Headlines
Loading...
Beasts Of No Name! | ഹൊറർ കഥകൾ  | ചെറുകഥകൾ | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam

Beasts Of No Name! | ഹൊറർ കഥകൾ | ചെറുകഥകൾ | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam

Beasts Of No Name! | ഹൊറർ കഥകൾ  | ചെറുകഥകൾ | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam


Beasts Of No Name! | ഹൊറർ കഥകൾ  | ചെറുകഥകൾ | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam


മഴ ശമിച്ച ഒരു ദിവസമായിരുന്നു അത്. കുറച്ച് ദിവസമായി തുടർന്നുവന്ന ശക്തമായ മഴയിലും കാറ്റിലും ഏലത്തോട്ടത്തിൽ തലങ്ങുംവിലങ്ങും മരങ്ങൾ വീണുകിടക്കുകയായിരുന്നു. തൊഴിലാളികൾക്കൊപ്പം അത് വെട്ടി മാറ്റാനുള്ള തത്രപ്പാടിലായിരുന്നു . അപ്പോഴാണ് മൊബൈൽ ബെല്ലടിച്ചത്. പരിചയമില്ലാത്ത നമ്പർ. കോണ്ടാക്റ്റിൽ ഇല്ലാത്ത കാളുകൾ എടുക്കുക പതിവില്ല. അത്ര ആവശ്യക്കാർ ആണെങ്കിൽ വീണ്ടും വിളിക്കും. അപ്പോൾ തിരക്കില്ലെങ്കിൽ എടുക്കും, അല്ലെങ്കിൽ സമയം കിട്ടുമ്പോൾ തിരിച്ചു വിളിക്കും.

    ഒരു മരം വെട്ടിയൊതുക്കിയ ആശ്വാസത്തിൽ അല്പം വെള്ളം കുടിച്ച് ഒരു സിഗരറ്റ് കത്തിച്ച് മരത്തടിയിൽ കയറി ഇരിക്കുമ്പോൾ ഫോൺ വീണ്ടും ബെല്ലടിച്ചു.  ഫോൺ എടുത്തു ഹലോ പറഞ്ഞതും ഒരു പരുക്കൻ ശബ്ദം,

   "തനിക്കെന്താടോ ഫോണെടുക്കാൻ ഇത്ര വിഷമം?"

  താനാരെടാ എന്ന് ചോദിക്കാനാണ് തോന്നിയത് എങ്കിലും കടിച്ചുപിടിച്ചു.

"താനൊരു പ്രേംശ്യാമളനെ അറിയുമോ?"

"ഇല്ല. താനാരാ? എന്റെ നമ്പർ എങ്ങനെ കിട്ടി?"

 അല്പം ഗൗരവത്തിൽത്തന്നെയാണ് ചോദിച്ചത്.

"ഞാൻ ആർപ്പൂക്കര എസ് ഐ ആണ്. ടോമിച്ചൻ എന്നുതന്നെയല്ലേ നിങ്ങളുടെ പേര്?"

എസ് ഐ എന്ന് കേട്ടതും ആകെ കൺഫ്യൂഷനായി. ആരെങ്കിലും കളിപ്പിക്കാൻ നമ്പറിടുന്നതാകുമോ എന്ന് സംശയിച്ചു. ഒരു എസ് ഐ, അതും ഇത്ര ദൂരത്തുനിന്ന് തന്നെ വിളിക്കേണ്ട കാര്യമൊന്നുമില്ലല്ലോ എന്ന് ചിന്തിച്ചു.

"അതേ. എന്താണ് സാർ കാര്യം?" ശബ്ദം വളരെ മയപ്പെടുത്തിയാണ് ഇത്തവണ ചോദിച്ചത്.

"പ്രേം ശ്യാമളൻ എന്ന ഒരാളിൽനിന്ന് കിട്ടിയതാണ് ഈ നമ്പറും തന്റെ പേരും"

"പക്ഷേ ആ പേരിൽ ആരേയും ഞാൻ അറിയില്ലല്ലോ!"

 അകന്ന പരിചയത്തിൽ പോലും അങ്ങനെയൊരു പേര് ഓർത്തെടുക്കാനായില്ല. എസ് ഐ യും  കൺഫ്യൂഷനിലാണെന്ന് തോന്നി, അല്പനേരം മൗനമായി.

"ഒന്നുകൂടി ഒന്ന് ആലോചിച്ചു നോക്ക് ടോമിച്ചാ, ഓർമ്മകിട്ടും" എസ് ഐയുടെ സ്വരം കടുത്തിരുന്നു.

"സാർ, ഈ പറയുന്ന പ്രേം ശ്യാമളൻ അവിടെ ഉണ്ടെങ്കിൽ ഫോൺ ഒന്ന് കൊടുക്കൂ ഞാൻ സംസാരിച്ച് നോക്കട്ടെ"

"ടോമിച്ചാ, താൻ വെറുതെ പൊട്ടൻകളിക്കരുത്. ഇയാളെ  അറിയുമെങ്കിലും ഇല്ലെങ്കിലും താൻ ഇവിടെവരെ വരേണ്ടിവരും"

  ഇതെന്തൊരു പുലിവാലാണ്! ഇവിടെ നിന്നുതിരിയാൻ സമയമില്ല അപ്പോഴാണ് ഓരോരോ--

"സാർ, എന്താണ് പ്രശ്നം എന്ന് ഒന്ന് പറയാമോ? ഇവിടെനിന്ന് നൂറ് കിലോമീറ്ററിൽ കൂടുതൽ ഉണ്ട് അങ്ങോട്ട്. വരുക എന്നൊക്കെ പറഞ്ഞാൽ--"

"പ്രേം ശ്യാമളൻ മരിച്ചു. കടത്തിണ്ണയിൽ അബോധാവസ്ഥയിൽ കിടന്ന അയാളെ പോലീസാണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഇടയ്ക്ക് ബോധം വന്നപ്പോൾ തന്ന കോണ്ടാക്റ്റ് നമ്പറാണ് തന്റേത്. പിന്നീട് ട്രീറ്റ്മെന്റിനിടെ ഫിറ്റ്സ് ഉണ്ടായതിനെ തുടർന്ന് ആള് മരിച്ചു. ബാക്കി താൻ ഇവിടെ വന്നിട്ട് പറയാം."

  ആകെ ഞെട്ടിത്തരിച്ചുപോയി! ഏതോ ഒരു അജ്ഞാതൻ തന്റെ പേരും നമ്പറും കൊടുത്തിട്ട് മരിക്കുക! എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല. പരിഭ്രമംകൊണ്ട് കയ്യും കാലും വിറച്ചു.

"ടോമിച്ചാ തന്റെ ലൊക്കേഷനൊക്കെ ഞങ്ങളുടെ കയ്യിലുണ്ട്. ദൂരം കൂടുതൽ ആണെന്ന് അറിയാം. ലോക്ഡൗൺ ആണെന്നും അറിയാം. എങ്കിലും ഇന്ന് വൈകുന്നേരത്തിന് മുമ്പ് താൻ ഇവിടെ എത്തിയിരിക്കണം." അതിൽ ഒരു ഭീഷണിയുടെ സ്വരം ഉണ്ടായിരുന്നു.

  ഫോൺ കട്ടായി.   പ്രേംശ്യാമളനെ അറിയില്ല എന്ന് പറഞ്ഞത് എസ് ഐ വിശ്വസിച്ചിട്ടില്ല എന്ന് തോന്നുന്നു. എങ്ങനേയും എത്രയും വേഗം അവിടെ ചെല്ലുന്നതാണ് നല്ലത് എന്ന് തോന്നി.

 തൊഴിലാളികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. അത്യാവശ്യമായി ഒരു സ്ഥലംവരെ പോകണമെന്നും പൈസ എന്തെങ്കിലും വേണ്ടവർ വീട്ടിൽനിന്ന് വാങ്ങാനും പറഞ്ഞു.

  പ്രേംശ്യാമളൻ ആരായിരിക്കും എന്ന് ആലോചിച്ചുകൊണ്ടാണ് വീട്ടിലേക്ക് നടന്നത്.  എസ് ഐ പറഞ്ഞ ഒരു കാര്യം പെട്ടെന്നാണ് മനസ്സിൽ ഉടക്കിയത്,' ഫിറ്റ്സ്'. ഫിറ്റ്സ് ഉണ്ടായതിനെ തുടർന്നാണ് പ്രേംശ്യാമളൻ മരിച്ചത്. തന്റെ പരിചയത്തിൽ ഫിറ്റ്സ് ഉളള ഒരാളേ ഉളളൂ, കുഞ്ഞുമോൻ. അവനെ കണ്ടിട്ട് കുറേ ആയിരിക്കുന്നു. കുഞ്ഞുമോന്റെ ശരിക്കുള്ള പേര് പ്രേംശ്യാമളൻ എന്ന് ആയിരിക്കുമോ?

   സുരേഷിന് അറിയാമായിരിക്കുംഅവനാണ് കുഞ്ഞുമോനെ  പരിചയപ്പെടുത്തി തന്നത്. പിന്നീട് കുറേക്കാലം കുഞ്ഞുമോൻ 'ഓളിൻഓൾ' ആയി കൂടെയുണ്ടായിരുന്നു. എന്തായാലും സുരേഷിനെ വിളിക്കണം, ഒറ്റയ്ക്ക് കോട്ടയത്തിന് പോകാൻ ഒരു പേടി. ഏത് പ്രതിസന്ധി ഘട്ടത്തിലും കൂടെക്കൂട്ടാൻ പറ്റിയ ഒരു സുഹൃത്താണ് സുരേഷ്.  എന്തിനും അവന്റെ കയ്യിൽ പോംവഴികൾ കാണും.

  സുരേഷിനെ വിളിച്ച് കാര്യം വിശദമായി പറഞ്ഞു. പ്രേംശ്യാമളൻ എന്ന് ഒരാളെ അവനും അറിയില്ലത്രേ. കുഞ്ഞുമോന് വേറെ പേര് ഉള്ളതായും അറിയില്ല. ഇലക്ഷൻ റിസൾട്ട് വന്ന അന്നാണ്  കുഞ്ഞുമോനെ സുരേഷ് അവസാനമായി കണ്ടത്, മൂന്നാഴ്ച മുമ്പ്. അന്ന് കുഞ്ഞുമോൻ ഫുൾ പറ്റായിരുന്നതുകൊണ്ട് സംസാരിക്കാനും പോയില്ലത്രേ. കുഞ്ഞുമോന്റെ ഇപ്പോഴത്തെ കൂട്ടുകാർ ചിലരുണ്ട്. ഒക്കെ വെളളമടിയും ചീട്ടുകളിയുമായി നടക്കുന്നവർ. അന്വേഷിച്ചിട്ട് പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല എങ്കിലും അന്വേഷിക്കാം എന്ന് സുരേഷ് പറഞ്ഞു.   ജംഗ്ഷനിൽ കാണാമെന്നു പറഞ്ഞ് കട്ട് ചെയ്തു.

  അത്യാവശ്യമായി കോട്ടയം മെഡിക്കൽ കോളേജിൽ ഒരാൾക്ക് ബ്ലഡ് കൊടുക്കാൻ പോകേണ്ടതുണ്ടെന്ന് ഭാര്യയോട് കള്ളം പറഞ്ഞ് കുളിക്കാനായി തുടങ്ങവേ ഫോൺ ബെല്ലടിച്ചു. സുരേഷാണ് വിളിക്കുന്നത്.  ഫോൺ എടുത്തതും അവൻ ചോദിച്ചു, "ഫോട്ടോ വല്ലതും അയച്ചുതന്നോ അയാൾ?"

അങ്ങനൊരു ചിന്തപോയതേയില്ലല്ലോ എന്ന് നാക്കുകടിച്ചു.

"ഇല്ല"

"ഛെ! നിനക്ക് ചോദിച്ചു കൂടാരുന്നോ?"

"അപ്പോഴത്തെ പരിഭ്രമത്തിൽ അത് ഓർത്തില്ല"

"എന്നാൽ ഉടൻ അയാളെ വിളിച്ച് ഒരു ഫോട്ടോ വാട്സാപ്പ് ചെയ്യാൻ പറയ്"

"അതിപ്പോ, അയാൾ ചൂടാകുവോന്നാ--"

"മാങ്ങാത്തൊലി! അയാളാരാ ഒരു എസ് ഐ അല്ലേ? നീ ആരെയും കൊന്നിട്ടൊന്നും ഇല്ലല്ലോ. വിളിച്ചു കാര്യം പറയൂ. അയാൾ ഒരു പക്ഷെ വിട്ടുപോയതാകും"

"ശരി, വിളിച്ചു നോക്കട്ടെ"

  ഫോൺ കട്ട് ചെയ്തിട്ട് എസ് ഐ യെ വിളിച്ചുനോക്കി.  പലതവണ വിളിച്ചിട്ടും ഫോൺ എടുക്കുന്നില്ല. ഏതായാലും കുളിച്ചിട്ട് വരാം എന്ന ചിന്തയിൽ കുളിമുറിയിൽ കയറി.

  ഷവറിനടിയിൽ നില്ക്കുമ്പോൾ  മനസ്സിൽ കുഞ്ഞുമോനായിരുന്നു. പതിനഞ്ച് വർഷം മുമ്പാണ് സുരേഷ് മുഖേന കുഞ്ഞുമോനെ പരിചയപ്പെടുന്നത്. പരിചയം സൗഹൃദമായി. എന്തിനും ഏതിനും കുഞ്ഞുമോൻ കൂടെയുണ്ടാകും. എന്ത് പറഞ്ഞാലും ചെയ്യും, ഒരു പരാതിയുമില്ല. ആദ്യകാലത്ത് മദ്യപാനവും കുറവായിരുന്നു. ഫിറ്റ്സിനുളള മരുന്നും കൃത്യമായി കഴിച്ചിരുന്നു.

  അവന്റെ അമ്മ മരിച്ചതോടെ സ്വഭാവം ആകെ മാറി. ഫുൾടൈം കുടിയായി. പോകെ പോകെ പണിചെയ്യാനുളള ആരോഗ്യവും ഇല്ലാതായി. പിന്നെ അടിക്കടി ഉണ്ടാകുന്ന ഫിറ്റ്സും. പലതവണ പണികൾക്ക് ഇടയിൽ ഫിറ്റ്സ് ഉണ്ടായി ആശുപത്രിയിൽ കൊണ്ടുപോകേണ്ടിവന്നു. ആഹാരം കഴിക്കില്ല, ഫിറ്റ്സിനുളള മരുന്നും കഴിക്കില്ല. മദ്യം എന്ന വിചാരമേയുളളൂ. ഒരു ശല്യം ആയപ്പോൾ അവനെ ഒഴിവാക്കാതെ മാർഗ്ഗം ഇല്ലാതെവന്നു. ഇപ്പോൾ രണ്ടുവർഷം ആയി കാര്യമായ കോണ്ടാക്റ്റ് ഇല്ല. വല്ലപ്പോഴും വഴിയിൽ വച്ച് കണ്ടാൽ പത്തോ ഇരുന്നൂറോ കൊടുക്കും.

 ഫോൺ ബെൽ കേട്ട് പെട്ടെന്ന് കുളി അവസാനിപ്പിച്ചു. എസ് ഐ ആണ്. ഉടൻതന്നെ തിരിച്ചു വിളിച്ചു.

"എന്താ ടോമിച്ചാ പ്രേം ശ്യാമളനെ ഓർമ്മ വന്നോ?"

"അതല്ല സാർ. സാറ് പറഞ്ഞില്ലേ അയാൾക്ക് ഫിറ്റ്സ് ഉണ്ടായ കാര്യം? ഫിറ്റ്സ് ഉണ്ടാകാറുള്ള ഒരു പരിചയക്കാരനുണ്ട് എനിക്ക്. കുറച്ചുകാലം എന്റെ പണിക്കാരനും ആയിരുന്നു. അവന്റെ പേര് പക്ഷേ പ്രേംശ്യാമളൻ എന്നല്ല, കുഞ്ഞുമോൻ എന്നാണ്. ഇനിയിപ്പോൾ അങ്ങനൊരു പേര് അവന് ഉണ്ടോയെന്നും അറിയില്ല. അവന് എന്റെ നമ്പർ കാണാപ്പാഠമായിരുന്നു. അവൻ ആകാനാണ് സാധ്യത. സാറ് ഒരു കാര്യം ചെയ്യാമോ, അയാളുടെ ഫോട്ടോ ഒന്ന് ഈ നമ്പറിൽ വാട്സാപ്പ് ചെയ്യാമോ?"

"തീർച്ചയായും ടോമിച്ചാ. പിന്നെ-- താൻ പ്രേം ശ്യാമളനെ അറിയുമായിരുന്നിട്ടും വെറുതെ പൊട്ടൻ കളിക്കുന്നു എന്നാണ് ആദ്യം കരുതിയത്. അതാണ് ഫോട്ടോ തരാതിരുന്നത്. ഫോട്ടോ വാട്സാപ്പിൽ ഇട്ടേക്കാം. നോക്കിയിട്ട് വിളിക്കൂ"

  ഡ്രസ്സ്ചെയ്തുകൊണ്ടിരിക്കെ വാട്സാപ്പ് മെസേജ് നോട്ടിഫിക്കേഷൻ വന്നു. ഫോണെടുത്ത് നോക്കി.വാട്സാപ്പിൽ എസ് ഐ ഇട്ട  ഫോട്ടോ  അത്ര ക്ലിയറല്ല.  കുഞ്ഞുമോന്റെ ഛായയുണ്ടെങ്കിലും ഉറപ്പിച്ചു പറയാനാകുന്നില്ല.  മുഖം വല്ലാതെ ചീർത്തിരിക്കുന്നു, ഭയങ്കര കരിവാളിപ്പും. കുഞ്ഞുമോൻ നല്ല വെളുത്തിട്ടാണ്. ഒരുപക്ഷേ സുരേഷിന് തിരിച്ചറിയാൻ കഴിഞ്ഞേക്കും, അടുത്തയിടെ കുഞ്ഞുമോനെ കൂടുതൽ കണ്ടിട്ടുള്ളത് അവനാണ്.  ഫോട്ടോ സുരേഷിന് ഫോർവേർഡ് ചെയ്തു. നോക്കിയിട്ട് വിളിക്കാൻ മെസേജ് ഇട്ടിട്ട് ചായകുടിക്കാൻ ഇരുന്നു.

  ചായകുടി കഴിഞ്ഞപ്പോഴേക്കും സുരേഷ് വിളിച്ചു,

         "കുഞ്ഞുമോന് പ്രേം ശ്യാമളൻ എന്ന് ഒരു പേരുളളത് എനിക്ക് അറിയില്ല. ഫോട്ടോ അവന്റെതന്നെ എന്നാണ് തോന്നുന്നത്, നൂറുശതമാനം ഉറപ്പില്ല. ഫോട്ടോയിൽ തലയുടെ മുൻഭാഗത്ത് ഒരു മുറിവ് ശ്രദ്ധിച്ചായിരുന്നോ? അതിന്റെയാകും മൂഖത്തെ ചീർപ്പും കറുപ്പും."

"ങാ, ശരിയാണ്, ഒരു മുറിവ് കണ്ടിരുന്നു. അവന്റെ സുഹൃത്തുക്കളുടെ നമ്പർ വല്ലതും ഉണ്ടോ? എങ്കിൽ അവരെ വിളിച്ച് ഒന്ന് കൺഫിം ചെയ്യാമായിരുന്നു"

   "അവന്റെ കൂട്ടുകാരെ പലരേയും വിളിച്ചു. മിക്കവരും ഫോൺ എടുത്തില്ല. എടുത്തവരോട് കുഞ്ഞുമോനെ തിരക്കി. അവർക്ക് അറിയില്ല എന്ന് പറഞ്ഞു. കോട്ടയത്തു നിന്നും എസ് ഐ വിളിച്ചതും മരിച്ചത് കുഞ്ഞുമോൻ ആണോയെന്ന് സംശയം ഉളളതായും പറഞ്ഞു.  'ചത്തെങ്കി ചാവട്ടേ ഞങ്ങൾക്ക് വേറെ പണിയുണ്ട്' എന്നാണ് അവർ പറഞ്ഞത്"

"അവർ വല്ല കാട്ടിലും ഇരുന്ന് വാറ്റുകയാകും. നമുക്ക് അവന്റെ വീടുവരെ ഒന്ന് പോയിനോക്കാം. അയൽക്കാരെ വിവരം അറിയിക്കാം. ആരെങ്കിലും കൂടെ വരുന്നെങ്കിൽ വരട്ടെ"

"ഓക്കേഡാ, ഞാൻ ജംഗ്ഷനിൽ നിൽക്കാം."

  ഫോട്ടോ കണ്ടിട്ട് അത്ര ഉറപ്പില്ലെങ്കിലും കുഞ്ഞുമോൻ ആകാനാണ് സാധ്യത എന്ന് എസ് ഐ യെ അറിയിച്ചു.

"ഈ കുഞ്ഞുമോന്റെ വീട്ടിൽ ആരൊക്കെയുണ്ട്?"

"ആരും ഇല്ല സാർ. അഞ്ച് വർഷം മുമ്പ് അമ്മ മരിച്ചേപ്പിന്നെ ഒറ്റയ്ക്കാണ് താമസം"

"കല്യാണം കഴിച്ചതാണോ"

"അതെ. ഒരു മകളും ഉണ്ട്. അവർ പക്ഷേ തോട്ടംപണിക്ക് വന്ന ഒരു തമിഴന്റെകൂടെ ഒളിച്ചോടിപ്പോയി എന്നാണ് കേട്ടിട്ടുള്ളത്."

"എത്രകാലം ആയിട്ടുണ്ട്?"

"കൃത്യമായി അറിയില്ല. ഞാൻ പരിചയപ്പെടുന്നതിന് മുമ്പാണ് അത്. ഈ കുഞ്ഞുമോന്റെ വീട് ഇവിടന്ന് കുറേ ദൂരെയാണ്രണ്ട് മലകൾക്ക് അപ്പുറത്ത്. എന്റെ ഒരു സുഹൃത്ത് മുഖേനയാണ് ഞാൻ കുഞ്ഞുമോനെ പരിചയപ്പെടുന്നതും തൊഴിലാളിയായി എനിക്കൊപ്പം കൂടുന്നതും. കുഞ്ഞുമോൻ ഒരു തടിപ്പണിക്കാരനാരുന്നു. കൂപ്പിൽ തടികേറ്റുന്നതിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് കുറേക്കാലം കിടപ്പിലായി. ആ സമയത്ത് ഭാര്യ കുഞ്ഞിനേയുംകൊണ്ട് ഒരു തമിഴന്റെ കൂടെ പോയെന്നും പിന്നെ അമ്മയാണ് അവനെ നോക്കിയതെന്നുമാണ് കേട്ടിട്ടുള്ളത്.  അന്ന് ആ അപകടത്തിൽ തലയ്ക്ക് പരിക്കേറ്റിരുന്നെന്നും അതിന് ശേഷമാണ് ഫിറ്റ്സ് വരാൻ തുടങ്ങിയത് എന്നും അവൻ പറഞ്ഞിട്ടുണ്ട്."

"അയാളുടെ സ്വന്തക്കാരെ ആരെയെങ്കിലും അറിയാമോ?"

"അടുത്ത സ്വന്തക്കാരൊന്നും ഇല്ലെന്ന് തോന്നുന്നു. കുഞ്ഞുമോനെ എനിക്ക് പരിചയപ്പെടുത്തിത്തന്ന സുരേഷ് എന്ന സുഹൃത്തിനെ ഞാൻ വിവരം അറിയിച്ചിട്ടുണ്ട്. അവന് കൂടുതൽ അറിയാമായിരിക്കും"

"ഓക്കേ, ടോമിച്ചാ. അയാളുടെ സ്വന്തക്കാർ ആരെങ്കിലും ഉണ്ടെങ്കിൽ വിവരം അറിയിക്കാമോ എന്ന് നോക്കുക. ഫോൺ നമ്പറും വാങ്ങു. പ്രേം ശ്യാമളൻ എന്ന പേരിലുള്ള എന്തെങ്കിലും തിരിച്ചറിയൽ രേഖകൾ കിട്ടുമോ എന്ന് നോക്കൂ. ശരീരത്തിൽ എന്തെങ്കിലും ഐഡന്റിഫിക്കേഷൻ മാർക്ക് ഉണ്ടായിരുന്നോ എന്നും തിരക്കണം. വിവരങ്ങൾ വാട്സാപ്പ് ചെയ്തേക്കൂ. അയാളുടെ വീട് ഏത് സ്റ്റേഷൻ പരിധിയിൽ ആണെന്നുകൂടി അന്വേഷിച്ചേക്ക്. കഴിയുന്നതും വേഗം വരാനും ശ്രമിക്കുക." 

 കുഞ്ഞുമോൻ എന്തിന് എങ്ങനെ കോട്ടയത്ത് എത്തി എന്ന് ആലോചിച്ചുകൊണ്ടാണ്  കാറോടിച്ചത്. ലോക്ഡൗൺ ആയതിനാൽ വണ്ടിയൊന്നും കിട്ടില്ല. ഇത്ര ദൂരം നടക്കുകയോ! വഴിനീളെ പോലീസ് ചെക്കിംഗുമുണ്ട്, സംശയം തോന്നിയാൽ പിടിച്ചുനിർത്തി ചോദ്യംചെയ്യും. കുഞ്ഞുമോന്റെ വേഷവും ഭാവവും കണ്ടാൽ ആരും സംശയിക്കുകയും ചെയ്യും. കുറേക്കാലമായി ഒരു അരവട്ടനേപ്പോലായിരുന്നു നടപ്പ്.

  ജംഗ്ഷനിൽനിന്ന് സുരേഷ് കയറി. കോട്ടയത്ത് കുഞ്ഞുമോന്  ബന്ധുക്കൾ ആരെങ്കിലും ഉണ്ടോ എന്ന് സുരേഷിനും അറിയില്ലത്രേ!

 കുഞ്ഞുമോന്റെ വീട്ടിലേക്കുളള ഇടവഴിയ്ക്കടുത്ത്  കാർ നിർത്തി. അവിടെനിന്ന് അരക്കിലോമീറ്ററോളം നടന്നു പോകണം, കുത്തനെയുള്ള കയറ്റം.

അടുത്തുളള പലചരക്കുകടക്കാരനെ പരിചയം ഉണ്ടെന്ന് പറഞ്ഞ് സുരേഷ് അങ്ങോട്ട് ചെന്നു. കാര്യങ്ങൾ അയാളെ ധരിപ്പിച്ചു. ഫോട്ടോ കാണിച്ചു. ഫോട്ടോയിൽ കാണുന്നത് കുഞ്ഞുമോൻ ആണെന്ന് അയാൾക്ക് ഉറപ്പില്ല . പ്രേം ശ്യാമളൻ എന്ന് ഒരു പേര് കുഞ്ഞുമോന് ഉളളതായി അറിയാമോ എന്ന് തിരക്കി. അയാൾ അങ്ങനെ കേട്ടിട്ടേയില്ല. ബന്ധുക്കളെ തിരക്കിയപ്പോൾ അങ്ങനെ അടുത്ത ബന്ധുക്കൾ ഇല്ലെന്നും  അകന്ന ബന്ധത്തിലുള്ള രണ്ട് വീടുകൾ ഉണ്ടെങ്കിലും അവരുമായി അടുപ്പമൊന്നും ഇല്ലായിരുന്നെന്നും പറഞ്ഞു. അവന്റെ സുഹൃത്തുക്കൾ ആരെങ്കിലും വരുകയാണെങ്കിൽ വിവരം അറിയിക്കാൻ പറഞ്ഞ് കുഞ്ഞുമോന്റെ വീട്ടിലേക്ക് നടന്നു.

  ഓടുമേഞ്ഞതെങ്കിലും ഇടിഞ്ഞു വീഴാറായ നിലയിലായിരുന്നു വീട്.  വീട്ടുമുറ്റത്ത് കാൽ വച്ചതും ഒരു ചാവാലിപ്പട്ടി ചീറിക്കുരച്ച് മുറ്റത്തെത്തി. എല്ലും തോലുമായി ചാകാറായിരുന്നെങ്കിലും ശൗര്യത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. ശബ്ദം കേട്ടാകണം അയൽവക്കത്തുനിന്ന് ഒരു ചേച്ചി വിളിച്ചു പറഞ്ഞു, "അവ്ടാരുമില്ല. അവനെങ്ങാണ്ടോ തെണ്ടിനടപ്പാ ഇങ്ങോട്ടെങ്ങാൻ വരാറില്ല"

"ഒരു കാര്യം പറയാൻ വന്നതാ, ഒന്നിങ്ങോട്ട് വരാവോ?" സുരേഷ് വിളിച്ചു ചോദിച്ചു.

  ചേച്ചി വീടിന് പിന്നിലേക്ക് പോയി ആരെയോ വിളിക്കുന്നതു കേട്ടു. അല്പം കഴിഞ്ഞ് ഒരു ചേട്ടൻ പറമ്പിൽനിന്ന് കയറി അടുത്തേക്ക് വന്നു. ചേട്ടനോട് കാര്യങ്ങൾ വിശദീകരിച്ചു.  ഫോട്ടോ കണ്ടിട്ട് ചേട്ടന് ഒരു ഭാവമാറ്റവും ഉണ്ടായില്ല. "ഓ, തീർന്നോ, നന്നായി" എന്ന് മാത്രം പറഞ്ഞു.

"ബന്ധുക്കൾ വല്ലവരും ഉണ്ടോ ചേട്ടാ" സുരേഷ് ചോദിച്ചു.

  " അകന്ന ബന്ധത്തിൽ രണ്ട് വീടുണ്ട്ദാണ്ടേ കാണണ വീടുകളാ." അയാൾ അടുത്ത കുന്നിൻമുകളിലേക്ക് ചൂണ്ടിക്കാണിച്ചു.

"അവിടെ ആണുങ്ങൾ ആരെങ്കിലും കാണുവോ?"

", കാണും. ലോക്ഡൗണല്ലേ. അവര് വരൂന്നുമ്മറ്റെ തോന്നണില്ല. പോയി നോക്ക്"

 കുന്നിൻ മുകളിലേക്ക് കയറുമ്പോൾ ശരിക്കും ദേഷ്യം വന്നു. ഓരോരോ ഏടാകൂടങ്ങൾ വരുന്ന വഴി. അവന് ഇവിടെങ്ങാനും കിടന്ന് ചത്താൽ പോരായിരുന്നോ എന്ന് മനസ്സിലോർത്തു. 

  വീടിന് മുന്നിൽ നിന്ന് വിളിക്കാൻ തുടങ്ങവേ ഒരു ചെറുപ്പക്കാരൻ പുറത്തേക്ക് ഇറങ്ങിവന്ന് ചോദ്യഭാവത്തിൽ നോക്കി. കാര്യം കേട്ടതും അയാൾ പറഞ്ഞു,

     "എന്റെ പൊന്നു ചേട്ടമ്മാരേ ആ നശൂലംപിടിച്ചവൻ ഉണ്ടാക്കുന്ന കുഴപ്പങ്ങൾ തീർക്കാൻ ഞങ്ങള് കുറെ നടന്നതാ. ദാ ഇപ്പൊ ചത്തപ്പോഴും പ്രശ്നം!  ഞങ്ങൾക്ക് മേലാ ഇനി, നിങ്ങളെന്താന്നുവച്ചാ ചെയ്യ്"

 അയാൾ ആർക്കോ ഫോൺ ചെയ്ത് എന്തോ പറഞ്ഞു. അപ്പോൾത്തന്നെ അടുത്ത വീട്ടിൽനിന്ന് അയാളെക്കാൾ പ്രായമുള്ള ഒരാൾ വന്നു. വന്നതും അയാൾ ദേഷ്യപ്പെട്ടു,

  "കൊണ്ട് നടന്നോരും മൊതലെടുത്തോരും ചൊമക്കെട്ടടാ. നീ നിന്റെ പണിനോക്ക്"

"ചേട്ടാ നിങ്ങൾ ഒന്നും ചെയ്യണ്ട. ഞങ്ങളുടെ കൂടെ വന്ന് ആളെയൊന്ന് ഐഡന്റിഫൈ ചെയ്താമതി"

"അത് നിങ്ങളങ്ങ് ചെയ്തോണ്ടാമതി, ഞങ്ങൾക്ക് വേറെ പണിയൊണ്ട്"

"പ്രേം ശ്യാമളൻ എന്നായിരുന്നോ കുഞ്ഞുമോന്റെ ശരിക്കുള്ള പേര്?"

"അതാണ് സ്കൂളിൽ ഇട്ടത്. നാലിൽ പഠിപ്പ് നിർത്തി. ഞങ്ങൾ ഒന്നിച്ച് പഠിച്ചതാണ്. അതുകൊണ്ട് എനിക്ക് അറിയാം. പിന്നീട് പ്രേം ശ്യാമളൻ എന്ന പേര് ആരും വിളിച്ചുകേട്ടിട്ടില്ല" ആദ്യം കണ്ട യുവാവാണ് അത് പറഞ്ഞത്.

"ഒരു ഉപകാരം ചെയ്യാമോ? ആ വീട്ടിൽവരെ ഒന്ന് വരാമോ? പ്രേം ശ്യാമളൻ എന്ന പേരിലുള്ള എന്തെങ്കിലും തിരിച്ചറിയൽ രേഖ ഉണ്ടെങ്കിൽ എടുത്ത് തരാമോ?"

"എന്നിട്ടുവേണം അവിടെ കയറി രേഖകൾ കട്ടെന്ന് നാട്ടുകാർ പറയാൻ. ഒന്ന് പോടാപ്പനേ, വേണേൽ പോലീസ് വന്ന് നോക്കട്ടെ."

"സുഹൃത്തേ, ഞങ്ങൾ ഒരു ഗതികേടിന് ഇതിൽവന്ന് പെട്ടതാണ്. നിങ്ങളുടെ നമ്പർ ഒന്ന് തരാവോ. കുഞ്ഞുമോന്റെ അഡ്രസ്സും?" സുരേഷ് ഒരു അപേക്ഷയുടെ രൂപത്തിൽ ചോദിച്ചു.

   ചെറുപ്പക്കാരൻ നമ്പറും പേരും പറഞ്ഞു. അത് എസ് ഐ ക്ക് വാട്സാപ്പ് ചെയ്തിട്ട് വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. ഏത് പോലീസ് സ്റ്റേഷന്റെ പരിധിയിൽ ആണെന്നും പറഞ്ഞു. ഒന്ന് വെയ്റ്റ് ചെയ്യൂ ഞാൻ ഒന്ന് സംസാരിച്ച് നോക്കട്ടെ എന്നുപറഞ്ഞ് എസ് ഐ ഫോൺ കട്ട് ചെയ്തു.

  ഫോൺ ബെല്ലടിച്ചതും അറ്റന്റ് ചെയ്തുകൊണ്ട് യുവാവ് വീടിനുള്ളിലേക്ക് പോയി. എന്താണ് സംസാരിച്ചത് എന്ന് അറിയില്ല, അവൻ തിരികെ വന്ന് മറ്റേയാളോട് എന്തോ സ്വകാര്യം പറഞ്ഞു. പിന്നെ അകത്തുപോയി ഒരു മാസ്ക് ധരിച്ചുവന്നു.   കുഞ്ഞുമോന്റെ വീട്ടിലേക്കുള്ള വഴിയേ നടന്നു. മറ്റേയാളും മനസില്ലാ മനസോടെ കൂടെ വന്നു.

  വാതിലിന് പൂട്ടൊന്നും ഉണ്ടായിരുന്നില്ല. ചെറുപ്പക്കാരൻ അകത്തുകയറി. ചെറിയ ഒരു മരപ്പെട്ടിയുമായി യുവാവ് വെളിയിൽ വന്ന് അത് തുറന്നു. പിഞ്ഞിക്കീറിയ പേപ്പറുകൾക്കിടയിൽനിന്ന് ഒരു റേഷൻകാർഡ് കണ്ടെടുത്തു. അതിൽ പക്ഷേ പ്രേം ശ്യാമളൻ എന്നോ കുഞ്ഞുമോൻ എന്നോ പേര് ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് അമ്മയുടെ പേര് മാത്രം.

 "ആധാർ കാർഡൊന്നും കാണാൻ സാധ്യതയില്ല. ഉണ്ടെങ്കിൽ റേഷൻകാർഡിലും പേര് കണ്ടേനെ. ഇലക്ഷൻ ഐഡി കാണണ്ടതാണ്" എന്ന് പറഞ്ഞ് പിന്നേയും തിരഞ്ഞുകൊണ്ടിരുന്നു.

ഇതിനിടയിൽ തിണ്ണയിൽ കയറി നോക്കുകയായിരുന്ന പ്രായം കൂടിയ ആൾ ഉത്തരത്തിനടിയിൽനിന്ന് ഒരു കെട്ട് പേപ്പർ വലിച്ചെടുത്തു. അതിൽ ഇലക്ഷൻ ഐഡി ഉണ്ടായിരുന്നു.ഭാഗ്യം  അതിൽ പേര് പ്രേം ശ്യാമളൻ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

  റേഷൻകാർഡും ഐഡിയും കയ്യിൽ വാങ്ങുമ്പോൾ കുഞ്ഞുമോന്റെ ഭാര്യ എവിടെയാണ് എന്ന് വല്ല വിവരവും അറിയാമോ എന്ന് തിരക്കി. ഇല്ലെന്ന് യുവാവ് മറുപടനല്കി.

 "ആ സ്ത്രീയുടെ സ്വന്തക്കാർ ആരെങ്കിലും ഇവിടെ അടുത്ത് ഉണ്ടോ?"

"ഉണ്ട്. അവരുമായി ഇപ്പോൾ ബന്ധമൊന്നും ഉണ്ടാകാൻ വഴിയില്ല. കുഞ്ഞുമോനും സരളയുമായുളള ബന്ധത്തിന് അവർ എതിരായിരുന്നു. കുഞ്ഞുമോൻ എതിർപ്പ് വകവയ്ക്കാതെ സരളയെ വിളിച്ചിറക്കി കൊണ്ടുവരുകയായിരുന്നു."

"ഒന്ന് അറിയിക്കേണ്ടത് മര്യാദയാണല്ലോ, ഒരു മകളും ഉള്ളതല്ലേ. എന്തെങ്കിലും മാർഗ്ഗം ഉണ്ടോ?"

"എളുപ്പമല്ല. ആ തമിഴൻ പണിയെടുത്തിരുന്ന ലക്ഷ്മി എസ്റ്റേറ്റിൽ അയാളുടെ ബന്ധുക്കൾ ആരെങ്കിലും ഇപ്പോഴും കണ്ടേക്കാം."

"നിങ്ങൾ ബാല്യകാല സുഹൃത്തുക്കൾ ആണെന്നല്ലേ പറഞ്ഞത്. കുഞ്ഞുമോന്റെ ശരീരത്തിൽ എന്തെങ്കിലും ഐഡന്റിഫിക്കേഷൻ മാർക്ക് ഉണ്ടായിരുന്നോ",

"പുറത്ത് അരവിരൽ നീളത്തിൽ ഒരു കറുത്ത മറുകുണ്ട്"

 "ശരി. ഞങ്ങൾ കോട്ടയത്തിന് പോകുകയാണ്, അവിടെ ചെന്നിട്ട് വിളിക്കാം" എന്ന് പറഞ്ഞ് മടങ്ങി.

 കവലയിൽ എത്തിയപ്പോൾ കുഞ്ഞുമോന്റെ ഒരു സുഹൃത്ത് കാത്ത് നിൽപ്പുണ്ടായിരുന്നു. 

"അവരാരും വരുന്നില്ല അല്ലേ?" എന്ന് ചോദിച്ച് അയാൾ അടുത്തേക്ക് ചെന്നു.

 "ഇല്ല."

ഫോട്ടോ അവൻ ഏകദേശം തിരിച്ചറിഞ്ഞു. പ്രേം ശ്യാമളൻ എന്ന പേര് അവനും കേട്ടിട്ടില്ല.

"താൻ വരുന്നോ കോട്ടയത്തിന്?"

" കാണണുന്നുണ്ട്---, വരണില്ല. എനിക്ക് പേടിയാ, പോലീസ് ഓരോന്ന് കുത്തിക്കുത്തി ചോദിക്കും, എന്തിനാ വെറുതെ---"

"കുഞ്ഞുമോൻ കോട്ടയത്തിന് പോകാൻ കാരണമെന്താന്ന് വല്ല ഊഹവുമൊണ്ടോ?"

"ലോറിയോടിക്കണ ഒരു കുട്ടുകാരൻ കോട്ടയത്തുവച്ച് കുഞ്ഞോന്റെ കെട്ട്യോളെ കണ്ടൂന്ന് പറഞ്ഞാരുന്നു. അപ്പോ മുതൽ മോളെ കാണണം എന്ന് ഇടയ്ക്കൊക്കെ പറഞ്ഞോണ്ടിരുന്നു. വെളളം മൂത്താ അതുതന്നെ പറഞ്ഞ് നെലോളിയാകും"

"എന്നാലും കോട്ടയത്ത് എവിടെ പോയി അന്വേഷിക്കാനാ? അങ്ങനെ അവൻ പോകുമോ?

"അറിയില്ല. എന്തേലും ആരേലും പറഞ്ഞിട്ടൊണ്ടാകും"

"എന്നാ ശരി, കാണാം"

  സുരേഷിനോട് കാർ ഓടിക്കാൻ പറഞ്ഞ്  കാറിൽ കയറി.

"ഇനി നേരെ കോട്ടയത്തേക്കല്ലേ?" സുരേഷ് ചോദ്യഭാവത്തിൽ നോക്കി.

"അതെ. വിളിച്ചു പറയേണ്ടവരെ പോകുംവഴി വിളിക്കാം."

"ലക്ഷ്മി എസ്റ്റേറ്റിൽ അന്വേഷിക്കണോ?"

"ലക്ഷ്മി എസ്റ്റേറ്റിന്റെ മാനേജർ തങ്കച്ചൻ എന്റെ സുഹൃത്താണ്. വിളിച്ചു നോക്കാം"

തങ്കച്ചനെ വിളിച്ച് കാര്യം പറഞ്ഞു. അന്വേഷിച്ചിട്ട് തിരിച്ചു വിളിക്കാമെന്ന് പറഞ്ഞു കട്ട് ചെയ്തു.

"സുരേഷേ, മകളെ കാണാനാകണം അവൻ പോയത്, അല്ലേ?"

"അതെ, പക്ഷേ ഈ ലോക്ഡൗണിൽ!"

"അതാണ് അത്ഭുതം. ഇത്രയും ദൂരം നടക്കുക!"

"കഷ്ടംതന്നെ!  കയ്യിൽ കാശും കാണില്ല."

"വെളളമടിക്കാനും വഴിയില്ല. ശരിക്കും ഭ്രാന്ത് ആയിക്കാണും."

" അവിടെ എത്തും മുമ്പ്  പലതവണ ഫിറ്റ്സ് ഉണ്ടായിക്കാണാനും സാധ്യത ഉണ്ട്, പ്രത്യേകിച്ചും ആഹാരവും മദ്യവും ഇല്ലാത്ത സ്ഥിതിക്ക്"

"ആർക്കറിയാം! ആഹാരം പണ്ടേയില്ലല്ലോ, കുടിതന്നെ കുടി"

"കഷ്ടം തന്നെ!"

മൊബൈൽ ശബ്ദിച്ചു,

ലക്ഷ്മി എസ്റ്റേറ്റിലെ തങ്കച്ചനാണ്.  അഴകപ്പന്റെ നമ്പർ കിട്ടി, അതാണ് ആ തമിഴന്റെ പേര്. കോട്ടയം റെയിൽവേ സ്റ്റേഷനടുത്ത് തേപ്പുകടയാണ്. അതിനടുത്ത് എവിടെയോ ആണ് താമസവും. 'നേരിട്ടുപോയി തെറി കേക്കണ്ടടാ ടോമിച്ചാ' എന്നൊരു ഉപദേശവും കിട്ടി തങ്കച്ചന്റെ വകയായി. എസ് ഐയ്ക്ക് വാട്സാപ്പ് മെസേജ് അയച്ചു . ആളെ വിട്ട് പൊക്കാം, ഫോൺ ചെയ്താലൊന്നും  ഇത്തരക്കാർ സമയത്ത് വരില്ല എന്ന് മറുപടി കിട്ടി.

മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ മൂന്നുമണിയായി. എസ് ഐ യെ വിളിച്ചു. മോർച്ചറിയുടെ അടുത്ത് ഒരു പോലീസുകാരൻ കാണുമെന്നും ആളെ ഐഡന്റിഫൈ ചെയ്യാൻ സൗകര്യംചെയ്യുമെന്നും പറഞ്ഞു. തന്റെ തൊഴിലാളിയാണ് കുഞ്ഞുമോൻ എന്നനിലയിൽ എഴുതിക്കൊടുക്കാനും അതിന് ശേഷം സ്റ്റേഷനിൽ ചെല്ലാനും നിർദ്ദേശിച്ചു.

    മുഖം ചീർത്തിട്ടുണ്ടെങ്കിലും നേരിൽ കണ്ടപ്പോൾ തിരിച്ചറിയാൻ വിഷമമുണ്ടായില്ല. നിർവ്വികാരതയോടെ നോക്കിനിന്നു. തലയുടെ മുൻഭാഗത്ത് ഒരു മുറിവുണ്ട്. ചുളളിക്കമ്പ് പോലെ ശരീരം. കഴുത്തുമുതൽ താഴേയ്ക്ക് ഇടതുഭാഗത്ത് കൈ ഉൾപ്പെടെ പൊള്ളലേറ്റതുപോലെ. ഐഡന്റിഫിക്കേഷൻ മാർക്ക് നോക്കാനായി ശരീരം തിരിച്ചു കിടത്തി. അടയാളം പോലീസുകാരനെ കാട്ടിക്കൊടുത്തു. അപ്പോഴേക്കും മനംപിരട്ടാൻ തുടങ്ങി. ഡബിൾ മാസ്ക് ഉണ്ടായിട്ടും തുളഞ്ഞു കയറുന്ന ദുർഗന്ധം. തലചെകിടിക്കുന്നു. എങ്ങനേയും പുറത്ത് കടന്നാൽ മതിയെന്നായി. സുരേഷും സമാനാവസ്ഥയിൽ തന്നെ.  ബോഡിക്കൊപ്പം നിർത്തി പോലീസുകാരൻ കുറച്ച് ഫോട്ടോ എടുത്തു. കുഞ്ഞുമോന്റെ വസ്ത്രങ്ങൾ പൊതിഞ്ഞ് വച്ചിരുന്നത് കാണിച്ചു, ഷർട്ടിൽ ചെളി കട്ടപിടിച്ചിരുന്നു എങ്കിലും തിരിച്ചറിയാൻ കഴിഞ്ഞു. ഇതേ ഷർട്ടും ലുങ്കിയും ധരിച്ച് പലപ്പോഴും അവനെ കണ്ടിട്ടുണ്ട്.

 പോലീസുകാരൻ കാണിച്ചു കൊടുത്ത പേപ്പറുകളിൽ ഒപ്പിട്ടു കൊടുത്തു. ആശുപത്രി രേഖകളിലും ആവശ്യമായിടത്ത് ഒപ്പിട്ട് കുഞ്ഞുമോനെ അറ്റന്റ്ചെയ്ത ഡോക്ടറെ കണ്ട് സ്വയം പരിചയപ്പെടുത്തി.

"ഇവിടെ കൊണ്ടുവരുമ്പോൾ ബോധം ഉണ്ടായിരുന്നില്ല. തലയിൽ മുൻഭാഗത്ത് ഒരു മുറിവ് ഉണ്ടായിരുന്നു. അത് അത്ര ആഴമുളളതായിരുന്നില്ല. ദേഹത്ത് തിളച്ച വെള്ളം വീണ് പൊളളിയിട്ടുണ്ടായിരുന്നു. ശരീരത്തിൽ പലയിടത്തും ചെറിയ ചെറിയ മുറിവുകളും ചതവുകളും ഉണ്ടായിരുന്നു. ഡിഹൈഡ്രേഷനും ശക്തമായ പനിയും. ശരീരം വൃത്തിയാക്കി ആന്റിസെപ്റ്റിക് ഓയിന്റ്മെ പുരട്ടി, ഡ്രിപ്പിട്ട് ഇഞ്ചക്ഷനും കൊടുത്ത് അരമണിക്കൂർ കഴിഞ്ഞ്  ബോധം വന്നു. പേരും കോണ്ടാക്റ്റ് നമ്പരും പറഞ്ഞു. പിന്നെ മയങ്ങി. ഫിറ്റ്സ് ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. അല്ലെങ്കിൽ ഒരു പക്ഷെ രക്ഷപ്പെടുത്താമായിരുന്നു."

"ഇടയ്ക്കിടെ ഫിറ്റ്സ് ഉണ്ടാകാറുണ്ടായിരുന്നു."

"അതേയോ, എങ്കിൽ ഫിറ്റ്സ് ഉണ്ടായിത്തന്നെ ആകും വീണത്. കുറേ സമയം കഴിഞ്ഞതുകൊണ്ട് ഇവിടെ കൊണ്ടുവന്നപ്പോൾ അത് മനസ്സിലായില്ല. ഇങ്ങനെ എത്രയോപേരെ ഇവിടെ കൊണ്ടുവരുന്നു. പലപ്പോഴും ഞങ്ങൾ നിസ്സഹായരാണ്"

"ഓക്കേ ഡോക്ടർ. ഞങ്ങൾ ഇനി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ"

"പേപ്പറുകൾ സൈൻചെയ്ത് കൊടുത്തെങ്കിൽ ഇവിടെ പ്രത്യേകിച്ച് ഒന്നുമില്ല. പോലീസുമായി ബന്ധപ്പെട്ടാൽ മതി"

സ്റ്റേഷനിൽ എത്തുമ്പോൾ എസ് ഐ അവിടെത്തന്നെ ഉണ്ടായിരുന്നു.  ഫോണിൽ സംസാരിച്ചപ്പോൾ തോന്നിയതുപോലെ പരുക്കനൊന്നും അല്ല, സൗമ്യനായ ഒരു ചെറുപ്പക്കാരൻ.

"നിങ്ങൾ ഇരിക്ക്. എന്താ സുഹൃത്തിന്റെ പേര്?"

സുരേഷ് പേര് പറഞ്ഞു.

"സോറി ടോമിച്ചാ, താനൊന്ന് വിരണ്ടല്ലേ"

"അതുപിന്നെ-- ഒരു അജ്ഞാതന്റെ മരണവുമായി ബന്ധപ്പെടുത്തുമ്പോൾ ആരായാലും വിരണ്ടുപോകില്ലേ!"

"താൻ പ്രേംശ്യാമളനെ അറിയില്ല എന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്ന് സംശയിച്ചു. ഇതൊരു ദുരൂഹ മരണം ആണല്ലോ. അബോധാവസ്ഥയിൽ റോഡരികിൽ കിടക്കുന്ന നിലയിലാണ് വെളുപ്പിനെ ട്രാഫിക്കിൽ ഉണ്ടായിരുന്ന പോലീസുകാർ കണ്ടത്. തലയിൽ ഒരു മുറിവ് ഉണ്ടായിരുന്നു. ആളെ തിരിച്ചറിയാൻ ഒരു മാർഗ്ഗവും ഇല്ലായിരുന്നു. ഫോട്ടോ മറ്റ് സ്റ്റേഷനുകളിലേക്ക് ഫോർവേർഡ് ചെയ്തു. ഏകദേശം ഇതുപോലെ ഒരാളെ നാട്ടുകാർ കളളനെന്ന് പറഞ്ഞ് പിടികൂടി അഞ്ച് ദിവസം മുൻപ് മണർകാട് പോലീസിൽ ഏല്പിച്ചതായി അറിഞ്ഞു. ആ സമയം കയ്യിൽ ഡ്രിപ്പിടാനായി ഇട്ട ഇഞ്ചക്ഷൻ നീഡിൽ ഉണ്ടായിരുന്നു. മണർകാട് പോലീസിന്റെ അന്വേഷണത്തിൽ അയാളെ ആരോ ഫിറ്റ്സ് ഉണ്ടായ അവസ്ഥയിൽ ഗവ.ആശുപത്രിയിൽ എത്തിച്ചതായിരുന്നു എന്നും ബോധം വന്നപ്പോൾ ചാടിപ്പോന്നതാണ് എന്നും അറിഞ്ഞു. കുഴപ്പക്കാരൻ അല്ലെന്ന് മനസ്സിലായതോടെ ആഹാരവും അല്പം പൈസയും കൊടുത്ത് അവിടെനിന്ന് പറഞ്ഞുവിടുകയായിരുന്നു. അത്രയും വിവരങ്ങൾ ശേഖരിച്ചു വന്നപ്പോഴേക്കും ആൾ മരിച്ചു എന്ന് ഫോൺ വന്നു. മരിക്കുന്നതിന് കുറച്ച് മുൻപ് ബോധം തെളിഞ്ഞിരുന്നു എന്നും പേരും കോണ്ടാക്റ്റ് നമ്പരും കിട്ടിയിട്ടുണ്ട് എന്നും അറിയിച്ചു."

"കുഞ്ഞുമോൻ എന്ന് പറയാതെ പ്രേം ശ്യാമളൻ എന്ന് പറഞ്ഞതാണ് സാറേ ആകെ കൺഫ്യൂഷൻ ആയത്"

"ജീവിതത്തിൽ ഒരിക്കലെങ്കിലും സ്വന്തം പേര് ഉപയോഗിക്കാൻ അവൻ ആഗ്രഹിച്ചു കാണും ടോമിച്ചാ. താൻ പ്രേം ശ്യാമളനെ അറിയില്ല എന്ന് പറഞ്ഞപ്പോൾ എനിക്ക് ആകെ സംശയമായി.  തന്റെ ലൊക്കേഷൻ ഹിസ്റ്ററിയും കാൾ ഡീറ്റെയിൽസും ഒക്കെ എടുത്തു. നിങ്ങളുടെ ലോക്കൽ പോലീസിൽ ഒരു ഇൻഫർമേഷനും കൊടുത്തു. അപ്പോഴേക്കും നിങ്ങൾ ആളെ തിരിച്ചറിഞ്ഞത് ഭാഗ്യം"

"നാറ്റിച്ചേനേലോ ദൈവമേ! ഇപ്പോൾ സംശയം തീർന്നോ?"

"പോസ്റ്റുമോർട്ടംകൂടി കഴിയട്ടെ. ഉടൻതന്നെ ചെയ്യാൻ ഏർപ്പാട് ചെയ്തിട്ടുണ്ട്."

"അഴകപ്പന്റെ വല്ല വിവരവും കിട്ടിയോ?"

"അതൊക്കെ എപ്പോഴേ പൊക്കി. അവരെ ഇവിടെ കൊണ്ടുവന്നിരുന്നു. ഫോട്ടോ കാണിച്ചത് അവർ തിരിച്ചറിഞ്ഞു.  ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്, ബോഡി ഐഡന്റിഫൈ ചെയ്യാൻ."

", അവർ വന്നല്ലോ എന്തായാലും! ബോഡി ഏറ്റെടുക്കുമോ?"

"നല്ല കാര്യമായി! അവർ വരാൻപോലും തയ്യാറല്ലായിരുന്നു"

"ഇല്ലെങ്കിൽ പിന്നെ എന്ത് ചെയ്യും?"

"ഏറ്റെടുക്കാൻ തയ്യാറല്ലെങ്കിൽ എഴുതിവാങ്ങും. നാട്ടിലെ സ്വന്തക്കാരിൽനിന്നും എഴുതി വാങ്ങിയേക്കാൻ അവിടെ സ്റ്റേഷനിൽ അറിയിച്ചിട്ടുണ്ട്. അതിന് ശേഷമേ സംസ്കരിക്കൂ. വെറുതെ റിസ്ക് എടുക്കേണ്ടല്ലോ."

"കുഞ്ഞുമോൻ മകളെ കാണാൻ ചെന്നിരുന്നോ?"

"ചെന്നില്ല, കണ്ടില്ല എന്നൊക്കെയാണ് ആദ്യം അഴകപ്പനും സരളയും പറഞ്ഞത്. അവന്റെ ശരീരത്തിലെ പൊളളൽ കണ്ടിരുന്നോ? എന്ത് ക്രൂരതയാണ്!. അവരല്ലാതെ വേറാരും അത് ചെയ്യില്ലെന്ന് തോന്നി.  രണ്ടെണ്ണമങ്ങ് കൊടുത്തു. കൊലപാതകക്കേസും തലയിൽ വച്ചുകൊടുക്കും എന്ന് പറഞ്ഞപ്പോൾ വളച്ചുകെട്ടി കുറച്ചൊക്കെ പറഞ്ഞു."

"പ്രേം ശ്യാമളൻ ചെല്ലുമ്പോൾ മകൾ വീടിന് പുറത്ത് ഉണ്ടായിരുന്നു. മകളെ കണ്ട് അയാൾ വേച്ച് വേച്ച് ചെന്ന് കെട്ടിപ്പിടിക്കാൻ ശ്രമിച്ചെന്നും മകൾ കരഞ്ഞുവിളിക്കുന്നതുകേട്ടാണ് സരള വന്നത് എന്നും പറയുന്നു. വികൃതമായ വേഷവും രൂപവും കണ്ട് ഏതോ ഭ്രാന്തൻ എന്നാണത്രേ കരുതിയത്. മകളെ വിടാൻ കൂട്ടാക്കാതിരുന്നപ്പോൾ  ചൂടുവെള്ളം ഒഴിച്ചത്രേ. അതോടെ അയാൾ ഓടിപ്പോയെന്നും പറയുന്നു"

"സരള കുഞ്ഞുമോനെ തിരിച്ചറിഞ്ഞില്ല എന്നാണോ? കുഞ്ഞുമോൻ മകളെ തിരിച്ചറിഞ്ഞെന്നാണല്ലോ അവർ പറഞ്ഞതിൽനിന്ന് മനസ്സിലാകുന്നത്. പതിനഞ്ച് വർഷം മുമ്പ് കണ്ടതല്ലേ. മകൾക്ക് ഇപ്പോൾ പതിനേഴ് വയസ്സെങ്കിലും കാണും."

"അവളൊരു വിളഞ്ഞ വിത്താണ്. തീർച്ചയായും തിരിച്ചറിഞ്ഞിട്ടുണ്ട്.

അവശനിലയിൽ ഒരാൾ വന്ന് സരളയുമായി സംസാരിക്കുന്നത്  അയൽക്കാരൻ കണ്ടിട്ടുണ്ട്. അയാൾ പോകാതെ വാശിപിടിച്ചപ്പോൾ  കപ്പിൽ വെള്ളം കൊണ്ടുവന്ന് ഒഴിക്കുകയാരുന്നത്രേ. അതോടെ അയാൾ അലറിക്കരഞ്ഞ് ഓടി എന്നാണ് പറഞ്ഞത്."

"അപ്പോൾ മകളെ കാണാൻ കഴിഞ്ഞിട്ടുണ്ടാകില്ല!"

 "അങ്ങനെ തോന്നുന്നു. മരണവുമായി അവർക്ക് നേരിട്ട് ബന്ധമില്ലെങ്കിൽ പിന്നെ ഒന്നും ചെയ്യാനില്ല"

"മകളെ കൊണ്ടുവന്നിട്ടുണ്ടോ അവർ?"

"ഇല്ല"

 "മകൾക്ക് കാണണമെന്ന് ഉണ്ടെങ്കിലോ?"

"ശരിയാണ്. ഞാൻ അത് ഓർത്തില്ല. ഇതൊന്നും നമ്മളെ സംബന്ധിക്കുന്ന കാര്യങ്ങളല്ല. എങ്കിലും---" എന്ന് പറഞ്ഞ് എസ് ഐ ആശുപത്രിയിൽ പോയ പോലീസുകാരെ വിളിച്ച് ആ പെൺകുട്ടിയെ ബന്ധപ്പെടാൻ നിർദ്ദേശിച്ചു, കുട്ടിക്ക് ആഗ്രഹം ഉണ്ടെങ്കിൽ കൊണ്ടുവന്ന് കാണിക്കാനും.

"ഞങ്ങൾ ഇനി എന്തുചെയ്യണം സാർ"

 "അയാളുടെ ഭാര്യകൂടി വന്നത് നന്നായി. നിങ്ങൾക്ക് വേണമെങ്കിൽ പോകാം, വിളിച്ചാൽ വരേണ്ടിവരും. ഏതായാലും പോസ്റ്റ് മോർട്ടം കഴിയട്ടെ. ഇപ്പോൾ റിപ്പോർട്ട് കിട്ടില്ല എങ്കിലും സർജ്ജനുമായി അനൗദ്യോഗികമായി നമുക്കൊന്ന് സംസാരിക്കാം. ഞാനും വരാം, പുറത്ത് വെയ്റ്റ് ചെയ്യൂ"

 പോസ്റ്റുമോർട്ടം കഴിഞ്ഞപ്പോഴേക്കും എസ് ഐ യുടെ കൂടെ ആശുപത്രിയിലേക്ക് ചെന്നു. സരളയും അഴകപ്പനും ദൂരെമാറി നിന്നിരുന്നത് സുരേഷ് കാണിച്ചുതന്നു. അവൻ സരളയെ മുമ്പ് കണ്ടിട്ടുണ്ടായിരുന്നു.

ഒരോ ചായ കുടിച്ചുകൊണ്ട് മുറ്റത്ത് നിന്നുകൊണ്ടുതന്നെ പോലീസ്സർജ്ജനുമായി സംസാരിച്ചു.

  "മുറിവ് ആഴത്തിലുള്ളത് അല്ലായിരുന്നു.  മുറിവുകളോ പൊളളലോ മരണകാരണമല്ല. ന്യൂമോണിയ ബാധിച്ചിരുന്നു. ഡിഹൈഡ്രേഷൻ ഉണ്ടായിരുന്നു. ഫിറ്റ്സിനൊപ്പം ഉണ്ടായ സ്ട്രോക്കാണ്  മരണകാരണം. ആഹാരം കഴിച്ചിട്ട് കുറഞ്ഞത് നാല് ദിവസം ആയിട്ടുണ്ട്." സർജ്ജൻ തന്റെ നിഗമനം പറഞ്ഞു.

   എസ് ഐ യോട് യാത്ര പറഞ്ഞു കാറിൽ കയറുമ്പോൾ, കുഞ്ഞുമോന്റെ മകളായിരിക്കണം, കരഞ്ഞുകൊണ്ട് പോലീസുകാർക്ക് ഒപ്പം മോർച്ചറിയുടെ അടുത്തേക്ക് പോകുന്നത് കണ്ടു.  

മടക്കയാത്രയിൽ കാറിലിരിക്കുമ്പോൾ സുരേഷ് ചോദിച്ചു, "സ്വന്തം പേര് വിളിച്ചു കേൾക്കാൻ ആഗ്രഹിക്കാത്ത മനുഷ്യർ ഉണ്ടാകുമോ?"

 "ശരിയാണ്. അവൻ അവനെത്തന്നെ വിളിച്ചിരുന്നത് പ്രേംശ്യാമളൻ എന്നാകും. സുരേഷ, ഞാൻ ഒരു കാര്യം ചോദിക്കട്ടെ, കുഞ്ഞുമോൻ എവിടെയെങ്കിലും പെട്ടുകിടക്കുകയാണ് വരണം രക്ഷിക്കണം എന്ന് പറഞ്ഞു ഫോൺ ചെയ്തിരുന്നു എങ്കിൽ നീയോ ഞാനോ ചെല്ലുമായിരുന്നോ?"

"നീ പോകുമായിരിക്കും. ഞാൻ പോകില്ല"

"ഇല്ലെടാ, ഞാനും പോകില്ല"

"അതേടാ, ഒരു പക്ഷേ നാളെയൊരിക്കൽ നീ വിളിച്ചാൽ ഞാനും ഞാൻ വിളിച്ചാൽ നീയും വന്നെന്ന് വരില്ല!"

 "സുരേഷേ, അത് പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർമ്മവന്നത്, രണ്ട് ദിവസം മുമ്പ് ഒരു കാൾ വന്നിരുന്നു. പരിചയമില്ലാത്ത നമ്പർ ആയതുകൊണ്ട് എടുക്കാൻപോയില്ല. പിന്നീട് വിളിച്ചതുമില്ല."

"വിട്ടുകള ടോമിച്ചാ, വല്ല റോങ് നമ്പറും ആകും"

"എന്നാലും, ഒന്ന് വിളിച്ചു നോക്കിയാലോ? ആരായിരുന്നു എന്ന് അറിയാമല്ലോ"

 ആ നമ്പർ കണ്ടുപിടിച്ച് വിളിച്ചു. രണ്ട് പ്രാവശ്യം ട്രൈചെയ്തപ്പോഴാണ് ഫോൺ എടുത്തത്.

 "ഹലോ, എന്റെ പേര് ടോമിച്ചൻ. ഈ നമ്പറിൽനിന്ന് രണ്ട് ദിവസം മുമ്പ് ഒരു കാൾ വന്നിരുന്നു. തിരിച്ചു വിളിക്കാൻ കഴിഞ്ഞില്ല"

"ഏയ്, ഞാൻ അങ്ങനെ വിളിച്ചിട്ടില്ലല്ലോ! ചെലപ്പോ നമ്പർ തെറ്റിയതാകും"

"ഒന്നുകൂടി ഒന്ന് ഓർത്തു നോക്കൂ. രണ്ട് ദിവസം മുമ്പ് രാവിലെയാണ് കാൾ വന്നത്"

അല്പസമയം കഴിഞ്ഞാണ് മറുപടി വന്നത്.

"ങാ, ശരിയാണ്. ഒരാൾ വിളിച്ചു. അവശനിലയിൽ വെയിറ്റിംഗ് ഷെഡിൽ കിടന്ന ഒരാൾ. ഞാൻ രാവിലെ മിൽമയിൽ പാല് കൊടുത്തിട്ട് വരുവാരുന്നു. ഫോൺ ഒന്ന് കൊടുക്കാമോന്ന് ചോദിച്ചു. തീരെ സുഖമില്ല, നാട്ടിൽ ഒരു കൂട്ടുകാരനെ വിളിക്കാനാന്നാ പറഞ്ഞേ. ഫോൺ കൊടുത്തു.. അയാൾ വിളിച്ചിട്ട് ആരും ഫോണെടുത്തില്ലാന്ന് തോന്നണു, ഫോൺ തിരികെ തന്നതും വാങ്ങി ഞാൻ പോന്നു"

 അയാളോട് നന്ദിപറഞ്ഞ് ഫോൺ കട്ടുചെയ്തു.

"അവൻതന്നെ ആയിരുന്നു അല്ലേ?"

"ആയിരിക്കണം"

 "ടോമിച്ചാ ഇനി അതാലോചിച്ച് ടെൻഷനടിക്കണ്ട."

"ശരി. രണ്ടെണ്ണം അടിക്കാൻ വല്ല മാർഗ്ഗവും ഉണ്ടോ?"

"എങ്ങനെ! ലോക്ഡൗണല്ലേ. വാറ്റ് മതിയോ?"

"എന്ത് കരിഞ്ചപ്പട്ട ആയാലും വേണ്ടില്ല!"

സുരേഷ് കാർ നിർത്തി മൊബൈൽ എടുത്തുകൊണ്ട് പറഞ്ഞു, "കില്ലാടിയെ ഒന്ന് വിളിച്ചു നോക്കാം"

രണ്ട് കുപ്പി വാറ്റും ഇടിയിറച്ചിയുമായി എസ്റ്റേറ്റിൽ എത്താൻ കില്ലാടിയെ ചട്ടം കെട്ടി സുരേഷ് ഫോൺ പോക്കറ്റിലിട്ടു.

"സുരേഷേ ഈ കില്ലാടിയുടെ ശരിക്കും പേരെന്താ?"

"ആർക്കറിയാം!" എന്ന് സുരേഷ് പൊട്ടിച്ചിരിച്ചപ്പോൾ ചിരിക്കാതിരിക്കാനായില്ല.

രചന: ജെയിംസ് ജോസഫ് 



0 Comments:

രചനകൾക്ക് അനുസൃതമായ കമന്റുകൾ മാത്രം