Headlines
Loading...
മാസ്ക് | കഥകൾ |  ചെറുകഥകൾ  | കുറ്റിപ്പെൻസിൽ | Kuttipencil Malayalam

മാസ്ക് | കഥകൾ | ചെറുകഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam

മാസ്ക് | കഥകൾ |  ചെറുകഥകൾ  | കുറ്റിപ്പെൻസിൽ | Kuttipencil Malayalam

മാസ്ക് | കഥകൾ |  ചെറുകഥകൾ  | കുറ്റിപ്പെൻസിൽ | Kuttipencil Malayalam


മാതുവമ്മ മാലതിയെ കാത്തിരുന്നു. ആകെയുള്ള ഒരു തുണയാണവൾ. ജനിച്ച കാലംമുതൽ ശ്വാസംമുട്ടലുള്ള കുട്വാ... അഞ്ചുമണിക്ക് വരണോളാ, നേരം ആറുകഴിഞ്ഞു.മാതുവമ്മയ്ക്ക് ഭയം ഇരട്ടിച്ചു.അവൾക്ക് കാത്തുവെച്ച കാപ്പീം, പലഹാരോം തണുത്തുതുടങ്ങി അതോർത്തപ്പോ, അവർക്ക് മാലതിയോട് ചെറിയൊരു അരിശം തോന്നി.    

മാലതിക്ക് ഈ കഴിഞ്ഞ ഇടവത്തില് പതിനേഴായി, മാതുവമ്മ നെടുവീർപ്പിട്ടു. നാടുമുഴുവൻ പേടിച്ചിരിക്കുന്ന ഈ കാലത്തെങ്കിലും കരുണൻ ഇവിടെയുണ്ടായിരുന്നെങ്കിൽ, മകനാണെന്നു വെച്ച് എന്താകാര്യം.ഒരു പൊകലത്തുണ്ടിനു പോലും ഉപകാരമില്ലാത്ത കുരുത്തംകെട്ടവൻ. പോയാലൊരു പോക്കാ.ആറേഴുമാസംകഴിഞ്ഞ് വീണ്ടും എത്തും, എവിടെ പോയി, എന്തിനു പോയി, ആർക്കും ഒരു പിടുത്തോം ഉണ്ടാവില്ല.അവനുപോലും.എത്തിയാൽ, ചന്തപുരേലും ,കടവത്തും ചുറ്റിത്തിരിയും. അന്തിയാകുമ്പോൾ നാലുകാലേല വീട്ടിലോട്ട് കേറിവരും, ആ മൂലയ്ക്കും, ഈ മൂലയ്ക്കും ചുരുണ്ടുകൂടി കെടന്നുറങ്ങും .നന്നേ മുതിർന്നുകഴിഞ്ഞ ഒരു മകളുണ്ടെന്ന് അവനോർമ്മയുണ്ടോ? മാലതിയെ മകളേയെന്നു എന്നെങ്കിലും അവൻ വിളിച്ചിട്ടുണ്ടോ ആവോ? മാലതിയ്ക്ക് എട്ടുവയസ്സുളളപ്പോഴാ കരുണൻ  രാധയെ അടിച്ചോടിച്ചത്. എത്ര ഉപദ്രവംസഹിച്ചാ രാധ, കരുണൻ്റൊപ്പം ജീവിച്ചത്.  കരുണൻ ആരേയും ഇതുവരെ സ്നേഹിച്ചിട്ടില്ല.'സ്നേഹം എന്താണെന്നു അവനറിയില്ല. മാനിശ്ശേരിയിലെ തങ്കം പറയുമായിരുന്നു." രാധയെ, മരുമകളായിട്ടുകിട്ടിയ മാതുവമ്മ എത്ര ഭാഗ്യവതിയാണ്.''   നടയ്ക്കലെ സുന്ദരനാണ് പറഞ്ഞത്, രാധ ചിന്നൻചെട്ട്യാരുടെകൂടെ പുഴയുംകടന്ന് കൊയിലാണ്ടിയ്ക്ക് പോയെന്ന്.  മുക്കത്തെകുമാരൻ വാച്ചർ കഴിഞ്ഞാണ്ടു പറഞ്ഞു ചിന്നൻ ചെട്ട്യാരും, രാധയും വടക്കെങ്ങാണ്ട് തീവണ്ടിയപ്പീസില് കാൻ്റീൻപീടിക നടത്തണണ്ടത്രെ. അവർക്ക് രണ്ടു സുന്ദരികുട്ടികളുണ്ട് ,സുഖോയിട്ട് ജീവിക്കുന്നു. കുമാരൻവാച്ചറുടെ മരുമകൻ ലോറിഡ്രൈവർ കൃഷ്ണൻ പറഞ്ഞ കേട്ടറിവാ മൂപ്പര് പറഞ്ഞത്. 

മാതുവമ്മ വീണ്ടും നെടുവീർപ്പിട്ടു.രാധ, മാലതിയെ ഓർക്കാണ്ടിരിക്കില്ല അവളയോർത്ത് സങ്കടപ്പെട്ടാണ്ടിരിക്കില്ല. മാലതിക്ക് ശ്വാസംമുട്ടലിന് ഒരു കുറവും ഇല്ല. അത് മാറാനും പോണില്ല. ഇപ്പഴും അയ്യരുഡോക്ടറുടെ മരുന്നാ. അങ്ങേര് ഇതുവരെ ഒരു റുപ്പികപോലും വാങ്ങിയിട്ടില്ല. മൂന്നുനേരം മരുന്നും കഴിക്കണം ആഴ്ചയിലൊരിക്കൽ കുത്തുവെയ്പ്പും കൂട്ടിയേ ഞാൻ കവലേല രാമൻ കുട്ടീട തയ്യൽകടേല് തുന്നല് പഠിക്കാൻ ആക്കീട്ടൊണ്ട്. വല്യ ഭാരോന്നൂല്ലാ, കറണ്ടീ കറങ്ങണമെഷീനാ ചെറിയ കുപ്പായോക്കെ അവൾ തനിയെ തുന്നാൻ പഠിച്ചുകഴിഞ്ഞു. ആഴ്ച കൂലിയായിട്ട് നൂറ്റിയെൻപതു റുപ്പിക രാമൻകുട്ടി അവൾക്ക് കൊടുക്കുന്നുണ്ട്. ഏഴിലേടത്തെ രാമചന്ദ്രൻ്റെ മകൾ ശോഭയാണ്, മാലതിക്ക് കൂട്ട് .രണ്ടാളും ഒരിടത്താ, ഒരുമിച്ചാ പോക്കുംവരവും ശോഭയ്ക്ക് ചിങ്ങത്തിൽ കല്യാണം ഉറപ്പിച്ചു. നമ്മുടെ മാലതിയേക്കാൾ ഒരു വയസ്സിനു മൂത്തത്.അഞ്ചുകൊല്ലം കാത്തിരുന്നപ്പോഴല്ലേ, നമുക്ക് മാലതിയുണ്ടായത്.ചിറ്റാലത്തുകാവിൽ തൊട്ടില് കെട്ടിയത് രാധഓർക്കാണ്ടിരിക്കില്ല. എല്ലാദിവസോം ചിറ്റാലത്ത് കാവിൽ തൊഴുതിട്ടേ മാലതി തുന്നൽ കടയിൽ പോകാറുള്ളൂ. 

നാട്ടിലുള്ള ചെക്കൻമാരൊക്കെ നമ്മുടകുട്ടീന ഒരു സിനിമാനടിയുടെ പേരിട്ടാ വിളിക്കണത്. സന്തോഷം കൂടുമ്പം ഞാനും ആ പേരാണു വിളിക്കുന്നത്. " നയൻതാരേന്ന് " രണ്ടു മാസം കഴിയുമ്പോൾ കുട്ടിക്ക് പതിനെട്ടാ.... എന്തോ എനിക്ക് വല്ലാത്തൊരു ഭയം' കാലടിയൊച്ചകൾ ഉമ്മറത്തേക്കടുത്തപ്പോൾ മാതുവമ്മ ഉമ്മറേത്തക്ക് തലനീട്ടി. പഞ്ചായത്ത് പ്രസിഡണ്ട് രാജൻ മാഷ്, അയാളുടെ ഭാര്യ കുസുമം, കരം പിരിക്കാൻ വരുന്ന ചുങ്കത്തറേല അശോകൻ, പരിചയമില്ലാത്ത വേറൊരാളും 'മാതുവമ്മ വരാന്തയിലേക്ക് ഇറങ്ങി നിന്നു. അടുത്തെത്തിയപ്പോൾ രാജൻ മാഷിൻ്റെ ഭാര്യ കുസുമം പറഞ്ഞു. "മാതുവമ്മേ, മാലതി ലേശം വൈകൂട്ടോ... പഞ്ചായത്തീന്ന് മാസ്ക് തയ്ക്കാൻ ഏൽപ്പിച്ചേക്കണത് രാമൻ കുട്ടിയേട്ടൻ്റെ തുന്നൽ കടേലാ''അവിടംകൊണ്ടുമാത്രം തീരില്ലാ. വാണിയത്തെ ശശാങ്കൻ്റെ കടേലും പണി ഏല്പിച്ചിട്ടുണ്ട്. ഒരു മാസത്തേക്ക് വേറെ പണിയൊന്നും പിടിക്കണ്ടാന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്. വായും മൂക്കും മൂടികെട്ടിയ നീലമാസ്ക് വലിച്ചിറക്കി വെച്ചിട്ട് രാജൻ പറഞ്ഞു.   "ഇതൊന്നും പറയാനല്ല ഞങ്ങള് വന്നേക്കണത്. കഴിയാവുന്നതും ഒട്ടും പുറത്തേക്കിറങ്ങണ്ടാ .ടീ വില് മാതുവമ്മ കാണുന്നില്ലേ? നമ്മുടെ ഗ്രാമം മാത്രോ ല്ലാ, ലോകം മുഴുവനും പേടിച്ചിരിക്കേണ്, സുലൈമാൻ റാവുത്തറുടെ കട വൈകീട്ട് അഞ്ചു മണി വരെ തുറക്കും ആവശ്യേള്ളത് അവിടെ പോയി വാങ്ങി പോരുക. രാജൻ മാഷും കൂട്ടരും കുന്നശ്ശേരി ല രാമനാഥൻ്റെ മുറ്റത്തേയ്ക്ക് നടന്നു. 

മാതുവമ്മ കേട്ടു മൂളി യെങ്കിലും, അവർക്ക് അത് അത്രയ്ക്ക് ബോധിച്ചില്ല.ശ്രീധരമേനോൻ്റെ വീട്, ബാങ്ക് മാനേജർ കൃഷ്ണ കുമാറിൻ്റെ വീട്, കുട്ടി സാഹിബിൻ്റെ വീട് ഇവിടെയൊക്കെ അടുക്കള പണിക്ക് സഹായിച്ചും, അലക്കീം, തറ തൊടച്ചും കൊടുത്താലേ എനിക്കും എൻ്റെ മാലതി മോൾക്കും കഴിയാൻ പറ്റൂ. പഞ്ചായത്ത് കാർക്ക് ഇതുവല്ല ബോധോണ്ടാ. മുറ്റത്തു നിന്നു പ്രസംഗിച്ചുപോകാൻ എളുപ്പോണു, മാതുവമ്മയ്ക്ക് അരിശം കേറീട്ട് മുറ്റത്തേയ്ക്ക് കാർക്കിച്ച് നീട്ടി തുപ്പി.   പണ്ട്, മലേല് ഇഞ്ചിപണിക്കുപോയപ്പ പുലിയെറങ്ങീന്നു പറഞ്ഞു ഞാനും കരുണൻ്റച്ഛനും കൂടി അടി വാരത്തെ കൂരേല് എട്ടു ദെവസ്സാ പുറത്തെറങ്ങാണ്ടു ചേമ്പു പുഴുങ്ങിയതും തിന്ന് അടച്ചു പൂട്ടി പേടിച്ചിരുന്നത്.അന്ന്, കരുണ നു വയറ്റില് നാലു മാസ o. ഇപ്പ എന്താ നാട്ടിലു സ്ഥിതി, കണ്ണിനു കാണാത്ത ഒരു ഭൂതത്തിനെ പേടിച്ച് ലോകത്തുള്ള മനുഷ്യജീവികളെല്ലാം വീട്ടികേറി ഒളിച്ചിരിക്കണ്.   " ഒരു കോവിഡ് " പോലും. വൃത്തിയില്ലാത്തവർക്കു വരണ അസുഖം. അല്ലാണ്ടെന്താ? എനിക്കും എൻ്റെ മാലതി മോൾക്കുമുള്ള വൃത്തി ഈ പഞ്ചായത്തിലാർക്കാണുള്ളത്, ആർക്കും ഉണ്ടാവില്ല' പൊറത്തുപോയി തിരിച്ചു വന്നാൽ ഉടുത്തത് മാറി നനച്ചു കുളിച്ചിടേ ഞാനുൻ്റെ മാല തിമോളും പെരേല് കേറൂ. മാലതി പൊടി കുഞ്ഞായിരുന്ന പ്പ മൊതല്, ഓരോ തവണ ചെല്ലുമ്പഴും അയ്യരു ഡോക്ടറുപറയും ദേഹശുദ്ധി, വസ്ത്ര ശുദ്ധി, പരിസര ശുദ്ധി ഒക്കെ നിർബന്ധമായിട്ടു പാലിച്ചോണം, മറിച്ചായാൽ കുട്ടീട നില വഷളാകും.ഇപ്പോൾ കൊടുക്കുന്ന മരുന്നല്ലാതെ വേറെ മരുന്നൊന്നും കൊടുക്കാനില്ല. എന്നെ കുറ്റം പറഞ്ഞിട്ട് കാര്യോണ്ടാവില്ലാ.  

മാതുവമ്മ മാലതിയെ ചേർത്തു പിടിച്ച് നെറ്റിയിൽ ചുംബിച്ചു.കട്ടിലിൽ രണ്ടാളും ചേർന്നിരുന്നു.മാതുവമ്മ ചോദിച്ചു. "ഏഴു മണി വരെ ജോലി ചെയ്യണതു കൊണ്ട് കുട്ടിക്ക് ശ്വാസം മുട്ടല് കൂടീട്ടുണ്ടോ"? അച്ചാമ്മയ്ക്ക് നേരെ അവൾമുഖമുയർത്തി. " അച്ചാമ്മ പേടിക്കേണ്ടാ. എനിക്കൊരു കുഴപ്പോമില്ല... കാലിലെ പെരുവിരൽ തൊട്ടാ മതി അപ്പോ തന്നെ മെഷീൻ കറങ്ങി തുടങ്ങും. ഈ കൊച്ചു കൊച്ചു തുണിത്തരങ്ങളൊക്കെ എടുത്തു പൊക്കാൻ എന്താ ബുദ്ധിമുട്ട് "               

മാതുവമ്മയ്ക്ക് വല്ലാത്തൊരൽഭുതമായിരുന്നു. എഴുപത്തിയാറു വയസ്സിനിടയ്ക്ക് ഇങ്ങിനെയൊരു കാഴ്ച ആദ്യോയിട്ടായിരുന്നു' വഴികളെല്ലാം ശൂന്യമായിട്ട് കിടക്കുന്നു. കടകളെല്ലാം അടച്ചു പൂട്ടി കിടക്കുന്നു. മേലാറ്റൂർ അമ്പലമുറ്റം ഒഴിഞ്ഞുകിടക്കുന്നു. അമ്പലം അടഞ്ഞുകിടക്കുന്നു. പള്ളീം, പള്ളി മുറ്റോം ഒഴിഞ്ഞുകിടക്കുന്നു. പള്ളിക്കവലയിൽ നാലഞ്ചു പോലീസുകാർ മാത്രം. എവിടെ നിന്നോ ബൈക്കിൽ പാഞ്ഞെത്തിയ ചെക്കൻമാരെ ചോദ്യം ചെയ്യുന്നു. ചൂരലിനടിക്കുന്നു മാതുവമ്മ കണ്ണുകൾ പൊത്തി, വഴിയുടെ ഓരം ചേർന്നു നടന്നു.പോലീസുകാർ ചോദിച്ചാൽ പറയാൻ കരുതി വെച്ച നുണ അവർ ഒന്നുകൂടി ഉരുവിട്ടു." കുട്ടി സാഹിബിൻ്റെ ബീവി സുഖമില്ലാണ്ട് കെടപ്പാ എല്ലാ ദെവസോം ഞാനാ പോയി കുളിപ്പിച്ചൊരുക്കി ശുശ്രൂഷിക്കണത് " ഏതു പോലീസാ എന്നെ പിടിച്ചോണ്ടു പോണത്. മാതുവമ്മ ആഞ്ഞു നടന്നു. ആരുമൊന്നും ചോദിച്ചതുമില്ല. സന്ധ്യ മയങ്ങിക്കഴിഞ്ഞു.മാതുവമ്മ പതിവില്ലാതെ സന്തോഷത്തിലാണ് തിരികെ വീട്ടിലേക്കു നടന്നത്. മുറ്റത്തേക്ക് കയറിയപ്പോൾ സന്തോഷം ഒന്നുകൂടികൂടി മാസ്ക് തുന്നലു കഴിയുവോളം വൈകിയേ എത്തു എന്നു പറഞ്ഞ കുട്ടി വിളക്കു വെച്ചു നാമം ജപിക്കുന്നു. ജപം കഴിയുവോളം അവർ ഉമ്മറ ചുവട്ടിൽ കുത്തിയിരുന്നു. ജപം കഴിഞ്ഞ് വിളക്കു മാറ്റി മാലതി മാതുവമ്മയ്ക്കു നേരെ തിരിഞ്ഞു. "മാസ്ക് തയ്ക്കാനുള്ള തുണി പഞ്ചായത്തുകാര് നാളേകൊണ്ടു വരൂ ളളൂ.അതാ ഞാൻ നേരത്തെ വന്നത്.അല്ലാ.... അച്ചാമ്മയ്ക്കെന്താ ഇത്ര സന്തോഷം " മാതുവമ്മ പറഞ്ഞു. " കുട്ടി നേരത്തെ വന്നല്ലോ 'അതാ അച്ചാമ്മേ ട ഒന്നാമത്തെ സന്തോഷം, പിന്നെ ഉണ്ടൊരു സന്തോഷം ഞാൻ കാണിച്ചു തരാം, മാതുവമ്മ ഉമ്മറ ചുവട്ടിൽ നിന്നെഴുന്നേറ്റു മുണ്ടിൻ്റെ കോന്തല നിവർത്തി .നാലായി മടക്കി വെച്ച നോട്ടു നിവർത്തി പിടിച്ചു മാലതിയെ കാണിച്ചു കൊണ്ടു പറഞ്ഞു. " അച്ചാമ്മ നൂറും ഇരുന്നൂറുമല്ലേ കുട്ടിയുടെ കയ്യിൽ തരാറുള്ളു. ഇത്രേം വലിയ നോട്ട് എന്നെങ്കിലും തന്നിട്ടുണ്ടോ.? ഇത് രണ്ടായി രാ മോളു സൂക്ഷിച്ചു വെച്ചോളൂ" മാലതിയുടെ നീട്ടി പിടിച്ച കയ്യിലേക്ക് രണ്ടായിരം രൂപ വെച്ചു കൊടുത്തിട്ട് അവർ ധൃതിയിൽ തെക്കേ പുറത്തെ കുളിപ്പുരയിലേക്കു നടന്നു.

മാലതി നോട്ടു രണ്ടു കൈകളിലായി പിടിച്ച് തിരിച്ചും മറിച്ചും നോക്കി. അവളുടെ കണ്ണുകൾ വിടർന്നു. വരാന്തയിൽ തൂക്കിയ ചിമ്മിനി വെളിച്ചത്തിൽ അവളുടെ വെളുത്തു തുടുത്ത മുഖം പൂർണ്ണചന്ദ്രനെ പോലെ ശോഭിച്ചു. അവൾ ഗാന്ധിയുടെ ശിരസ്സിൽ ചുംബിച്ചു, രണ്ടു വശങ്ങളിലുമായി മാറി മാറി ചുംബിച്ചു.നോട്ട് നെഞ്ചോട് ചേർത്ത് അകത്തേക്കോടികട്ടിലിൽ കമിഴ്ന്നു വീണു പൊട്ടിച്ചിരിച്ചു. അവൾക്ക് സന്തോഷം അടക്കാനായില്ല. കട്ടിലിൽ ഉരുണ്ടു മറിഞ്ഞ് 'ചിരിച്ചു കൊണ്ടേയിരുന്നു.മുഖാമുഖം നോക്കി കഞ്ഞി കുടിക്കുമ്പോൾ, അവൾ അച്ചാമ്മയോട് നന്നേ ഗൗരവത്തിൽ പറഞ്ഞു. " അച്ചാമ്മ തന്ന രണ്ടായിരം രൂപയിൽ നിന്ന് ഒരു രൂപ പോലും അച്ചാമ്മയ്ക്കു തരില്ല. അച്ചാമ്മ ഞെട്ടരുതും ഞെട്ടിപോകരുതും. ഞാനൊരു കാര്യം തീരുമാനിച്ചു. " മാതുവമ്മ ആകാംക്ഷയോടെ അവളുടെ മുഖത്തേക്കു നോക്കി അവൾ പറഞ്ഞു " ഏഴിലേത്തെ ശോഭേട കല്യാണത്തിനു ഞാൻ സാരിയാണു ടു ക്കണത്. രണ്ടായിരത്തിൻ്റെ കൂടെ എൻ്റെ കയ്യിലുള്ള ചില്ലറയും കൂട്ടും ടൗണീ പോയി മൂർത്തിയുടെ ജൗളിക്കടേന്ന് ഇളം മഞ്ഞയിൽ നിറയെ കുഞ്ഞുകുഞ്ഞു ചുവന്ന പൂക്കളുള്ള സാരിയാ ഞാൻ എടുക്കാൻ പോണത്, ബാക്കിയുള്ള കാശിനു ഒരുപാടു നിറങ്ങളിൽ കുപ്പിവളകളും മാനിശ്ശേരിയിലെ തങ്കേടത്തീനോട് സാരിയുടുപ്പിച്ച് മുടി ഒരുക്കിത്തരാൻ പറയും.തങ്കേടത്തിക്ക് അതൊക്കെ നല്ല വശോണ്. അച്ചാമ്മ നോക്കിക്കോ ശോഭേട ചെക്കൻ്റെ വീട്ടീന്നു വരണ ക്യാമറക്കാരൻ എൻ്റെ പിന്നാലെ നടക്കും."  മാതുവമ്മയ്ക്ക് സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു. അവർ മാലതിയുടെ തിളങ്ങുന്ന കണ്ണുകളിലേയ്ക്ക് ഉറ്റുനോക്കി. വാക്കുകളെല്ലാം നിറഞ്ഞൊരു ചിരിയിലൊതുക്കി.               

മാലതി ഞെരങ്ങുന്നുണ്ടായിരുന്നു. തൻ്റെ നെഞ്ചോടു മുഖം ചേർത്തു റ ങ്ങുന്ന അവളുടെ നെറ്റിയിൽ നിന്നും ചൂട് അവരുടെ നെഞ്ചിലേയ്ക്ക് പടർന്നു, അതു പൊള്ളലായ്, നീറ്റലായ് അവരെ ഉണർത്തി.' അപ്പോഴും അവൾ ഞെരങ്ങുന്നുണ്ടായിരുന്നു, അവൾക്കു ശ്വാസം മുട്ടു കൂടിയെന്നു തോന്നി. അവർ അവളെ കുലുക്കി വിളിച്ചു.  " കുട്ടിക്കെന്താ പനിക്കുന്നുണ്ടോ? കുട്ടിക്ക് ശ്വാസം മുട്ട് കൂടീന്നു തോന്നുന്നുണ്ടോ? അവൾ പറഞ്ഞു "ഇന്നലെ ഞങ്ങൾ കടേന്നു വരുമ്പോൾ നല്ല ചാറ്റൽ മഴയുണ്ടായിരുന്നു.അതും കൊണ്ടാ ഇവിടത്തോളം വന്നത്. അതിൻ്റെ കോളാ'...... അച്ചാമ്മ പേടിക്കേണ്ട കെടന്നുറങ്ങിക്കോളൂ" 'മാതുവമ്മ അവളേ കെട്ടിപ്പിടിച്ച് വീണ്ടും ഉറങ്ങാൻ കിടന്നു. അതിപുലർച്ചയ്ക്കു തന്നെ ഉണരാറുള്ള കുട്ടി എഴുന്നേൽക്കാതെ കിടക്കണതു കണ്ടപ്പോൾ മാതുവമ്മയ്ക്കു വല്ലാത്ത വ്യസനം തോന്നി. ഇപ്പോഴും കുട്ടി നന്നായി ഞരങ്ങുന്നുണ്ട്. ശ്വാസം വലിക്കുന്നതു കാണുമ്പോൾ തന്നെ അറിയാം നന്നായി പ്രയാസപ്പെടുന്നുണ്ട്. 

മാതുവമ്മ എഴുന്നേറ്റം കുളിച്ചൊരുങ്ങി കഞ്ഞിയും കൂട്ടാനും കാപ്പിയും ഒരുക്കി കഴിഞ്ഞപ്പോഴാണ് മാലതി ഉണർന്നെഴുന്നേറ്റത്. വേച്ചു വേച്ചു അടുക്കളയിലെത്തിയപ്പോൾ മാതുവമ്മ പറഞ്ഞു. "നമുക്ക് രാവിലെ തന്നെ അയ്യർ ഡോക്ടറെ കണ്ടാലോ " ?മാലതിക്കു ലേശം ദേഷ്യം വന്നു." അച്ചാമ്മ ഒന്നും പേടിക്കേണ്ട ഇന്നലെ മഴ കൊണ്ടെന്നു ഞാൻ പറഞ്ഞില്ലേ 'വെയിൽ തെളിഞ്ഞു തണുപ്പുമാറി കഴിയുമ്പോൾ എൻ്റെ ശ്വാസംമുട്ടൽ കുറയും, പനീം മാറും. ഇന്നു ഞാൻ തുന്നലിനു പോണില്ലാ.ഏഴിലേടത്ത് കേറി ശോഭയോട് അച്ചാമ്മ പറഞ്ഞേക്കണം" കുട്ടീട സൂക്കേട് കണ്ടിട്ട് ജോലിക്കു പോകാൻ മാതുവമ്മയ്ക്കു വല്ലാത്ത ഭയം തോന്നി. കുട്ടി സാഹിബിൻ്റെ വീട്ടിൽ പോകാതിരിക്കാൻ പറ്റില്ല, കുട്ടി സാഹിബിൻ്റെ മകൻ നിസ്സാറു വന്നിട്ട് നാലഞ്ചു ദിവസമേ ആയിട്ടുള്ളൂ, വെക്കലും വറുക്കലും പൊരിക്കലുമൊക്കെ ആയിട്ട് അടുക്കളേല് നല്ല പണിയാണ്. അടുക്കള പണിക്കു സഹായത്തിനു കിട്ടിയില്ലെങ്കിൽ മൂത്ത മോൻ ജബ്ബാറിൻ്റെ പെണ്ണിന്, പിറ്റേന്ന് ചെല്ലുമ്പോൾ കുത്തുപറച്ചിലുകൂടുതലായിരിക്കും. മേനോൻ്റെ വീട്ടിലും അലക്കാൻ ഒരു പാട് കിടപ്പുണ്ട്.ഇളയ മോളുടെ കല്യാണം അടുത്തേക്കണതു കൊണ്ട്, എല്ലാ ദേശത്തു നിന്നും കൂട്ടക്കാരൊക്കെ ഒരുപാടു വന്നു കേറീട്ടൊണ്ട്. 

കഴിഞ്ഞാഴ്ച സാവിത്രിയമ്മ പറഞ്ഞതാണ് " ആൾക്കാരൊരുപാടുള്ളതുകൊണ്ട് അലക്കാൻ ഒരുപാടുണ്ടാകും.മാതുവമ്മ വിഷമിക്കേണ്ട ഞാൻ വേണ്ടതു പോലെ കണ്ടോളാം.... "  ചെന്നാൽ ഒരു ദിവസത്തെ പണിയുണ്ടാകും.ഉറപ്പാ." കുട്ടി പോയ് കിടന്നോളു .വെയില് നന്നായി തെളിഞ്ഞിട്ട് എഴുന്നേറ്റാൽ മതി, ഒക്ക ഒരുക്കി വെച്ചിട്ടുണ്ട്, ഒന്നു ചൂടാക്കി കഴിച്ചാൽ മതി" 'മാലതിയുടെ മുഖത്തേക്ക് മാതുവമ്മ കുറച്ചു നേരം നോക്കി നിന്നു.കുട്ടി നല്ല ക്ഷീണിതയാണ്, ശ്വാസം മുട്ടലും ഇന്നലെ കണ്ടതുപോലെ തന്നെ. അവർ രണ്ടു കൈകളും അവളുടെ ശിരസ്സിൽ വെച്ച് മേലാറ്റൂർ അപ്പന് നൂറ്റൊന്ന് കുടം ധാരനേർന്നു."എൻ്റെ കുട്ടിയെ നീ കാത്തോണേ" അവളുടെ ശിരസ്സിൽ ചുംബിച്ചു വ്യസനത്തോടെ ഇറങ്ങി നടന്നു. 

ഏഴിലേടത്തു നിന്നും പാടവരമ്പിലൂടെ പ്രധാന വഴിയെത്തുവോളം, അവർ ശിവ സ്തോത്രം മനസ്സിൽ ഉരുവിട്ടു കൊണ്ടിരുന്നു. മേലാറ്റൂർ മഹാദേവൻ്റെ കാണിക്കവഞ്ചിയിൽ ഒരു റുപ്പിക നേർച്ചയിട്ടു പ്രാർത്ഥിച്ചു. "നാട്ടു ദീനം കഴിഞ്ഞാൽ എൻ്റെ മാലതിയെ നിൻ്റെ നടയിൽ കൊണ്ടുവന്നോളാം. ഞാനേറ്റത് നിനക്കു ഞാൻ തന്നോളാം. എൻ്റെ കുട്ടിയ്ക്ക ഒരാപത്തും ഉണ്ടാവരുത് "മാടത്തറയിലെ നിത്യസഹായ മാതാവിൻ്റെ മുന്നിലും അവർ പ്രാർത്ഥിച്ചു ഒരു രൂപ നേർച്ചയിട്ടു." പള്ളിക്കവലയിലെ പോലീസുകാർ അവരെ കണ്ട ഭാവം പോലും കാണിച്ചില്ലാ. ചന്തക്കവല കഴിഞ്ഞപ്പോൾ അവർ നടപ്പിനു വേഗത കൂട്ടി. കുര്യാച്ചി റ കഴിഞ്ഞ് സ്വാമിനാഥൻ്റെ ഓയിൽ വില്ലിനു മുൻപിൽ എത്തിയപ്പോൾ, കുട്ടി സാഹിബിൻ്റെ വീട്ടിനു മുൻപിൽ ജീപ്പു കിടക്കുന്നതു കണ്ടു. രണ്ടു മൂന്നു പേർ ഇറങ്ങി നിന്നു സംസാരിക്കുന്നു. കുറേക്കൂടി അടുത്തെത്തിയപ്പോൾ, അതു പഞ്ചായത്തുകാരുടെ ജീപ്പാണെന്നും സംസാരിച്ചു നിൽക്കണ രണ്ടു പേർ രാജൻ മാഷും അശോകനുമാണെന്നു പിടുത്തം കിട്ടി. 

മാതുവമ്മയുടെ മനസ്സിൽ എന്തോ പന്തികേട് ഇരമ്പി നടത്തം കുറച്ചു കൂടി വേഗത്തിലാക്കി .രാജൻ മാഷും മാതുവമ്മയെക്കണ്ടു. അയാൾ കർശന ഭാവത്തിൽ കൈ കൊണ്ട് ആംഗ്യം കാണിച്ചു കൊണ്ട് ഉറക്കെ പറഞ്ഞു, "മാതുവമ്മ ഇങ്ങോട്ടേയക്ക് വരണ്ട ഞാൻ പറഞ്ഞിട്ടുജോലിക്കു വന്നാൽ മതി" അതൊന്നും വകവെയ്ക്കാതെ അവർ മുന്നോട്ടു തന്നെ നടന്നു.തൊട്ടു മുന്നിലെത്തിയ മാതുവമ്മയോട് കുറച്ചു കൂടി അടുത്തു നിന്ന് അടക്കിയ ശബ്ദത്തിൽ രാജൻ മാഷ് പറഞ്ഞു. " കുട്ടി സാഹിബിൻ്റെ ദുബായിൽ നിന്നു വന്ന ഇളയ മോൻ നിസ്സാറിനു സൂക്കേടാ.... അവൻ്റെ കാര്യം ഒന്നും പറയാൻ പറ്റില്ല. ഇന്നലെ വൈകീട്ടാ അവനെ ആസ്പത്രിയിൽ ആക്കിയത്.വീട്ടിലുള്ള എല്ലാവരേം വീട്ടിലിട്ട് പൂട്ടിയേക്കേണ്, ആരെയും പുറത്തേയ്ക്ക് വിടണ്ടെന്നാണ് തീരുമാനം 'പരിസരം മുഴുവൻ മരുന്നു തളിക്കാൻ ഏർപ്പാടാക്കിയിട്ടുണ്ട്. അവരു വന്നു അതും കഴിഞ്ഞേ ത്തങ്ങൾ പോകൂ, മാതുവമ്മ എത്രയും പെട്ടെന്നു തിരികെ പൊയ്ക്കൊള്ളൂ" മാതുവമ്മ തലയിൽ കൈ വെച്ച് മിഴിച്ചു നിന്നു. വീടിൻ്റെ ഗേറ്റിലേക്ക് ഒന്നുകൂടി അടുത്തുചെന്നു അടഞ്ഞുകിടക്കുന്ന വീടിനെ നോക്കി പതം പറഞ്ഞു പുലമ്പി. "കൈയ്യിലുണ്ടെങ്കിൽ കൈയ്യും കണക്കു മില്ലാതെ സഹായിക്കുന്ന ചെക്കനാണ്. കഴിഞ്ഞാണ്ട് വന്നപ്പോൾ അഞ്ഞൂറുപ്പിക എനിക്കു തന്നു. ഇന്നലെ റുപ്പിക രണ്ടായിരം തന്നു. വിഷുവല്ലേ ഇരിക്കട്ടെ മാതുവമ്മേ എന്നു പറഞ്ഞു, എൻ്റെ മേലാറ്റൂരപ്പാ... എൻ്റെ ചെക്കന് ആപത്തൊന്നും വരുത്തല്ലേ." മാതുവമ്മ പറഞ്ഞതും പുലമ്പിയതും ആരും ശ്രദ്ധിച്ചതുമില്ല, കേട്ടതുമില്ല.അവർ ആരോടും പറയാതെ തിരികെ ശ്രീധരമേനോൻ്റെ വീട്ടിലേക്ക് നടന്നു. പിന്നാമ്പുറത്തു ചെന്ന് എല്ലാം വാരിക്കൂട്ടി കൽ ചോട്ടിലേക്ക് നടക്കുമ്പോൾ സാവിത്രിയമ്മ പറഞ്ഞു. " കാപ്പി കുടി കഴിഞ്ഞിട്ടു പോരെ മാതുവമ്മേ ഇല്ലേ ക്ഷീണിച്ചു പോകും കുറച്ചൊന്നുമല്ല കുട്ടികൾ മാറ്റിയിട്ടേക്കണത്. "   വേണ്ടാന്ന് തലയാട്ടിക്കൊണ്ട് അവർ കൽചുവട്ടിലേയ്ക്ക് നടന്നു.അയകളെല്ലാം നിറഞ്ഞപ്പോൾ ഉച്ചവെയിൽ തണുത്തു തുടങ്ങിയിരുന്നു. 

അടുക്കളത്തിണ്ണയിൽ കഞ്ഞിക്കിരിക്കുമ്പോൾ സാവിത്രിയമ്മ പറഞ്ഞു. "മോൻ്റെ പുരയിടത്തീന്നു കൊണ്ടുവന്ന ഏത്ത നാ' രണ്ടു പടല ഞാൻ എടുത്തു വെയ്ക്കുന്നുണ്ട്. മാതുവമ്മ പോകുമ്പോൾ കൊണ്ടുപോകാൻ മറക്കണ്ട ". ഒരു കടലാസ്സു പൊതി അവരുടെ അരികിലേയ്ക്ക് ചേർത്തുവെച്ചു കൊടുത്തു. കുന്നേപ്പള്ളി കലുങ്കു തിരിഞ്ഞ് താഴേക്കിറങ്ങി വരമ്പിലൂടെ നടക്കുമ്പോൾ, നടപ്പിനു വല്ലാത്ത ഭാരം തോന്നി. കാലുകൾ രണ്ടും നന്നായി കുഴയുന്നു. നെഞ്ചോടു ചേർത്ത കടലാസ്സു പൊതിയിൽ കൈ ഒന്നുകൂടി മുറുകി.പടിഞ്ഞാറൻ കാറ്റ് അവ രെ പൊതിഞ്ഞ് പിന്നിലേക്ക് ഒഴുകി കൊണ്ടിരുന്നു. ആകെ ഒരു തളർച്, വല്ലാത്തൊരു മടുപ്പ്. കുഞ്ചേലിപ്പാടം തിരിയുമ്പോൾ വീടിനു മുന്നിൽ രാധ നട്ടുവളർത്തിയ കണിക്കൊന്നയുടെ മുകളറ്റം കാണാൻ തുടങ്ങി മുകളറ്റം മുതൽ താഴെ വരെ നിറയെ പൂക്കൾ നിറഞ്ഞിരുന്നു. മനസ്സിന് എന്തോ ഒരു തണുപ്പു തോന്നി, എന്തോ ഒരു ആശ്വാസം . മാനിശ്ശേരിയിലെ തങ്കം സൗജന്യ റേഷനും വാങ്ങി വഴിയിലൂടെ നടക്കണതുകണ്ടു -തങ്കത്തിനു പിന്നിലായി മാതുവമ്മയും ചേർന്നു, ചോദിക്കാതെ തന്നെ തങ്കം പറഞ്ഞു " പത്തു വെള്ളേം അഞ്ചു ചുവപ്പും. ഇനി ആയിരത്തിൻ്റെ കിറ്റ് എപ്പോഴാണാവോ .ഈ മന്ത്രിമാരുടെ ഒരു കാര്യം. മാതുവമ്മ അതൊന്നും ശ്രദ്ധിക്കാൻ പോയില്ല

തങ്കത്തിനെ വിട്ട് വീട്ടുമുറ്റത്തേയ്ക്ക് കയറിയപ്പോൾ, ജനലുകളും വാതിലുകളും തുറന്നു മലർത്തിയിട്ടിരിക്കുന്നു. കുട്ടിയോട് എപ്പോഴും പറയാറുള്ളതാ ഒറ്റ യ്ക്കാകുമ്പോൾ ജനലുകളും, വാതിലുകളും പൂട്ടി അകത്തിരുന്നോണം, അല്ലെങ്കിൽ ഏഴിലേടത്തു പോയി അവിടെയിരുന്നോണം.കുട്ടി ഒന്നും കേൾക്കില്ല -പഴേ കാലോന്നുമല്ല. നാടു മുഴുവൻ ബംഗാളികളും ആസ്സാമി കളും ജിഷയുടെ കാര്യമോർത്തപ്പോൾ നെഞ്ചിൽ ഇടി പോലെ വീണു. അ രിശത്തോടെ ലേശം ധൃതിയിൽ മാതുവമ്മ ഉമ്മ റേത്തു കയറി.       തങ്കം തകരപ്പെട്ടിയിലേയ്ക് അരി നിറക്കുമ്പോഴാണ് അലർച്ചയും, അലമുറയിട്ട കരച്ചിലും കേട്ടത്. വല്ലാതങ്ങു ഭയന്നു.ചെവി വട്ടം പിടിച്ചു ഉറപ്പുവരുത്തി ഈശ്വരാ.... എൻ്റെ ഒപ്പം ഉണ്ടായിരുന്നതാണല്ലോ? അലർച്ചയും അലമുറയിട്ട കരച്ചിലും കൂടി കൂടി കൊണ്ടിരുന്നു. തങ്കത്തിന് തലചുറ്റി.ചെറിയ കാര്യം മതി തങ്കത്തിന് കൈകാലുകൾ തളർന്ന് തല ചുറ്റും. അടുക്കള വാതിലടച്ച് വരാന്തയിൽ വന്ന് കൽ തൂണിൽ മുറുകെ പിടിച്ചു നിന്നു.രാമനാഥനും, അയാളുടെ ഭാര്യ രാഗിണിയും, മുന്നും പിന്നും ഓടുന്നതു കണ്ടു.. - വാച്ചർ കുമാരേട്ടൻ്റെ ഭാര്യ സൗദാമിനിയേടത്തി പരിഭ്രമിച്ച്ധ്യതിയിൽ നടക്കുന്നു. ഏഴിലേടത്തെ രാമചന്ദ്രേട്ടനും, കോമളവും വരമ്പിലൂടെ നടന്നടുക്കുന്നു.   ഒരു ചുവടു മുന്നോട്ട് വെയ്ക്കാൻ വയ്യ. തങ്കം ഉമ്മറത്തിണ്ണയിൽ ഇരുന്നു. നാട്ടിലുള്ള ചെക്കൻമാർക്കൊക്കെ എന്തൊരെ ള ക്കമായിരുന്നു. ഒക്കെ ഓരോ സ്വപ്നങ്ങള്. ഈശ്വരന് ഓരോ തീരുമാനങ്ങളുണ്ട്. അത് മൂപ്പരു നടത്തുംേ മോഹിച്ചിട്ടൊരു കാര്യോമില്ല. ഇവിടത്തെ ചെക്കനും ഒന്നു ഇളകി തുടങ്ങിയതാ .... വട്ട ചീപ്പും, കുഞ്ഞിക്കണ്ണാ ടീം എപ്പോഴു° പോക്കറ്റിട്ടു നടപ്പാ, അപ്പാപ്പാ മുഖം നോക്കലും മുടി ചീകലും, സൈക്കിളിൽ ഒരു ചുറ്റിയടിക്കലും 'പതിവില്ലാതെ ചിറ്റാ ലത്തുകാവിൽ തൊഴാൻ പോക്കും തുടക്കത്തിൽ തന്നെശേഖരേട്ടൻ വിലക്കി.മുളേ തന്നെ നു ളളി.മുഖത്തടിച്ചതു പോലെ തന്നെ പറഞ്ഞു. "കല്യാണം കഴിച്ചുള്ള ജീവിതമൊന്നും ആ കുട്ടിക്കു പറ്റില്ല. കാണുന്ന ഈ സ്റ്റയല് മാത്രമേയുള്ളൂ. എപ്പഴാണെന്നൊന്നും പറയാൻ പറ്റില്ല."ഈശ്വരാ' വിചാരിക്കണപോലെയൊന്നും ആകല്ലെയെന്ന് തങ്കം മാനംമുട്ടെ ആശിച്ചു. 

ശേഖരൻ നടന്നടുത്തതും അടുത്തു വന്നു നിന്നതും തങ്കം അറിഞ്ഞില്ല. തോളിൽ കൈവെച്ചപ്പോൾ ഞെട്ടി. ഇതുപോലുള്ള ഇടങ്ങളിലേയ്ക്ക് ഭാര്യ തനിയെ പോകില്ലാന്ന് അറിയാമെങ്കിലും,ശേഖരൻ ചോദിച്ചു   ' " നീ അങ്ങോട്ടേയ്ക്ക് പോയില്ലേ? തങ്കം ഇല്ലായെന്നു തലയാട്ടി.തങ്കത്തിനെ ചേർത്തു പിടിച്ച് ശേഖരൻ വഴിയിലേയ്ക്ക് നടന്നു.വീടിനു മുന്നിൽ വഴിയുടെ ഓരത്ത് പഞ്ചായത്തുകാര് കൊണ്ടുവന്ന വെച്ച വാഷ്ബേസിനും, സോപ്പു ലായനിയും ചൂണ്ടിക്കാണിച്ച് രാജൻ മാഷ് പറഞ്ഞു. " രണ്ടു പേരും കൈ കഴുകീട്ട് കേറിക്കോളൂ. അധികനേരം അവിടെ നിൽക്കണ്ട ....."  ഉമ്മറത്തേയ്ക്ക് കയറുമ്പോൾ തങ്കത്തിൻ്റെ കാലുകൾ നന്നായി വിറച്ചു. പിന്നിലുള്ള ശേഖരൻ്റെ കൈകൾ തങ്കത്തിൻ്റെ തോളിൽ താങ്ങി. പടല പൊട്ടിച്ചിതറി വീണ നേന്ത്രപ്പഴങ്ങൾ പലയിടങ്ങളിലായി വീണു കിടന്നു. പാദം തൊട്ട് കഴുത്തോളം മൂടിയ വെളുത്ത തുണി കണ്ടു. മുഖത്തേയ്ക് നോക്കാൻ ധൈര്യം വന്നില്ല. നിറഞ്ഞു കത്തുന്ന നിലവിളക്കു കണ്ടു. ഭ്രാന്തിയെപ്പോലെ, ശബ്ദം പുറത്തേക്കു വരാതെ എന്തെല്ലാമോ പുലമ്പി നിലത്തു കിടന്നുരുളുന്ന മാതുവമ്മയെ കണ്ടു .തിരിച്ചിറങ്ങി ഏഴിലേടത്തെ ശോഭയുടെ അരികിൽ വന്നപ്പോൾ കരഞ്ഞു കലങ്ങിയ കണ്ണുകളും നീരുവന്ന മുഖവും .ശോഭ പറഞ്ഞു "മാതുവമ്മ പണിക്കിറങ്ങുമ്പോ മാലതിക്ക് പനിയും ശ്വാസം മുട്ടലും ഉണ്ടായിരുന്നു. മാതുവമ്മ തിരിച്ചുവന്നപ്പോ "ശോഭയുടെ വാക്കുകൾ മുറിഞ്ഞു.രാജൻ മാഷ് ആരേയും അധിക നേരം അവിടെ തങ്ങാൻ അനുവദിച്ചില്ല. രാമൻകുട്ടി, വരണോർക്കെല്ലാം മാസ്ക് കൊടുക്കുന്നുണ്ടായിരുന്നു .ചുങ്കത്തറയിലെ അശോകൻ പറയുന്നതു കേട്ടു ." തന്തേ നേം, തള്ളേനേം എവിടേന്നു വെച്ച് അന്വേഷിക്കാനാ....?"വേറെ ആരും ഇല്ല താനും.വെച്ചോണ്ടിരുന്നിട്ടു കാര്യോന്നുമില്ല. ശ്മശാനത്തെ കാര്യങ്ങൾ രാജൻ മാഷ് ഏർപ്പാടാക്കി യിട്ടുണ്ട് " .ആംബുലൻസ് എത്തിയപ്പോൾ ശോഭയും അവളുടെ അമ്മയും മാതുവമ്മയെ താങ്ങി യെഴുന്നേല്പിച്ചു, ഉമ്മറത്തെ കസേരയിൽ കൊണ്ടുപോയി ഇരുത്തി. എടുത്തപ്പോഴും, ആംബുലൻസിൽ കയറ്റി കിടത്തിയപ്പോഴും ഈ സന്ദർഭങ്ങളിലുള്ള പതിവു കാഴ്ചകളായ പൊട്ടിക്കരച്ചിലും, നെഞ്ചത്തടിയും കണ്ടില്ല.മാ ആംബുലൻസ് മുന്നോട്ടു നീങ്ങിയപ്പോൾ എഴുന്നേറ്റു തൊഴുതു നിന്നു. കുഞ്ചേലി പാടവരമ്പിലൂടെ നീങ്ങുന്ന വണ്ടിയെകണ്ണിൽ മറയുവോളം അവർ തൊഴുതു നിന്നു.   രാജൻ മാഷ് പറഞ്ഞു. "ഇനി എനിക്ക് താലൂക്കാസ് പത്രിയിലേയ്ക്ക് പോണം.നിസ്സാറിൻ്റെ കാര്യങ്ങൾ നോക്കണം. വീട്ടിലേയ്ക്കൊന്നും കൊണ്ടുവരണില്ല നേരെ പള്ളിപറമ്പിലേക്കാ.... "    മാതുവമ്മ അതൊന്നും കേട്ടില്ല. ഒന്നു മാത്രം അവരുടെ കാതുകളിൽ മുഴങ്ങി. " അച്ചാമ്മ ഞെട്ടരുതും, അച്ചാമ്മ ഞെട്ടി പോകരുതും.ഏഴിലേടത്തെ ശോഭയുടെ കല്യാണത്തിന് ഞാൻ സാരിയാ ഉടുക്കണത് ''. മാതുവമ്മ അലറിക്കൊണ്ട് അകത്തേയ്ക്കോടി. മാലതിയെ കിടത്തിയ വിരിപ്പിലേയ്ക്ക് കമഴ്ന്നടിച്ചുവീണു.'

 

രചന:ടി പി സുനിലാൽ



7 അഭിപ്രായങ്ങൾ

  1. എൻ്റെ കഥ പ്രസിദ്ധീകരിച്ചതിൽ വളരെ നന്ദി .

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2021, നവംബർ 3 12:04 PM

    കോവിഡ് മഹാമാരി തകർത്ത ജീവിതങ്ങൾ 🙏 നല്ല എഴുത്ത് 🙏

    മറുപടിഇല്ലാതാക്കൂ
  3. വളരെ ഹൃദയസ്പർശിയായ എഴുത്ത്....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തകളുടെ അഭിപ്രായത്തിനു നന്ദി. മറ്റുള്ള രചനകളും വായിക്കുമല്ലോ ?

      ഇല്ലാതാക്കൂ

രചനകൾക്ക് അനുസൃതമായ കമന്റുകൾ മാത്രം