ചക്കിനുവെച്ചതു കൊക്കിനുകൊണ്ടു | നർമ്മകഥകൾ | ചെറുകഥകൾ | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam
ചക്കിനുവെച്ചതു കൊക്കിനുകൊണ്ടു | നർമ്മകഥകൾ | ചെറുകഥകൾ | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam
അനുഭവം കുരു എന്നുപറഞ്ഞവന്റെ കരണത്ത് ഒന്നുപൊട്ടിച്ചിട്ടു ചോയ്ക്കണം.. ചക്കക്കുരുവാണോ, മാങ്ങാക്കുരുവാണോന്ന് ..
ഇതിപ്പോ ഒന്നൊന്നര അനുഭവമായിപ്പോയെന്റെ പകോതീ..
കലങ്ങിയില്ലാ .. !
കലക്കാം..
ന്റെ വീട് മുയ്മൻ ഏലിയാണ് ട്ടോ. ശ് ശോ.. അക്ഷരപ്പിശാച്.. ഏലിയല്ല .. ഏലി .. ഏലി . ദേ പിന്നേം. .. എലി.. എലി .. ഹോ! രച്ചപെട്ടു.
അപ്പൊ, ഈ ശുനകന്മാര്.. എനിച്ചുവയ്യ .. എലിന്റെ കാര്യം പറയുമ്പോ ഈ ശുനകന്മാര് എവിടുന്നുവെന്നോ ആവോ ? ഇനി അവന്മാരടെ കടീംകൂടെ കൊള്ളാത്തതിന്റെ കൊയപ്പവേ ഒള്ളൂ.. ബാക്കിയെല്ലാം ജോറാണ് ..
ന്ഹാ .. അപ്പൊ ഇവന്മാരെക്കൊണ്ട് തോറ്റു.. തോറ്റാലൊടാൻ മാർക്കുകൂട്ടിയിട്ടു ജയിപ്പിക്കാൻ കുടുംബത്തി യൂണിവേഴ്സിറ്റിയൊന്നുമില്ലാത്തോണ്ട് അക്കാര്യത്തിലേക്കു കടന്നിട്ട് പ്രത്യേകം വിശേഷമൊന്നുമില്ല.
കാലിനിടെ, കൈക്കിടെ, എലിയോട് എലി.. കഴിഞ്ഞദിവസം ടി വി കണ്ടോണ്ടിരുന്നപ്പോ, (പീഡനമാണ് വിഷയം.. ) വാർത്താവായിക്കുന്ന ചേച്ചിയുടെ വികാരഭരിതമായ സ്വരം ശ്രവിച്ചങ്ങനെ, മദിച്ചുമദോന്മത്തനായി ദിവാൻകോട്ടേൽ ചാരിക്കിടക്കുമ്പോ... ദാ നിക്കുന്നു... തൊട്ടപ്പുറത്ത് ഒരുത്തൻ.. ടി വി ന്നു കണ്ണെടുക്കാതെ നിക്കുന്നു. കാരണമൊണ്ട്.. ചാനൽ തൊടങ്ങിയകാലംതൊട്ട് വാർത്താവായിക്കുന്ന ചേച്ചിയാണെങ്കിലും.. ഇപ്പോഴും എന്തോ ഒരു ഇത്.. ഒണ്ട്.. അതാ അവൻ കണ്ണുപൂട്ടാതെ ഇങ്ങനെ നോക്കിനിക്കുന്നേ.. തെറ്റി.. തെറ്റി.. പീഡനവാർത്ത കഴിഞ്ഞു.. ഇനി സ്പോർട്സ് .. ആശാൻ ഇടംവലം നോക്കാതെ ശരവേഗത്തിൽ ഒരൊറ്റയോട്ടം. എങ്ങോട്ടാ ? കിച്ചണിലേക്ക്. ചുമ്മാതല്ല മനുഷേമ്മാർക്കിട്ടു കുത്തേണ്ട എല്ലാമരുന്നുകളും ആദ്യം ഇവന്മ്മാർക്കിട്ടു കുത്തുന്നേ.. സ്വഭാവത്തിൽ ഒട്ടും വ്യത്യാസമില്ല.. ടി വി കണ്ടു.. നേരെ കിച്ചൻ.. ഇനി കഴിക്കണം.. വീണ്ടും ടി വി കാണണം. ഒത്താൽ അവിടെക്കിടന്നുതന്നെ ഒറങ്ങണം.. നേരം വെളുത്താൽ വെളുത്തു.. ഇല്ലേ എന്റെ ഭൂമി മുറിച്ചോണ്ടൊന്നും ആരും പോകത്തില്ലല്ലോ..
അടുക്കളേക്കേറി ഭാര്യയെ ശല്യംചെയ്ത അവനെതിരെ പോക്സോ പ്രയോഗിക്കാൻ വല്ലവകുപ്പുമുണ്ടോന്നു തിരക്കിയപ്പോഴാണ് .. മൂത്തുനരച്ചുകുരുടടച്ച ഭാര്യയെ ശല്യപ്പെടുത്തിയാൽ പോക്സോ പറ്റില്ലെന്ന് ഓർത്തത്. സോഷ്യൽമീഡിയയിൽ വന്നതിന്റെ ഒരു ഗുണം.. ലോകത്തൊള്ള എല്ലാ തരികിടകൾക്കും മറുപടി പറയാൻ പഠിച്ചു. നമുക്കറിയാത്ത ഒരു വിഷയം.. ങേ . ഹേ .. അങ്ങനെയൊന്ന് ഇനി പൊട്ടിമുളയ്ക്കണം.. അവിടെയും പേടിവേണ്ടാ. ഇനിയൊന്നും കണ്ടുപിടിക്കാനില്ല .. അങ്ങനെ പിടിക്കണമെങ്കിൽ ഇതൊക്കെ നശിക്കണം എന്നൊക്കെ ഏതോ ഒരു ശാസ്ത.. ശാസ്താ .. ശാസ്ത്ര.. ജ്ഞ.. ൻ .. ഇയീടെ വെളുപ്പെടുത്തി. അതിനായിരിക്കും അടുത്തതവണത്തെ നോബൽ പ്രൈസെന്നൊക്കെ, നിയമസഭയിൽ ചൊറിയുംകുത്തിയിരിക്കുന്ന ചില കൊജ്ഞാണമാർ, ഉച്ചയുറക്കം കഴിഞ്ഞപ്പോ വെളിപ്പെടുത്തിയെന്നാണ് 'പലനാടൻ മലയാളി' ഈയിടെപ്പറഞ്ഞത്. അതൊക്കെപ്പോട്ടെ.. നമുക്കു വിഷയത്തിലേക്കുവരാം.
നമുക്കിപ്പൊ എന്തും ചോദിക്കാൻ, എന്തും അറിയാൻ ഒരേയൊരു അച്ചായനെയൊള്ളൂ.. ഗൂഗിളച്ചായൻ.. അമേരിക്കക്കാരനായൊണ്ടാ ഞാൻ അവനെ അച്ചായാ എന്നുവിളിച്ചേ.. മലയാളി ആയിരുന്നേൽ വല്ല തിരുമേനീന്നോ, നായേരെന്നോ, മേനോൻ ന്നോ .ഒക്കെ വിളിച്ചേനേ . ഇവരെയൊക്കെ അങ്ങനെ വിളിച്ചാ അവർക്ക് കൊയ്പ്പമില്ലന്നാ കേട്ടത്.. അതീന്നു കടുകിടെമാറി ആരെയെങ്കിലും വിളിച്ചാ.. ദാ കിടക്കുന്നു.. വീണ്ടും പോക്സോ .. ശ് ശോ .. പോക്സോ അല്ല . ജാതിപ്പേര് വിളിച്ചൂന്നും പറഞ്ഞു കേസായി, പുകിലായി, ചർച്ചയായി, അന്തിക്കള്ളായി .. ഓ .. ഷോറി .. അന്തിചർച്ചയായി . എന്തിനാ വെറുതേ, വേലിയേക്കിടന്ന പാമ്പിനെയെടുത്ത് കോ .. കോ.. .. കോട്ടയത്തു വെക്കുന്നേ . വിട്ടുകള .
അപ്പൊ, എന്റെ ഭാര്യാനിർദ്ദേശമനുസരിച്ച് മ്മടെ ഗൂഗിളച്ചായനെ ഞാനും സമീപിച്ചു..
'അല്ല അച്ചായാ . ഈ എലീനെ ഒക്കെ എങ്ങനെയാ തൊരത്തുന്നെ .. '
എന്റെ ഭാഷ എനിക്കുതന്നെ മനസ്സിലാവാറില്ല .. പിന്നാ അച്ചായന് .. കിണ്ടി . . അച്ചായന് ആകെ മനസ്സിലായത് എലീനെ.. ദാ കിടക്കുന്നു.. എലീന ചുഴലിക്കാറ്റിനെക്കുറിച്ച് കാക്കത്തൊള്ളായിരം പോസ്റ്റുകൾ.. ക്ഷേങ്കി ഒരുഗുണമൊണ്ടായി . തെറ്റിക്കയറിച്ചെന്നതാണെങ്കിലും .. മോൾടെ പ്രോജക്റ്റ് വർക്കിനു പറ്റിയ കൊറേ സാധനം കിട്ടി. അതിപ്പോ രീതി അങ്ങനെയാണല്ലോ.. പിള്ളേർക്കുമൊത്തം പ്രോജക്റ്റ് വർക്ക്.. കിടക്കപ്പൊറുതിയില്ലാത്തത് പാവം തന്തയ്ക്കും തള്ളയ്ക്കും..
അവസാനം മോൾ എന്റെ മലയാളം ഇംഗ്ളീഷീകരിച്ചുതന്നു.
‘How to get rid of rats from home?’
ദാ കെടക്കണ് .. റാറ്റിനെ കൊല്ലാനുള്ള .. ഹോമിയോപ്പതി, അലോപ്പതി ആയുർവേദപ്പൊതിവിദ്യകൾ ഒരായിരം.. ഒരുലക്ഷം.. എന്നിട്ടാണോ ന്റെ പകോതീ ഞാനീ.. പറഞ്ഞിട്ടുകാര്യമില്ല.. പഠിക്കാൻവിട്ടപ്പോ.. പഠിക്കാൻപോയി.. വല്ല മൊബൈലിലും കളിച്ചാമതിയാർന്നു. പുത്തകം കാണാതെപഠിച്ചതൊക്കെ ഇപ്പോഴും മനസ്സീക്കെടാപ്പൊണ്ട് .. നോ ഗുണം.. പ്രാക്ടിക്കൽ ഇല്ല..
ഹാ .. പോട്ടെ പുല്ല് .. അപ്പോഴേക്കും ഭാര്യ ഒരു വീഡിയോ തപ്പിയെടുത്തോണ്ടുവന്നു. ഇംഗ്ളീഷാണേ എന്നെക്കാണിക്കണ്ടാന്നു നേരത്തെ പറഞ്ഞതുകൊണ്ട് .. അവര് മലയാളം തന്നെകൊണ്ടുതന്നു. ഗൂഗിളിന്റെ അളിയൻ യൂടൂബിൽ..
ന്റെ പകോതീ.. യൂറ്റൂബിൽ ഇത്രേം വിവരമുള്ളവർ ഈ മലയാളക്കരെത്തന്നെ ഒണ്ടായിട്ടാണോ ഈ ഞാൻ..
യൂട്യൂബിൽ ഒരു ചേച്ചിയുടെ സ്വരം ഒഴുകിവന്നു. യൂട്യൂബ് കണ്ടാ രണ്ടുണ്ടുകാര്യം.. നാളത്തെ പഴമൊഴി ഇപ്പോഴേ ഓർത്തെടുത്തു. കാര്യോം നടക്കും ചേച്ചിയേം കാണാം. കോപ്പ്.. കുറെയായിട്ടും ചേച്ചിയുടെ സ്വർണ്ണവളകളിട്ട കൈകളും മോതിരമിട്ട വിരലുകളും മാത്രമേയുള്ളൂ.. എങ്കിലും കൈയുടെ ഒരു ഷേപ്പ് കണ്ടിട്ട് ആള് സുന്ദരിയാണ്.. സ്വരവും അത്ര കുഴപ്പമില്ല മൊത്തത്തിൽ ഒരു മൊഞ്ചത്തി. ആ രൂപം മനസ്സിലിട്ടു ഗുണിച്ചും,ഹരിച്ചും, കിഴിച്ചുമൊക്കെ മനോരാജ്യം കാണാമെന്നതുമാത്രം മിച്ചം. അവസാനം വീഡിയോ തീർന്നു.
'ന്നാ പിന്നെ .. അങ്ങനെ ചെയ്യാം . ' ഭാര്യയാണ്.
'ഞാനിപ്പൊത്തന്നെ റെഡിയാക്കാം.. ' മോളാണ് ..
'ന്തോന്ന് ? ' ഞാനാണ്.
'അല്ല . വീഡിയോ .. ' ഭാര്യയാണ്.
ഒരു അടിക്കുള്ള മണമടിക്കുന്നുണ്ട്. വീഡിയോ കണ്ടില്ലെന്നുപറഞ്ഞാൽ.
'ഓ .. അത് .. അപ്പൊ ഞാനിനി എന്താ ചെയ്യേണ്ടേ.. ?' ഞാൻ കർമ്മനിരതനായി
'നിങ്ങളാ മെഡിക്ക സ്റ്റോറീച്ചെന്നു കൊറച്ച് പാരസെറ്റമോൾ മേടിച്ചോണ്ടുവാ .. '
'ഓ .. എത്ര എം ജി വേണം.. ' ഞാൻ വിനയാന്വിതനായി.
'മോളെ .. ആ മൊബൈൽ എടുത്ത് കാണിപ്പയ്യൂരിനെ ഒന്നുവിളിച്ചേ.. എലിക്കു കൊടുക്കാൻ പാരസെറ്റമോൾ എത്ര എം ജി വേണം ന്നു ചോദിക്ക്.. ' ഭാര്യയാണ്.
ഈ എം ജി യൊക്കെ ഇന്നലെവന്നതല്ലേ.. നമ്മളാരുടെയൊക്കെയാ മോൻ ?
മുങ്ങി..
പൊങ്ങി ..
മെഡിക്ക സ്റ്റോർ ..
'മുന്തിയ ഇനം പാരസെറ്റമോൾ .. കൂടിയതുതന്നെ പോരട്ടെ.. '
മെഡിക്ക സ്റ്റോറിലെ ചേച്ചി ഒരു ചാഞ്ഞനോട്ടം.
'ആർക്കാ ?'
'എനിക്കാ ..'
ഇനി എലിക്കാ ന്നെങ്ങാനും പറഞ്ഞാ . അവള് എന്നെ ചികഞ്ഞു കാര്യം മനസ്സിലാക്കിയെടുക്കും. ന്നിട്ട് ... നാളെമുതല് ബോർഡും വെക്കും
'എലിക്കുള്ള പാരസെറ്റമോൾ ഇവിടെക്കിട്ടും '
അങ്ങനെ ചുളുവിൽ കാശുവാരണ്ടാ .. ന്ഹാ ഹാ..
അവസാനം സംഗതി ജോറായി .. സംഭവമെല്ലാം ഉണ്ടാക്കി. രാത്രിയാകാനുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ മൂന്നും.
എലിച്ചേട്ടൻ വരുന്ന സ്ഥലങ്ങളിലൊക്കെ ഞങ്ങൾ തയ്യാറാക്കിയ പ്രത്യേകതരം ആഹാരം കൊണ്ടുവച്ചിട്ട് .. കൈയിലിരിക്കുന്ന കാശുകൊടുത്ത് കാമുകിക്ക് മുന്തിയഹോട്ടലിലെ ഭക്ഷണം ഓർഡർചെയ്തുകൊടുത്തിട്ട്.. അവൾ അതൊക്കെ കഴിക്കാൻ കാണിക്കുന്ന ജാഡ കണ്ടിട്ടിരിക്കുന്നതുപോലെ ഞങ്ങൾ മൂവരും കാത്തിരുന്നു. എലി വരും.. അത്താഴം കഴിക്കും. അവന്റെ അവസാനത്തെ അത്താഴം..
കണ്ണുതുറന്നപ്പോ നേരം വെളുത്തിരുന്നു. ആര്, എപ്പോപ്പോയിക്കിടന്നെന്നോ ഒന്നും ആർക്കും ഓർമ്മയില്ല. ഏതായാലും വാതിലുകളൊക്കെ പൂട്ടിയിരുന്നു. ആരുടെയൊക്കെയോ പുണ്യംകൊണ്ട് .. അല്ലെങ്കി ഇന്നത്തെ കേരളത്തിന്റെ അവസ്ഥവെച്ച് കള്ളന്മാര്, നമ്മളെ പൊക്കിയെടുത്ത് റോഡിൽ കൊണ്ടിരുത്തിയിട്ട് നമ്മുടെ മൊതലൊക്കെ അടിച്ചുമാറ്റും. എന്നിട്ട് വരുന്നവഴി നമ്മളോടുതന്നെ വഴിയും ചോദിക്കും. അതാണു കാലം.
വാതില് തുറന്നു പുറത്തിറങ്ങിയ ഞാൻ ഞെട്ടി.
'എടിയേ .. '
പന്തം കണ്ട പെരുച്ചാഴിയെപ്പോലെ ഞാൻ നീട്ടിവിളിച്ചു.
'കാപ്പി മേശപ്പുറത്തൊണ്ട്... ' ഭാര്യയുടെ മൃദുസ്വരം ഒഴുകിയെത്തി.
'അതല്ല .. നീയിങ്ങോട്ടു വന്നേ .. '
'ആട്ട കൊഴയ്ക്കുവാ .. ഇപ്പൊ എട്ടുമണിയായി .. ലേറ്റ് ആയി ന്നൊക്കെ അലറാൻ തൊടങ്ങുവല്ലോ.. ?'
'നീയിങ്ങോട്ടു വാ .. '
അവള് വന്നു.
'നോക്ക്.. '
ക്ലാ .. ക്ലാ ക്ളീ.. ക്ളീ .
സുരേഷ് തിരിഞ്ഞുനോക്കി ..
അതാ .. മുറ്റത്തൊരു മൈന..
മൈനയല്ല . തൊഴുകൈയോടെ ഇരിക്കുന്ന ഒരു ചുണ്ടെലി.
'പാരസെറ്റമോൾ കഴിച്ചപ്പോ പനി കൊറഞ്ഞു.. ചൊമ കൂടുതലാ . ചൊമയ്ക്കൊള്ള വല്ല മരുന്നുമുണ്ടോന്നു ചോയ്ക്കാൻ പറഞ്ഞു.. ' എലിയുടെയൊക്കെ ഒരു വിനയം.
'അപ്പനാ .. കിടപ്പിലായിരുന്നു.. ഇന്നലെ ഭാഗ്യത്തിനാ പുറത്തിറങ്ങിയേ .. ഏതായാലും നന്ദി . ' എലിയുടെ കണ്ണുകളിൽ ദൈന്യത.
'ഫ്.. ഭ .. '
'മരണമെത്തുന്ന നേരത്തു നീയെന്നരികിൽ .. '
മോളാണ്, മൂളിപ്പാട്ടിന്റെ അകമ്പടിയോടെ പകോതി പ്രത്യക്ഷപ്പെടുകയാണ്.
മരുന്നിനുപകരം മരണമെങ്ങാനും വന്നുവിളിച്ചാലോന്ന് പേടിച്ചായിരിക്കും, പാട്ടുകേട്ട ചുണ്ടെലി ജീവനുംകൊണ്ടു സ്ഥലംവിട്ടു.
പിന്നങ്ങോട്ട് എലികളെയൊന്നും കണ്ടില്ല. സമാധാനം..
ഞായറാഴ്ച.
മനസ്സമാധാനത്തോടെ പത്രം വായിച്ചോണ്ടിരുന്നതാ. ദാ . തൊട്ടപ്പുറത്ത് ഒരു പെരുച്ചാഴി തപസ്സിരിക്കുന്നു. പിന്നാലെ നിരനിരയായി കുറെ ചുണ്ടെലികളും.
'എന്റെ പനിയാ മാറിയേ ..ചൊമേടെ മരുന്നു പറഞ്ഞിരുന്നു.. പിന്നെ .. ഇവരൊക്കെ പനിക്കാരാ .. സർക്കാശൂത്രീലെ മരുന്നൊന്നും കൊള്ളില്ല.. ഇവിടുത്തെ പാരസെറ്റമോൾ .. '
'ഒരു കമ്പിപ്പാരയുണ്ടായിരുന്നെങ്കിൽ, സ്വയം കുത്തിച്ചാകാമായിരുന്നു' എന്നുള്ള ജയന്റെ ഡയലോഗ് ആണപ്പോൾ ഓർമ്മവന്നത്.
രചന: വേണു 'നൈമിഷിക'
0 Comments:
രചനകൾക്ക് അനുസൃതമായ കമന്റുകൾ മാത്രം