Headlines
Loading...
എലിമാളങ്ങൾ |  ചെറുകഥകൾ  | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam

എലിമാളങ്ങൾ | ചെറുകഥകൾ | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam

എലിമാളങ്ങൾ |  ചെറുകഥകൾ  | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam

എലിമാളങ്ങൾ |  ചെറുകഥകൾ  | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam


"പൂമാല വന്താച്ച്, പൂമാല വന്താച്ച്" എത്തിവലിഞ്ഞ് ജനലിലൂടെ താഴേക്ക് നോക്കി. കറുത്ത് കുറിയ ഒരു മനുഷ്യൻ താഴെ റോഡിൽ നിൽക്കുന്നു. കയ്യിൽ ഒരു കോരിയും ബക്കറ്റും. അയാളാകണം 'പൂമാല'. കുറച്ച് ദിവസമായി പൂമാലയെക്കുറിച്ച് കേൾക്കുന്നു. സേഫ്റ്റി ടാങ്ക് നിറഞ്ഞ് ഒഴുകുകയാണ്. പൂമാല വരട്ടെ, ശരിയാക്കാം എന്നുപറഞ്ഞ് ഒഴിയുകയായിരുന്നു ബാബുസേട്ടിന്റെ സിങ്കിടി ഇതുവരെ, പബ്ലിക് ടോയ്‌ലറ്റിൽ പോകാൻ ഒരു ഉപദേശവും.

  തിലക്നഗർ കോളനിയിൽ മിക്കയിടത്തും വെള്ളം കയറിയിരിക്കുന്നു. ഇനിയും മഴ പെയ്താൽ റോഡിലേക്കും വെള്ളം കയറും.

  വെള്ളം കയറിയഭാഗത്ത് കുട്ടികൾ നീന്തിത്തിമിർക്കുകയാണ്. ഓടവെളളവും മലവും റെയിൽവേ ട്രാക്കിന് അരികിലെ മാലിന്യങ്ങളും കൂടിക്കലർന്ന് കറുപ്പുനിറത്തിൽ ചേരികൾക്കിടയിലൂടെ പടർന്നൊഴുകുകയാണ്. കുട്ടികളും എലികളും ഇഴജന്തുക്കളും കെട്ടിമറിയുകയാണ് അതിൽ.

  വെള്ളം കയറാൻ തുടങ്ങിയതോടെ എലികൾ പരക്കംപായുകയാണ്. മുറിയിൽ തലങ്ങുംവിലങ്ങും പായുന്നു. സേഫ്റ്റി ടാങ്കുകൾ പൊട്ടിയൊലിക്കുന്ന ഓടകളിൽനിന്ന് ഓടിക്കയറിവരുന്ന എലികൾ, കൂട്ടിയിട്ട തുണികൾക്കിടയിലും ചുരുട്ടിവച്ച പായയ്ക്കുളളിലും ഒളിക്കുന്നു.

  മൂത്രത്തിന്റെ രൂക്ഷഗന്ധം. അയ്യർ കിടന്നകിടപ്പിൽ മുളളിയിരിക്കുന്നു. പഫ്സർ(ബോംബെയിലെ വാറ്റുചാരായം) അടിച്ച് കിറുങ്ങിയാണ് അയാൾ വന്നത്. കണ്ണിന്റെ കാഴ്ചപോയെന്ന് കരഞ്ഞ് തപ്പിത്തപ്പിയാണ് എത്തിയത്. താഴെ താമസിക്കുന്ന തമിഴത്തി തളള ഒരു വിധം താങ്ങിപ്പിടിച്ച് കയറ്റി കിടത്തിയതാണ്. മഞ്ഞപ്പിത്തത്തിന് ചികിത്സയിലായിരുന്ന അയ്യർ മദ്യപിച്ചതോടെ കാഴ്ച ഏതാണ്ട് നഷ്ടമായ സ്ഥിതിയാണ്.

  ഒഴുകിവരുന്ന മൂത്രത്തിൽ പെടാതെ പായകൾ എടുത്തുമാറ്റി. മൂത്രം വളഞ്ഞുപുളഞ്ഞൊഴുകി ഒരു വിടവിലൂടെ താഴെ മുറിയിലേക്ക് പതിക്കുന്നതും നോക്കി ചെവി വട്ടം പിടിച്ചിരുന്നു. പ്രതീക്ഷ തെറ്റിയില്ല. ഗുജറാത്തി ഭാഷയിൽ തെറി ഗോവണികയറിവന്ന് സൽമയുടെ രൂപം പ്രാപിച്ചു. തലയിൽനിന്ന് ഇറ്റുവീഴുന്ന മൂത്രത്തുളളികളോടെ, തീപാറുന്ന കണ്ണുകളോടെ അവൾ അയ്യരെ സമീപിച്ചു. പഴുത്തൊലിക്കുന്ന വൃഷണം പ്രദർശിപ്പിച്ചു മലർന്നു കിടക്കുകയായിരുന്ന അയാളെ ചവിട്ടാൻ കാലുയർത്തി എങ്കിലും അവൾ അത് വേണ്ടെന്നുവച്ചു. കാലുകൊണ്ടുതന്നെ തുണിവലിച്ചിട്ട് അയ്യരുടെ നഗ്നത മറച്ച് അവൾ ദയനീയമായി എന്നെ ഒന്ന് നോക്കിയിട്ട് ഇറങ്ങിപ്പോയി.

  ആദ്യമായാണ് അവൾ ദയനീയമായി നോക്കുന്നത്. ഇതുവരെ ഞങ്ങൾ പരസ്പരം നോക്കിയിരുന്നത് ഈ നോട്ടമായിരുന്നില്ല. അവളുടെ ഭാഷ എനിക്കും എന്റേത് അവൾക്കും അറിയാത്തതിനാൽ ഞങ്ങൾ ഒരിക്കലും സംസാരിച്ചിട്ടില്ല. എങ്കിലും അവൾ പറയാൻ ഉദ്ദേശിക്കുന്നത് എനിക്കും ഞാൻ പറയാൻ ഉദ്ദേശിക്കുന്നത് അവൾക്കും മനസ്സിലായിരുന്നു.

ഗുജറാത്തിൽനിന്ന് ഗൾഫ് മോഹവുമായി, ഒരു ഏജന്റിന്റെ കുരുക്കിൽപ്പെട്ട്, വന്നുപെട്ടതാണ് സൽമ.

  മഴ വീണ്ടും ആരംഭിച്ചിരിക്കുന്നു. ഇന്റർവ്യൂവിന് പോയ കൂട്ടുകാരെ കാണാനില്ല. റോഡ് മുങ്ങും മുമ്പ് അവർ എത്തിയില്ലെങ്കിൽ ഞാനും അയ്യരും തനിച്ചാകും. അയ്യരുടെ കൂട്ടുകാർ വരുന്നതിനും പോകുന്നതിനും സമയവും ദിവസവുമൊന്നും ഇല്ല.

  ഞങ്ങൾ ഒൻപത് മലയാളികളാണ് അവിടെ, ഒരേ നാട്ടുകാർ. ഞാൻ ഒഴികെ ബാക്കി എല്ലാവരും ഗൾഫ് സ്വപ്നം കാണുന്നവർ. എനിക്ക് പ്രത്യേകിച്ച് ലക്ഷ്യമൊന്നും ഇല്ല, കയ്യിലുള്ള കാശ് തീരാറാകുമ്പോൾ വീട്ടിൽ പോകണം.

ബാബുസേട്ട് എന്ന് അറിയപ്പെടുന്ന മലയാളിയുടെ കെട്ടിടമാണ്, ചെമ്പൂർ തിലക്നഗർ കോളനിയിൽ. മുകൾനിലയിലെ ഹാളിൽ എന്തെങ്കിലും വിരിച്ചു കിടക്കാം, ദിവസം അഞ്ച് രൂപമാത്രം. അയ്യരും കൂട്ടുകാരും സ്ഥരിതാമസക്കാരാണ്, വാടകയൊന്നും കൊടുക്കുകയും ഇല്ല. അയ്യർ തമിഴ്നാട്ടിൽനിന്ന് കുട്ടിക്കാലത്ത് ഒളിച്ചോടി വന്നതാണ്.  അയാളുടെ കൂട്ടുകാർ പലരും പല നാടുകളിൽനിന്ന് അതുപോലെ വന്നുപെട്ടവർ. ഓരോരോ തട്ടിപ്പും വെട്ടിപ്പുമായി കഴിയുന്നു.

   മഴ കനത്തത് ഒരുകണക്കിന് അനുഗ്രഹമായി, പുറത്ത് ഇറങ്ങാതെ മൂത്രമൊഴിക്കാം. പിന്നിലെ ജനാലയിലൂടെ നീട്ടി മുളളിയാൽ താഴെ കോളനിയിലെ വീടിന്റെ അടുക്കളപ്പുറത്ത് വീണോളും. മഴയാണെങ്കിൽ ആരും അറിയില്ല. പുറത്ത് പോയി മുളളണമെങ്കിൽ മഴയത്തുകൂടി കുറേ നടക്കണം. കുറേ നേരമായി മൂത്രമൊഴിക്കാൻ മുട്ടുന്നു.

  മൂത്രമൊഴിച്ചുകൊണ്ടിരിക്കെ അയ്യർ ഒന്ന് ഞരങ്ങുകയും മൂളുകയുംചെയ്യുന്നത് കേട്ടു. വന്ന് നോക്കുമ്പോൾ അനക്കമൊന്നും കണ്ടില്ല. രണ്ട് ദിവസം മുമ്പാണ് അയ്യരെ മുരുകൻ ദാദ അറഞ്ചം പുറഞ്ചം തല്ലിയത്, അതിനുതക്ക കാരണവും ഉണ്ട്.

  അന്നും അയ്യർ തപ്പിത്തടഞ്ഞാണ് വന്നത്. വരുന്നവഴി, താഴെ കോളനിയിലെ ഏതോ വീടിന്റെ വാട്ടർ ടാങ്കിൽ കയ്യിട്ട് വെള്ളമെടുത്ത് കാലും കയ്യും കഴുകി. വന്നയുടൻ കയറി കിടന്നു. രാത്രി ഏകദേശം പതിനൊന്ന് മണിയായിക്കാണും, ഞാൻ വാതിൽക്കൽ ന്യൂസ് പേപ്പർ വിരിച്ച് അതിൽ മലർന്നു കിടക്കുകയാണ്. അവിടെ കിടന്നാൽ അല്പമെങ്കിലും കാറ്റ് കിട്ടും. പെട്ടാന്നാണ് ഒരാൾ ഓടിക്കയറി വരുന്നത്.

  "യാരടാ തണ്ണിയിൽ കയ്പോട്ടറുത്?" എന്ന ചോദ്യത്തോടെ എനിക്ക് മുകളിൽ വളഞ്ഞുനിൽക്കുകയാണ് ഒരു ഭീകരരൂപി. ഒരു കണ്ണ് മാത്രമുള്ളകറുത്ത് തടിച്ച ഒരു തമിഴൻ.

മറ്റേ കണ്ണിന്റെ സ്ഥാനത്ത് കരുവാളിച്ച പാടും കുഴിയും. ശ്രീലങ്കൻ തമിഴനായ അയാളുടെ ഒരു കണ്ണ് ബോംബ് സ്ഫോടനത്തിൽ നഷ്ടപ്പെട്ടതാണ് എന്ന് കേട്ടിട്ടുണ്ട്. ആദ്യമായാണ് അയാളെ നേരിൽ കാണുന്നത്. അയാൾ എന്താണ് ചോദിക്കുന്നത് എന്ന് മനസ്സിലായില്ല. എന്തെങ്കിലും പറയാനോ കിടന്നിടത്തുനിന്ന് എണീക്കാനോ ശ്രമിച്ചാൽ അയാൾ ചവിട്ടും. ഭയംകൊണ്ട് വിറച്ച് അനക്കമറ്റ് കിടക്കുകയാണ്, ഇപ്പോൾ ചവിട്ടും എന്നോർത്ത്. പെട്ടെന്ന് ആരോ താഴെനിന്ന് വിളിച്ചു പറഞ്ഞു അയ്യരാണ് എന്ന്. എന്നെ കവച്ച്കടന്ന് അയ്യരെ പിടികൂടി തലങ്ങുംവിലങ്ങും തല്ലുകയായിരുന്നു.

  ഓരോന്നോർത്ത് ഭിത്തിയിൽ ചാരിയിരുന്ന് മയങ്ങിപ്പോയി.

 "അയ്യാ" എന്ന വിളികേട്ടാണ് ഉണർന്നത്. തമിഴത്തിത്തളളയാണ്. അയ്യർക്ക് കഞ്ഞിവെളളവുമായി വന്നതാണ്. അയ്യർക്ക് അരികിൽ ഇരുന്ന് തളള  കുലുക്കി വിളിച്ച് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. പിന്നെ "കടവുളേ" എന്ന് ഒറ്റ കരച്ചിലായിരുന്നു. "അയ്യർ ചത്തുപോച്ച്" എന്നുവിളിച്ച് തളള ഉരുണ്ടുപിരണ്ട് താഴേക്കോടി.

  അയ്യർ കിടക്കുന്നിടത്തേക്ക് നോക്കി. മരിച്ചിട്ട് കുറേ നേരമായി എന്ന് തോന്നുന്നു. മൂത്രപ്പാടിലൂടെ വരിവച്ച് ഉറുമ്പുകൾ അയ്യരിലേക്ക് പടരുന്നു.


രചന:ജെയിംസ് ജോസഫ്



2 അഭിപ്രായങ്ങൾ

  1. അജ്ഞാതന്‍2021, നവംബർ 5 7:36 PM

    രചന പ്രസിദ്ധീകരിച്ചതിന് നന്ദി 🙏❤️🙏

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി . വീണ്ടും സൃഷ്ടികൾ പ്രതീക്ഷിക്കുന്നു. താങ്കളടെ സൃഷ്‌ടികൾ സ്വന്തം സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുമെന്ന് കരുതട്ടെ .

      ഇല്ലാതാക്കൂ

രചനകൾക്ക് അനുസൃതമായ കമന്റുകൾ മാത്രം