം കാണിച്ചു. ഒരുവിധത്തിൽ ആടുകളെ വെട്ടിച്ച് സൈഡിലൂടെ വണ്ടിയെടുത്തപ്പോൾ............

വണ്ടി താഴേക്ക് ഒഴുകിയിറങ്ങുന്നതുമാത്രമേ ഓർമ്മയുള്ളൂ.. പുഴയിലേക്ക് തെന്നിനീങ്ങിയ കാറില്നിന്നിറങ്ങാൻ ഒരു മാർഗ്ഗവുമില്ലേ. സീറ്റ് ബെൽറ്റ് അഴിക്കാൻ നോക്കി. അതെവിടെയോ ഉടക്കിക്കിടക്കുന്നു. ദൈവമേ ! .. വെള്ളം കാറിനുള്ളിലോട്ടു കയറുന്നു. മുകളിലോട്ടൊന്നു പാളിനോക്കിയപ്പോൾ അയാൾ ഇതൊക്കെനോക്കി രസിച്ചുനിൽക്കുന്നതുപോലെ തോന്നി. ആ കണ്ണുകൾ ജ്വലിക്കുന്നുണ്ടായിരുന്നു.. വെള്ളം കഴുത്തറ്റമായി.. ഇനിയും കാത്തിരുന്നാൽ മരണം ഉറപ്പാണ്. സർവ്വശക്തിയുമെടുത്ത് ബെൽറ്റ് വലിച്ചൂരി, കാറിന്റെ ഡോർ തുറന്നു..

'അമ്മേ..............'

ഒരുനിമിഷം നെഞ്ചത്ത് ആരോ ഒരു കല്ലുകയറ്റിവച്ചതുപോലെ.

'എന്താ ഏട്ടാ .. '

കണ്ണുകൾ വലിച്ചുതുറന്നു. മുന്നിൽ ഭയപ്പെട്ടുനിൽക്കുന്ന രതി.

'എന്താ . എന്തുപറ്റി.. ?'

സ്ഥലകാലബോധം തിരികെവരാൻ കുറച്ചുനിമിഷങ്ങൾ വേണ്ടിവന്നു. അതിനുമുന്നെ അവളെ ചേർത്തുപിടിച്ച് ആ നെഞ്ചിൽ മുഖംപൂഴ്ത്തിയിരുന്നു. എന്തോകണ്ടു പേടിച്ച കൊച്ചുകുട്ടിയെപ്പോലെ. ശ്വാസഗതി നേരെയായിരുന്നില്ല.

'എന്താണെന്ന് പറ .. എന്തെങ്കിലും ദുഃസ്വപ്നം കണ്ടോ.. ?'

അതേയെന്നു തലയാട്ടി.

'അതെങ്ങനാ ലോകപ്രശസ്തപ്രേതനോവലിസ്റ്റാണെന്നല്ലേ വിചാരം ? എന്റെ ഏട്ടാ .. കിടക്കുമ്പോഴെങ്കിലും അയ്യപ്പനെ മനസ്സിൽധ്യാനിച്ചുകൊണ്ട് കിടക്കണം. അല്ലാതെ കണ്ട യക്ഷിയും പിശാചും മറുതയുമൊക്കെയാണ് മനസ്സിലെങ്കിൽ ഇതല്ല ഇതിനുമപ്പുറം കാണും.. '

ഒന്നും പറയാനുണ്ടായിരുന്നില്ല. ഇന്നലെ കിടന്നപ്പോൾ വെളുപ്പിന് എഴുതാനുള്ള നോവലിലെ മൂക്കുവളഞ്ഞ, നീണ്ടുനിവർന്ന, കണ്ണുകളിൽ രക്തം തളംകെട്ടിനിൽക്കുന്ന ഡ്രാക്കുളയെക്കുറിച്ചായിരുന്നു ചിന്തിച്ചത്. അയാൾക്കെങ്ങനെ അല്പംകൂടെ ക്രൗര്യം കൊടുക്കാമെന്നു ചിന്തിച്ചുചിന്തിച്ചാണുറങ്ങിപ്പോയത്.

ക്ളോക്കിലേക്കു നോക്കി.

സമയം രണ്ടുമണി.

'നീ കിടന്നോ.. എനിക്ക് എഴുതാനുണ്ട്.. '

'വേണ്ടാ .. '

'അല്ല .. നീ ഉറങ്ങിക്കോ.. എനിക്ക് പേടിയില്ല.. '

'എന്റെ പ്രേതനോവലിസ്റ്റ് സ്വപ്നംകണ്ട് കിടുങ്ങിപ്പോകാറുണ്ടെന്നുമാത്രം. '

അവളുടെ മുഖത്ത് ഒരു പരിഹാസം മൊട്ടിട്ടിരുന്നു. ഈ എഴുത്തുകാരുടെ ഭാര്യമാരൊക്കെ ഇങ്ങനെയാണോ ആവോ? ആ .. അറിയില്ല. എല്ലാവരും ഇന്റർവ്യൂവിലൊക്കെ എന്റെ ഭാര്യയാണ് എന്റെ പ്രേരണ, അവള് കട്ടന്കാപ്പിയൊക്കെ അനത്തി എനിക്ക് കൂട്ടിരിക്കാറുണ്ടായിരുന്നു എന്നൊക്കെ തട്ടിവിടാറുണ്ട്... ഒരുപക്ഷേ, ഒരു ഗുമ്മു കിട്ടിക്കോട്ടെയെന്നു കരുതിയാകും.. ഇവിടൊരെണ്ണമുണ്ട്.. കട്ടന്കാപ്പി പോയിട്ട് ഒരു ഗ്ലാസ് പച്ചവെള്ളംപോലും എടുത്തു തരില്ല.

പതിയെ കട്ടിലിൽനിന്നെഴുന്നേറ്റു, ബാത്റൂമിലേക്കു പോയി. മൂത്രമൊഴിച്ചുകൊണ്ടുനിൽക്കുമ്പോഴും അടച്ചുപൂട്ടുള്ള ആ ബാത്റൂമിലൂടെ എന്റെ കണ്ണുകൾ പരതിക്കൊണ്ടിരുന്നു. കാറിന്റെമുന്നിൽ വന്നുനിന്ന രൂപം.. അതാരായിരുന്നു.. അല്ല .. കാറും എന്റേതായിരുന്നില്ലല്ലോ? അതൊരു ചെമന്ന കാറായിരുന്നു. എന്റെ കാറിനു ഇളം പച്ചക്കളറാണല്ലോ? .. അല്ലെങ്കിൽത്തന്നെ മൂന്നാറിലോട്ടുപോകേണ്ട ഒരാവശ്യവും മനസ്സിൽ കണ്ടിരുന്നില്ല. പ്രളയശേഷം മൂന്നാറിലോട്ടു പോയിട്ടില്ലതന്നെ. കഴിഞ്ഞ വെക്കേഷന് ഭാര്യയും മോളും നിർബന്ധിച്ചിട്ടും അങ്ങോട്ടുപോയില്ല ..കാരണം തകർന്നടിഞ്ഞ റോഡുകളും പാലങ്ങളുമൊക്കെ മനസ്സിൽനിന്ന് മാഞ്ഞിരുന്നില്ല . വെറുതെ റിസ്കെടുക്കേണ്ട എന്നുകരുതി.

മൂത്രമൊക്കെ ഒഴിച്ചുകഴിഞ്ഞിട്ടും എത്രനേരം ആ നിൽപ്പ് തുടർന്നുവെന്നറിയില്ല. തിരിച്ചുവരാഞ്ഞതിനാലാവാം, ഭാര്യ ഡോറിൽ കൊട്ടി. പെട്ടെന്ന് കണ്ണുതുറന്നു. ഒരു മയക്കത്തിലായിരുന്നുവെന്നു മനസ്സിലായതപ്പോഴാണ്. ഡോർതുറന്നു പുറത്തിറങ്ങിയപ്പോളാണ് അവൾ വീണ്ടും പോയിക്കിടന്നത്.

'എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണേ.. '

അടുത്തനിമിഷത്തിൽ ഉറക്കത്തിന്റെ പാരമ്യതയിൽ അവളെത്തുമെന്നറിഞ്ഞുകൊണ്ടുതന്നെ പറഞ്ഞു.

'മ് .. '

ബെഡ്‌റൂമിൽനിന്നു പുറത്ത് ഹോളിലേക്കെത്തിയപ്പോൾ പൂജാമുറിയിലെ ബൾബ് തെളിഞ്ഞിരുന്നില്ല. ഇരുപത്തിനാലുമണിക്കൂറും തെളിഞ്ഞുകിടക്കുന്ന ബൾബാണ്. ഒരുപക്ഷേ, അവൾ അറിയാതെ ഓഫ് ചെയ്തതാകും. സ്വിച്ചിട്ടു….. ബൾബു കത്തി. ഭഗവാനെ മനസ്സിൽധ്യാനിച്ചുകൊണ്ട് അടുക്കളയിലേക്കു നീങ്ങി. ഫ്രിഡ്ജിൽനിന്ന് ഒരുകുപ്പി തണുത്തവെള്ളമെടുത്തു. നല്ലതണുപ്പുണ്ട്.. എന്നിട്ടും ഒറ്റശ്വാസത്തിനാണത് വലിച്ചുകുടിച്ചത്. ഇന്നു തൊണ്ടയ്ക്കുവേദന ഉറപ്പാണ്. സാരമില്ല.

സ്റ്റോവ് കത്തിച്ച് ചായപ്പാത്രത്തിൽ ഒരുഗ്ലാസ്സ് വെള്ളമൊഴിച്ച് അടുപ്പത്തുവച്ചു. ഒരുസ്പൂൺ പഞ്ചസാര .. തിളച്ചുവന്നപ്പോൾ ലേശം ചായപ്പൊടി. കട്ടൻചായ റെഡി.

തിരിച്ച് കംപ്യൂട്ടറിരിക്കുന്ന റൂമിലേക്കുള്ള ചാരിയിട്ടിരിക്കുന്ന കതകിൽ പതിയെത്തള്ളി. തുറക്കാനൊരു മടി. ഒരു കൈയിൽ ചായ ഇരിക്കുന്നതുകൊണ്ട് ആയം അല്പം കുറവായിരുന്നു. പക്ഷേ, കൂടുതൽ ആയത്തിന്റെ ആവശ്യമില്ല. വെറുതെ ചാരിയിട്ടിയ്ക്കുന്നതല്ലേയുള്ളൂ.. ചായ ഒന്നുമൊത്തിയിട്ട് സൈഡ് ടേബിളിൽ വച്ചു. തടിയുടെ കതകുകൾ ആയതുകൊണ്ട് ചില കാലാവസ്ഥയിൽ അല്പം മുറുക്കം അനുഭവപ്പെടാറുണ്ട്. അതായിരിക്കുമെന്നു കരുതി ആഞ്ഞുതള്ളി. തള്ളുന്നതിന്റെ സ്പീഡിനെക്കാൾ വേഗം കതകു തുറന്നുപോയതുകൊണ്ട് മുന്നോട്ടാഞ്ഞുപോയി. മൂക്കുംകുത്തി വീഴാതിരുന്നത് ഭാഗ്യം. ശരീരത്തിന്റെ ബാലൻസ് ശരിയാക്കിക്കൊണ്ട് ഒരു കൈയിൽ ചായയുമെടുത്ത് റൂമിലേക്കു കയറി ലൈറ്റിട്ടു. വിശേഷവിധിയാ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. എങ്കിലും എന്തോ ഒരു പേടി മനസ്സിനെ അലോസരപ്പെടുത്തുന്നുണ്ട്. ലാപ്ടോപ്പ് ഓപ്പൺചെയ്തു. നെറ്റ് കണക്റ്റ് ചെയ്തു. മലയാളം സോഫ്ട്വെയർ ഓപ്പൺചെയ്തു. ഇന്നലെ നിറുത്തിയ ഭാഗത്തുനിന്നാണ് ഇന്നു തുടങ്ങേണ്ടത്. വേർഡിന്റെ ഫയൽ ഓപ്പൺചെയ്തു നിറുത്തിയ ഇടത്തുനിന്നും മുകളിലോട്ടൽപ്പം വായിച്ചു. കഥയും കഥാപാത്രങ്ങളും പതിയെ മനസ്സിലേക്കോടിയെത്തി.

'ഡ്രാക്കുളത്തമ്പുരാന്റെ കൊട്ടാരസദൃശ്യമായ ബംഗ്ലാവിലാണ് രേണു അകപ്പെട്ടിയ്ക്കുന്നത്. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. അത്താഴവിരുന്നിനെത്തുമ്പോൾ ഒരുപക്ഷേ ഡ്രാക്കുള അന്നവളുടെ രക്തമായിരിക്കും പാനംചെയ്യുക. അതിനുമുന്നെ അവൾക്കു രക്ഷപെടേണ്ടതുണ്ട്.. '

ഈ വരികൾ എഴുതിയാണ് നിറുത്തിയിരുന്നത്. പെട്ടെന്നാണോർത്തത്.. ഡിസംബർ 6 , 2019 ഇന്നും ഒരു വെള്ളിയാഴ്ചതന്നെയാണല്ലോ.. ചുറ്റും വെറുതെ കണ്ണോടിച്ചു. ഫാനിന്റെ നേർത്തശബ്ദമൊഴിച്ചാൽ എങ്ങും നിശ്ശബ്ദതമാത്രം. മുന്നിലെ ജനാലയിലുള്ള കർട്ടൻ അനാവശ്യമായി ചലിക്കുന്നുണ്ടോ? ഫാനിന്റെ സ്പീഡിനനുസരിച്ചുള്ള ചലനം മനസ്സിലാകും.. അതിൽക്കൂടുതൽ .. സാധാരണഗതിയിൽ ആ ജനാലകളൊക്കെ തുറന്നിട്ടാണ് എഴുതാനിരിക്കുന്നത്. കാരണം മറ്റൊന്നല്ല.. നല്ല ഫ്രഷ് എയർ മുറിയിൽ നിറയും. മനസ്സിനൊരു കുളിർമ്മയൊക്കെ ലഭിക്കും. എഴുത്തിന്റെ വഴികളിൽ ഒരു ഫ്ലോ ഉണ്ടാകും. അധികം ആലോചിക്കാതെതന്നെ വരികൾ പിറന്നുകൊണ്ടിരിക്കും. ഇന്നതൊന്നും ചെയ്യാനുള്ള ധൈര്യമില്ല. പേടിപ്പെടുത്തുന്ന സ്വപ്നത്തിന്റെ ബാക്കിപത്രമെന്നവണ്ണം ഒരു ചാഞ്ചല്യം മനസ്സിനെ അടക്കിബ്ഭരിക്കുന്നുണ്ടായിരുന്നു. എത്രയോ പ്രേതകഥകൾ എഴുതിയിരിക്കുന്നു. അതും മിക്കവാറും എല്ലാംതന്നെ രാത്രി രണ്ടുമണിക്ക് എഴുന്നേറ്റാണ്.. അതാണ് സമയം. രണ്ടുമുതൽ ആറുവരെ . ഇന്നുപക്ഷേ അതിനൊന്നും കഴിയുന്നില്ല. ചായയുടെ ചൂടാറിത്തുടങ്ങി. അതെടുത്ത് ഒറ്റവലിക്കു കുടിച്ചുതീർത്തു. അങ്ങനെ കുടിച്ചാൽ ഒരു രസവുമില്ല. പതിയെ സിപ് ചെയ്തുവേണം ചായയും മദ്യവുമൊക്കെ കഴിക്കാൻ. കപ്പ് തിരികെവയ്ക്കുമ്പോൾ അറിയാതെ കൈ തെന്നി. താഴോട്ടുവീണ കപ്പിനെ ഒരഭ്യാസിയെന്നപോലെ ക്യാച്ച്‌ചെയ്തു രക്ഷിച്ചു. ഒരിക്കലും കപ്പ് തെന്നേണ്ട ഒരുകാര്യവുമില്ല. അതിനുള്ള സാഹചര്യമില്ല. പിന്നെ?

ചായക്കപ്പ് മേശപ്പുറത്ത് സുരക്ഷിതമായി വച്ചശേഷം തിരിഞ്ഞപ്പോഴാണ് സത്യത്തിൽ ഞെട്ടിപ്പോയത്.

'അനാമിക'

അവളെങ്ങനെ സൂക്ഷിച്ചുനോക്കിക്കൊണ്ട് ലെഫ്റ്റ് സൈഡിലെ ടേബിളിൽ കയറിയിരിക്കുന്നു.

'ഞെട്ടിപ്പോയോ.. ? '

ഒന്നുംപറയാൻ നാവുപൊന്തിയില്ല.

ഒന്നൊന്നരക്കൊല്ലത്തിനുമുന്നേ ഇതുപോലൊരു പാതിരാത്രിയിൽ എന്നെ ഞെട്ടിച്ചുകൊണ്ടു കടന്നുവന്ന പ്രേതം. അവൾക്ക് പ്രതികാരം ചെയ്യണമായിരുന്നു. അതിനുള്ള വഴികൾ തേടിയാണവൾ അന്നുവന്നത്. എന്റെ സഹായമില്ലാതെതന്നെ അവൾ പ്രതികാരം ചെയ്തുവെന്ന സംതൃപ്തിയോടെ തിരിച്ചുപോയതാണ്. ഇനിയൊരിക്കലും തിരിച്ചുവരില്ല. മാഷിനെ ശല്യപ്പെടുത്തില്ല എന്നുള്ള ഉറപ്പോടെ. പക്ഷേ ഇപ്പോൾ,...

'ശല്യപ്പെടുത്തില്ല. .. ഉറപ്പ്.. മാഷിന്റെ ചിന്തകൾ എനിക്കു മനസ്സിലാകുന്നുണ്ട്. എനിക്കുവേണ്ടിയല്ല ഞാനിന്നുവന്നത്.. മാഷിന് ഞാനൊരാളെ കാണിച്ചുതരാം. എന്നെയൊന്നു തൊടാമോ.. ?'

പെട്ടെന്ന് മുന്നോട്ടുനീട്ടിയ കൈ ഞാൻ പിൻവലിച്ചു. പണ്ടൊന്നു തൊട്ടതിന്റെ ഭീതി ഇന്നും മനസ്സിലുണ്ട്.

'പേടിക്കേണ്ട മാഷേ .. എന്റെ ഇഷ്ടത്തോടെയല്ലേ.. അതും ഒരു നല്ലകാര്യത്തിന് .. മാഷ് എന്റെ വിരൽത്തുമ്പിൽ പിടിച്ചോളൂ.. '

കൈനീട്ടി അവളുടെ നീണ്ടനഖങ്ങളുള്ള ചൂണ്ടുവിരലിൽ തൊട്ടു. ഐസുകട്ടപോലെയുള്ള തണുപ്പ്. ഈ തണുപ്പ് കുറച്ചുമുന്നേ ഞാനനുഭവിച്ചതാണല്ലോ.. ? പെട്ടെന്നോർമ്മവന്നു. സ്വപ്നം. അപ്പോൾ . ഇതൊക്കെ ഇവളുടെ പണിയായിരുന്നല്ലേ? .. സ്വപ്നത്തിൽ കണ്ടതുപോലെ എന്തെങ്കിലും അപകടം...

'ഇല്ല . പേടിക്കേണ്ട .. മാഷ് നല്ല ഉറക്കമായിരുന്നു.. പലരീതിയിൽ ഉണർത്തുവാൻ ഞാൻ ശ്രമിച്ചു. പക്ഷേ മറ്റുള്ളവരുടെ ഉറക്കംപോകുമല്ലോയെന്നോർത്തപ്പോൾ അതൊക്കെ ഉപേക്ഷിച്ചു. അതിനുശേഷമാണ് സ്വപ്നമെന്നരീതി ഞാൻ പരീക്ഷിച്ചത്.. അവിടെയും ഞാൻ പരാജയപ്പെട്ടു. മാഷ് സ്വപ്നത്തിലലിഞ്ഞുചേർന്നു .. ഉണരാനുള്ള ഭാവമൊന്നും കണ്ടില്ല. അപ്പോഴാണ് ഒരപകടം സൃഷ്ടിച്ചാൽ മാഷ് ഉണരുമെന്നെനിക്കു തോന്നിയത്. ക്ഷമിക്കണം. അവിടെ ഞാൻ വിജയിച്ചു.'

അവളുടെ ചൂണ്ടുവിരല് എന്റെ രണ്ടുവിരലുകൾക്കുള്ളിലാണിപ്പോൾ.. തണുപ്പ് കൂടിക്കൂടിവന്നു.

'മാഷേ .. ഇവളെക്കണ്ടോ.. '

അവളുടെ മുന്നിൽനിൽക്കുന്ന ആറോ ഏഴോ വയസ്സുതോന്നിക്കുന്ന ഒരു പെൺകുഞ്ഞിനെ ഞാനപ്പോഴാണ് കണ്ടത്. പക്ഷേ അവളുടെ മുഖമാകെ ചോരയിൽക്കുളിച്ചതുപോലെ. ഇപ്പോഴും ചോര വാർന്നൊഴുകുന്നു. കീറിപ്പറിഞ്ഞ ഒരു ഫ്രോക്കാണ് വേഷം.

'എന്താ ഈ കുഞ്ഞിനു പറ്റിയത്..?'

'നാലുപേരാണ് .. നിരന്തരം .. അവളോട് ഈ ക്രൂരത ചെയ്തത്.. ജന്മനാ ബധിരയും മൂകയുമാണ് കുട്ടി. അച്ഛനുമമ്മയും പണിക്കുപോയിക്കഴിയുമ്പോൾ കുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. കുറച്ചുനാൾമുൻപുവരെ ഒരു അമ്മൂമ്മയുണ്ടായിരുന്നു. അവരുടെ മരണശേഷം... വേനലവധിക്കാലത്ത് അവൾ ഒറ്റയ്ക്കായിരുന്നു വീട്ടിൽ .. അയലത്തെ ഒരു പതിന്നാലുവയസ്സുള്ള പയ്യനാണ് ആദ്യം അവളെ കീഴ്പ്പെടുത്തിയത്.. ആഴ്ചകളോളം അവൻ നിരന്തരം ഇവളെ ശല്യംചെയ്തു. അതൊക്കെ അവൻ അവന്റെ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. അതുപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് അവൻ അവന്റെ കൂട്ടുകാർക്കും അവളെ കാഴ്ചവച്ചത്. അവസാനം ഇന്നലെ.. മൂന്നുപേർ ഒരുമിച്ച്... അവൾ മരിച്ചുവെന്നറിഞ്ഞിട്ടും അവന്മാർ അടങ്ങിയില്ല . ഏകദേശം മൂന്നുമണിക്കൂറോളം ശവഭോഗം ചെയ്തു അവന്മാർ.. മാറിമാറി. അതിനുശേഷം അവളുടെതന്നെ വീടിനുപിന്നിലുള്ള സെപ്റ്റിക്ക് ടാങ്കിന്റെ മൂടിമാറ്റി അതിലേക്കെറിഞ്ഞു. മൂടി പഴയതുപോലെതന്നെയാക്കിവച്ചു. '

ഞാൻ ആ കുട്ടിയെനോക്കി. ഒരു പിഞ്ചുപൈതൽ .. അതിലുമേറെ രോഷംവന്നത് കുറ്റവാളികൾ എല്ലാവരുംതന്നെ പതിനാലും പതിനഞ്ചും വയസ്സുള്ളവർ ആയിരുന്നുവെന്നതാണ്. നാടിന്റെ ശബ്‌ദമാകേണ്ടവർ. നാടിനെ സ്വർഗ്ഗമാക്കേണ്ടവർ .. അവർതന്നെ ഇതുപോലെയുള്ള പിഞ്ചുപൈതലുകളിൽ സ്വർഗ്ഗംതേടിനടക്കുന്നത് അക്ഷന്തവ്യമായ അപരാധംതന്നെ.

'മാതാപിതാക്കൾ അറിഞ്ഞോ.. ?'

'ഇല്ല.. അവർ സ്റ്റേഷനിൽ മിസ്സിംഗ് രെജിസ്റ്റർചെയ്തു കാത്തിരിക്കുകയാണ്.. ഒന്നരദിവസമായിട്ടും പോലീസുകാർ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. സൈബർസെല്ലിന് കൊടുത്തിട്ടുണ്ട്. അന്വേഷിക്കുന്നുണ്ട്.. മാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്.. മിണ്ടാനും കേൾക്കാനും വയ്യാത്ത കുട്ടിയല്ലേ? എങ്ങനെ കണ്ടുപിടിക്കാനാ എന്നൊക്കെയാണ് ചോദ്യങ്ങൾ . .. '

'പ്രതികൾ.. ?'

'അറിയാം. '

പ്രതികളെക്കുറിച്ചുള്ള ഒരേകദേശരൂപം അവൾ പറഞ്ഞുതന്നു. സമൂഹത്തിലെ മാന്യന്മാരുടെ മക്കൾതന്നെ.

'ഞാനെന്താണ് ചെയ്യേണ്ടത്.. എനിക്കും സങ്കടമുണ്ട്.. പക്ഷേ ഒരു നാഗരികനെന്നനിലയിൽ എനിക്ക് ചില പരിമിതികളൊക്കെയുണ്ട്.. ഈ കുഞ്ഞു മരിച്ചെന്നും.. പ്രതികൾ ആരൊക്കെയെന്നോ ഒന്നും എനിക്ക് സ്റേഷനിൽപ്പോയി പറയാൻ കഴിയില്ല. കാരണം പ്രതികൾ സമൂഹത്തിലെ അറിയപ്പെടുന്നവരുടെ മക്കളാണ്.. '

'എനിക്ക് ഒരു വഴി.. അതാണ് വേണ്ടത്.. എന്റെ ചിന്തകളിൽതെളിയുന്ന വഴിയൊന്നുംപോരാ അവന്മാർക്ക് ശിക്ഷയായി.. അതാണ് ഞാൻ മാഷിനെത്തേടിവന്നത്.. '

'ഒരിക്കലും ഒരുവനെയും കൊല്ലാനുള്ളവഴികൾ പറഞ്ഞുതരാനെനിക്ക് കഴിയില്ല. പോലീസ്, നിയമം, നീതി ..കോടതി .. ഇവരൊക്കെയാണ് അവർക്കുള്ള ശിക്ഷ തീരുമാനിക്കേണ്ടത്.. അവർ പ്രതികളാണോയെന്നതുപോലും കേവലം തെളിവുകളിലൂടെ തെളിയിക്കപ്പെടേണ്ട വസ്തുതയാണ്.. ഇനി അവര്തന്നെയാണ് പ്രതികളെങ്കിലും.. അത് തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവർ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപെടും.. ഒരിക്കൽ രക്ഷപെട്ടവൻ വീണ്ടും അതേ കുറ്റകൃത്യം ചെയ്യാൻ മടിക്കില്ല. അവർ ഈ സമൂഹത്തിനുതന്നെ ആപത്താണ്.. അതുകൊണ്ട്.. '

'അതുകൊണ്ട് ..? '

അനാമിക കൈ തിരികെവലിച്ചു. കുട്ടി എന്റെമുന്നിൽനിന്നു മാഞ്ഞുപോയി. അനാമികയുടെ കണ്ണുകൾ കുറുകുന്നതും.. അതിൽ രക്തംപൊടിയുന്നതും ഞാൻ മനസ്സിലാക്കി. അവൾ ശക്തിയാര്ജിക്കുകയാണ്.. അവൾക്ക് ദേഷ്യം വന്നാൽ പിന്നെ പിടിച്ചാൽകിട്ടില്ല . ഒരുതവണ ഒരു ലാപ്ടോപ്പ് നശിപ്പിച്ചതാണ്..

'അതുകൊണ്ട്.. ??'

വീണ്ടും അവൾ അതേ ചോദ്യംതന്നെ ചോദിച്ചു.

'നിന്റെ പ്ലാനിങ്ങിലൂടെ നീങ്ങുക... ഒരുകാര്യം പറയാം.. മരണം അവർക്കൊരു ശിക്ഷയേയല്ല..'

'പോടാ പട്ടീ.. '

അവൾ കൊടുങ്കാറ്റുപോലെ പാഞ്ഞുപോയി..

എനിക്ക് അവളുടെ തെറിവിളിയിൽ തെല്ലും അഭിമാനക്ഷതമുണ്ടായിരുന്നില്ല. ഒരുപക്ഷേ എന്നെക്കൊണ്ടു കഴിയുമായിരുന്നെങ്കിൽ എക്സ്ട്രീം പണീഷ്മെന്റുതന്നെ ഞാൻ കൊടുത്തേനേ.. അവളിനി എന്തൊക്കെയാണോ കാണിച്ചുകൂട്ടാൻ പോകുന്നത്.. ഒരുകാര്യമറിയാം അവന്മാരുടെയൊക്കെ ഉറക്കം കെടുത്തിയിട്ടേ അവൾ തിരികെവരൂ.. വരും അതുറപ്പാണ്..

.........................................................................................................................................................................

ഫോൺ ബെല്ലടിച്ചു.

റോബിൻ പെട്ടെന്നു ഞെട്ടിയെണീറ്റു. സുബിനാണ്..

'എന്താടാ .. ഈ പാതിരാത്രിയിൽ.. '

'മച്ചാ . ഒരു കോള് ഒത്തിട്ടുണ്ട്.. കഴിഞ്ഞദിവസം ചാറ്റിങ്ങിൽ കിട്ടിയതാണ്.. ഇന്നവൾ വെളുപ്പിന് വിളിച്ചിരിക്കുന്നു.. ടൗണിൽനിന്നുവിട്ടവണ്ടി മണർകാടുവന്നപ്പോൾ പഞ്ചറായി .. റോഡിലെങ്ങും ആരുമില്ല ...അടുത്തെവിടെയെങ്കിലുമാണെങ്കിൽ ഒരു ഹെൽപ്.. '

'അതിനു നീ പോയാപ്പോരേ .. '

'അതല്ല . അവൾ പറയുന്നത് കുമിളിയിൽ അവളുടെ വീട്ടിൽ കൊണ്ടുവിടണമെന്നാണ്.. '

'ങേ .. ? വല്ല ചതിയും..?? '

'പോടാ ജെനുവിൻ കേസ് .. ഞാനല്ലേ ചാറ്റിയത്. അപ്പേടെ വണ്ടിയെടുക്കാം . കംബൈൻഡ് സ്റ്റഡി .. ഓക്കേ.. ഞാൻ അവന്മാരെക്കൂടെ വിളിക്കട്ടെ.. ഓക്കേ.. അപ്പൊ.. നാല് പത്തിന് മണർകാട്.. ഓക്കേ.. ന്ഹാ .. ജംക്ഷനിൽവന്നു വായീനോക്കി നിക്കരുത്.. പോലീസ് പട്രോൾ ഉള്ളതാ.. ഒരുകാര്യംചെയ്യ്.. തിരുവഞ്ചൂർ റോഡിലോട്ടു വിട്ടോ.. കുരിശടിക്കുമുന്നായി എവിടെയെങ്കിലുംവച്ച് പിക്ക് ചെയ്തോളാം.. '

.......................................................................................................................................................................

ഡ്രാക്കുളയുടെ കഥയെഴുതാനുള്ള മൂഡ് പോയിരുന്നു. പിന്നെ കുറേനേരം അങ്ങനെയിരുന്നു. ഫേസ്‌ബുക്ക് ഓപ്പൺ ചെയ്തു.. ഏതൊക്കെയോ പോസ്റ്റുകളിലൂടെ കണ്ണുകളോടി. ഒന്നും വായിച്ചില്ല. വെറുതെ കുറെ ലൈക്കുകൾ കൊടുത്തു. ആത്മശാന്തിക്ക് അത്രയുമാകട്ടെ.

പെട്ടെന്നാണ് ജാനാലയുടെ കർട്ടൻ പറന്നുവന്നു മുഖത്തടിച്ചത്. അവൾ വന്നു.

അനാമിക... !

'മാഷേ .. ഞാനതുചെയ്തു. കൊന്നില്ല. മുറിച്ചുകളഞ്ഞു നാലുപേരുടേതും.. '

അവൾ അത്രയ്ക്ക് ആവേശത്തിലായിരുന്നു

'മാഷ് വിചാരിക്കുന്നതുപോലെയല്ല.. അതിന്റെകൂടെ ഇരുകൈകളും വെട്ടിയെടുത്തു. അതിനുശേഷം കോടിമതപ്പാലത്തിൽനിന്നു അവരുടെ കാർ താഴേക്കുതള്ളിയിട്ടു. ഇനിയവർ ജീവിക്കുകയോ മരിക്കുകയോ ചെയ്യട്ടെ.. അതെനിക്ക് വിഷയമല്ല.. '

'അപ്പോൾ . ആ കുഞ്ഞിന്റെ കാര്യം.. '

'ആരും അറിയാൻ പോകുന്നില്ല .. അവളുടെ മാതാപിതാക്കൾ അവൾ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാകുമെന്ന പ്രതീക്ഷയോടെ ജീവിക്കട്ടെ.. അല്ലെങ്കിൽ, നാളെ അവൾ ബലാത്സംഗംചെയ്തു കൊല്ലപ്പെട്ടുവെന്ന് ഇവിടുത്തെ മാമാമാധ്യമങ്ങൾ അറിഞ്ഞാൽ, അന്തിചർച്ചയിലും ഉച്ചവർത്തയിലുമൊക്കെ ആ സൊ കോൾഡ് ബ്ലഡി ഫുൾസ് ഉണ്ടല്ലോ ? അവതാരകർ .. പിന്നെ കൊറേ അവരാതിമോന്മാരും മോളത്തികളും .. അവരുടെ അമ്മേടെ പുളുത്താൻ ഇരിക്കുന്നവർ . അവർ….  അവരുംകൂടെ അവളെ വീണ്ടും ബലാത്സംഗം ചെയ്യും.. അതുവേണ്ടാ മാഷേ .. '

മനുഷ്യഗണത്തിനില്ലാത്ത മാനുഷികപരിഗണന കൊടുക്കുന്ന പ്രേതത്തെ താണുവണങ്ങാതിരിക്കാൻ എനിക്കവുമായിരുന്നില്ല.

'ഞാൻ വീണ്ടും വരും.. മാഷ് ഇത് കഥയൊന്നുമാക്കരുത് കേട്ടോ. നമ്മൾമാത്രം അറിഞ്ഞാൽമതി . '

സമയം ഏകദേശം അഞ്ചുപത്ത്.

അനാമിക എപ്പോൾ മുറിയിൽനിന്നു പോയെന്നെനിക്കറിയില്ല. ഇപ്പോഴും അവൾ ഇവിടെയുള്ളതുപോലൊരു ഫീലിംഗ്. ഇല്ല അവൾ പോയിക്കഴിഞ്ഞിരുന്നു.

കുളിച്ചീറനോടെ അയ്യപ്പനെ തൊഴുമ്പോൾ ചിലകാര്യങ്ങളിലുള്ള സംശയങ്ങൾ ഞാൻ ചോദിച്ചിരുന്നു. മുഴുക്കാപ്പുചാർത്തി ഒരു പുഞ്ചിരിയോടെ എന്നെനോക്കുന്ന അയ്യപ്പനിൽ ഞാൻ ആ സത്യങ്ങൾ തിരിച്ചറിയുകയായിരുന്നു.

തത്ത്വമസി !

രചന:വേണു 'നൈമിഷിക'

 


0 Comments:

രചനകൾക്ക് അനുസൃതമായ കമന്റുകൾ മാത്രം