Headlines
Loading...
വീണ്ടും ചില വീട്ടുകാര്യങ്ങൾ  |  നർമ്മകഥകൾ  |  ചെറുകഥകൾ  | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam

വീണ്ടും ചില വീട്ടുകാര്യങ്ങൾ | നർമ്മകഥകൾ | ചെറുകഥകൾ | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam

വീണ്ടും ചില വീട്ടുകാര്യങ്ങൾ  |  നർമ്മകഥകൾ  |  ചെറുകഥകൾ  | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam

വീണ്ടും ചില വീട്ടുകാര്യങ്ങൾ  |  നർമ്മകഥകൾ  |  ചെറുകഥകൾ  | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam

ഇന്നലെരാത്രീ തുടങ്ങിയ മഴയാണ് . നേരംവെളുത്തിട്ടും . ഒരു ശമനവുമില്ല . പ്രകൃതീമനോഹരി ഇത്രയും കണ്ണുനീർ നീ നിന്റെ ഹൃത്തടത്തിലൊളിപ്പിച്ചിരുന്നുവോ ? കരഞ്ഞുകരഞ്ഞുനീ ഇവിടമെല്ലാം കുളമാക്കിയല്ലോ ? വീട്ടിലേക്കുള്ള വഴിയിൽ മുട്ടറ്റം വെള്ളംനിറഞ്ഞു . പണ്ടേ ദുർബ്ബല .. പിന്നെ ഗർഭിണി എന്നുപറഞ്ഞകണക്കാണ്   ഞങ്ങൾ കുട്ടനാട്ടുകാരുടെ ഒരുകാര്യം . പുറത്തുനിന്നുനോക്കുന്നവന് . ഹാ ! എന്തുരസം! എന്തുരസം!!  മഴയെന്നു ടൈറ്റിൽ എഴുതിക്കാണിക്കുമ്പോഴേ റോഡിലും തോട്ടിലും കുളങ്ങളിലും വെള്ളംനിറഞ്ഞുകഴിയും . പിന്നെ പരന്നൊഴുകുകയായി . പുതുമഴയാണെങ്കിൽ ഊത്തപിടിക്കാനിറങ്ങാം . അതൊക്കെ ഞങ്ങൾക്കിപ്പോൾ നാണക്കേടായി എന്നത് മറ്റൊരുസത്യം . ഇപ്പൊ ഊത്തകണ്ടാലുടൻ . പോട്ടംപിടിക്കും . ഞാൻ ഇന്നുകണ്ട ഊത്ത . എന്നൊരു ടൈറ്റിലുംകൊടുത്ത് വാട്ട്സ്ആപ്പിലും ഫേസ്‌ബുക്കിലും, ഇൻസ്റാഗ്രാമിലുമൊക്കെ അങ്ങടങ്ങു പോസ്റ്റും . എന്നിട്ട് അവിടിരുന്നാണ് ഊത്തപിടുത്തം . നല്ലപോലൊന്നു വെളിക്കിറങ്ങിയാൽ അതിന്റെ പോട്ടംപിടിച്ച് അതിനെക്കുറിച്ചു നാലുവരിയുമൊക്കെ എഴുതി പോസ്റ്റലാണിപ്പോ  മലയാളികളുടെ കുലത്തൊഴിൽ... അതൊക്കെ പോട്ടെ . പോസ്റ്റിയവൻ  അല്പനാണെന്നു സമ്മതിക്കാം . അവനുകിട്ടുന്ന കമെന്റുകൾകണ്ടാൽ  അവനുചുറ്റും അല്പന്മാർ മാത്രമേയുള്ളുവെന്നു തോന്നും. .. ആ   കമെന്റുകൾ ഇവിടെ കുറിക്കാൻ എന്നെ നിര്ബന്ധിക്കരുതേ  . പ്ലീസ് !!

എന്റെ മനോഗതമൊന്നുമറിയാതെ കുറേ തവളകൾ പേക്രോം പേക്രോം വിളിച്ചുകൊണ്ടു മഴയെ വീണ്ടും ക്ഷണിച്ചുകൊണ്ടിരുന്നു . രണ്ടുമിനിട്ടുകഴിഞ്ഞപ്പോൾ   ആ ശബ്ദവും നിലച്ചു . പെട്ടെന്നാണ് അയൽവീട്ടിലെ റേഡിയോ ശബ്ദിച്ചത് .

ആകാശവാണി . തിരു . ആല . ത്രി ..... കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത . മണിക്കൂറിൽ നാൽപ്പത്തിഒന്നേകാൽ കിലോമീറ്റർ വേഗത്തിൽ പേരിടാത്ത ചുഴലിക്കാറ്റിന് സാധ്യത . സരിതയും റജീനയും സ്വപ്നയും  അടങ്ങിയതുകൊണ്ട് . ഈ ചുഴലിക്ക് പേരിടാൻ സാധിച്ചിട്ടില്ല . ദയവായി ക്ഷമിക്കണം . ... ഇതി വാർത്താ ഹ സൂ എന്താ? പ്രവാചക ബലദേവാനന്ദ ...............

സത്യത്തിൽ തവളകൾ ഈ അസത്യവാർത്ത കേട്ടിട്ട് മിണ്ടാതിരുന്നതാണെന്നു തോന്നുന്നു .

പത്രക്കാരൻപയ്യൻ ഒരു ദാക്ഷണ്യവുമില്ലാതെ പത്രംവലിച്ചെറിഞ്ഞു . മൈക്കാട്ടുപണിക്ക് പോകുമ്പോൾ താഴെനിന്ന് മുകളിലോട്ടെറിയുന്ന കട്ടകൾ വളരെ വിദഗ്‌ധമായി ക്യാച്ച്ചെയ്തു ശീലമുള്ളതുകൊണ്ട്  നിന്നനില്പിൽ ഞാനൊരാഭ്യാസം കാണിച്ചു . വായുവിൽ പറന്നുവന്ന പത്രം  നേരെചെന്നുവീണത്  വെള്ളക്കെട്ടിലേക്ക്. ഞാൻ മറിഞ്ഞുവീണത് മുറ്റത്തുവച്ചിരുന്ന ബൈക്കിന്റെ പുറത്തേക്കും . ഭാഗ്യം !  രണ്ടുപേർക്കും  അധികം പരിക്കുണ്ടായില്ല  പത്രം നനഞ്ഞു . ഞാനൊന്നുരഞ്ഞു . ജ്യാദാ നഹി !!  .

പത്രം വരുത്തുന്നത് വെറുതെയല്ല . ജീവിതപ്രാരാബ്ധങ്ങളിൽ പെട്ടുഴലുന്നതുകൊണ്ട്  എന്നും ഓരോ ലോട്ടറി എടുക്കാറുണ്ട്. അതിന്റെ റിസൾട്ട് രാവിലെ പത്രത്തിൽ കണ്ടാലേ മനസ്സിനൊരു ശാന്തികിട്ടൂ.

അതുപോലെതന്നെ മദ്യവും മയക്കുമരുന്നും ലോട്ടറിയുമല്ലാതെ യാതൊരു ഗതിയും പരഗതിയുമില്ലാത്ത എന്റെ സ്വന്തം നാടിന്റെ സാമ്പത്തികഭദ്രത എന്റെകൂടെ കൈകളിലാണെന്ന ഉത്തമബോധ്യംകൂടെ ഉള്ളതുകൊണ്ട് ഒരു ഉത്തമപൗരനെന്ന നിലയിൽ ഞാൻ ലോട്ടറി എടുത്തുപോരുന്നു. കിട്ടുന്നതിൽപ്പാതി അന്തിക്ക് ബീവറേജിൽ കൊടുത്തുപോന്നു.. മയക്കുമരുന്ന് മാത്രം ട്രൈ ചെയ്തില്ല.. കാരണം മറ്റൊന്നുമല്ല .. യൂത്തന്മാരുടെ കൈയിൽ ആയതുകൊണ്ട് പെട്ടെന്നങ്ങട് എത്തിപ്പിടിക്കാൻ പറ്റുന്നില്ല .. തൊട്ടടുത്തുള്ള സർക്കാർ സ്‌കൂൾ അതിന്റെ വിളനിലമാണെന്നൊക്കെ പത്രത്തിൽവരെ വാർത്തകൾ വന്നിട്ടും .. നഗ്നനേത്രങ്ങൾകൊണ്ട് ഇവറ്റകളെ കാണാൻ സാധിച്ചിട്ടില്ല .. പോലീസിനൊട്ട് അറിയത്തുമില്ല .. ഈ ഒരു നെക്സസിനെക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കുമറിയില്ല എന്ന ആപ്തവാക്യം ഞാനിവിടെ ഉദ്ധരിക്കുന്നില്ല.

ഇന്നലെ രണ്ടുനമ്പറിനാണ് . നൂറുരൂപ തട്ടിപ്പോയത് . ഒരു നൂറെങ്കിലും അടിക്കുമെന്നുപറഞ്ഞു ടിക്കറ്റ് എടുക്കാൻ തുടങ്ങിയിട്ടിപ്പോൾ ഏകദേശം മൂന്നുമാസമായി . മാസം മിനിമം ഇരുപത്തിയഞ്ചു ലോട്ടറി . അങ്ങനെ ഏകദേശം രണ്ടായിരത്തിനുമുകളിൽ രൂപയുടെ ലോട്ടറി എടുത്തുകഴിഞ്ഞു എന്നു വീട്ടിലെ കാലാവസ്ഥാനിരീക്ഷണകേന്ദ്രമായ ഭാര്യയുടെ അറിയിപ്പ് വന്നിരുന്നു.

'ശോ.. ഈ പൈസയുണ്ടായിരുന്നെങ്കിൽ . മേക്കാതിൽ കിടന്ന പൊടി നിങ്ങള് പണയംവച്ചത് എടുക്കാമായിരുന്നല്ലോ ? .. ' ന്നൊരു ആത്മഗതവും അല്പം ഉച്ചത്തിൽ പുറത്തേക്കുവന്നു .

'അതും നടക്കില്ല . '

'അതെന്താ ? രണ്ടായിരത്തിനല്ലേ ആ പണയം ഇരിക്കുന്നത് ? '

'എന്നുവച്ചതാടീ ... കൊല്ലം മൂന്നായില്ലേ ? ആറുമാസം കൂടുമ്പോ  പലിശ അടച്ചിട്ട് പുതുക്കിവയ്ക്കാൻ പറഞ്ഞിരുന്നതാ .  ഇനിയിപ്പോ ആ സ്വർണ്ണം അവിടുണ്ടാകുമോ അതോ അവന്മാര് വിറ്റുതുലച്ചോ എന്നുപോലും അറിയില്ല

'അല്ലേലും നിങ്ങളെപ്പറഞ്ഞിട്ട് ഒരു കാര്യവുമില്ല . നിങ്ങടെകൂടെ ഇറങ്ങിവന്ന എന്നെ പറഞ്ഞാൽ മതിയല്ലോ .. ? '

കയ്യിലിരുന്ന ചട്ടുകം ദേഷ്യത്തിൽ  എങ്ങോട്ടോ വലിച്ചെറിഞ്ഞിട്ടവൾ ധിം തരികിട ധോം ന്നു പറഞ്ഞടുക്കളയിലോട്ടോടി . മേശപ്പുറത്തിരുന്ന അല്പപ്രാണിയായ ഗ്ലാസ് ചട്ടുകത്തിന്റെ ഹസ്തതാഢനമേറ്റു  ചിൽ ചിൽ ശബ്ദത്തോടെ പൊട്ടിച്ചിതറി ..

ആരാന്റമ്മയ്ക്കു മേലാതായപ്പോ അങ്ങേലെ മച്ചിപ്പശു മൂന്നുപെറ്റു എന്നുപറഞ്ഞതുപോലെയായി . പിന്നെയും എന്തൊക്കെയോ അടുക്കളയിൽ മറിഞ്ഞുവീഴുന്നുണ്ടായിരുന്നു . അങ്ങോട്ടെങ്ങാനും ചെന്നാൽ ജീവഹാനി പ്ലസ് മാനഹാനി ഉറപ്പ്.

'ഇനി ആ പത്രോം തിന്നോണ്ടിരിക്കാതെ ആ വഴീലോട്ടൊന്നു ചെല്ല് .. വല്ല മീൻകാരും ഉണ്ടെങ്കിൽ എന്തേലും മേടിച്ചോണ്ടുവാ . ഇല്ലെങ്കിൽ ഇന്ന് ചോറും…. ചോറുംമാത്രമേ ഉച്ചയ്ക്കുണ്ടാവൂ. '

മാന്മിഴിയാളുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു .

പത്രത്താളുകളിൽ പീഡനവാർത്തകൾ കണ്ടുപേടിച്ച് ഉരിഞ്ഞുപോയ ലുങ്കി വാരിയുടുത്തുകൊണ്ട് ഞാൻ പുറത്തോട്ടിറങ്ങി .

അഞ്ചാമത്തെ മീൻവണ്ടിയാണ് എന്റെ ആംഗ്യങ്ങൾകണ്ടു നിറുത്തിയത് . പണ്ട് കെ എസ് ആർ ടി സി ക്കായിരുന്നു ഈ രോഗം . താണുകേണുകിടന്നു കൈകാണിച്ചാലും നിറുത്താതെപോകും.. ഇപ്പൊ മീൻകാർക്കാണ്  എന്നൊരു വ്യത്യാസം മാത്രമേയുള്ളു..

'അയല 300  മത്തി 260  കിളി 280  ഉണ്ണിമേരി 350  ............'

മീൻകാരൻ ബൈക്ക് നിറുത്തുന്നതിയിടയിൽ വിളിച്ചുപറഞ്ഞു. ഇതിലൊക്കെ ഒതുങ്ങുമെങ്കിൽ നിറുത്തിയാൽ മതിയല്ലോ ?

'ഉണ്ണിമേരിക്കെന്താ കൂടുതല് .. ? അറിയാതെയൊരാത്മഗതം.

'തൊട .. ഓ .. ദശ കൂടുതലുള്ളതാ സാറേ .. '  അവനൊരു ആക്കിയചിരി പാസ്സാക്കി .

പോക്കെറ്റിൽ കിടന്ന അൻപതുരൂപാനോട്ട് വെളുക്കെച്ചിരിച്ചു. നിന്നെക്കൊണ്ടൊരു മീൻപോലും മേടിക്കാനുള്ള ഗുണമില്ലല്ലോ എന്നു ഞാനും ..

'അന്പതിനു ഒക്കുന്നത് താ .. '

വളിച്ചചിരിയോടെ ഞാൻ ഉവാച:

അതുകേട്ട് അവൻ എന്റെ മോന്ത അടിച്ചുപൊട്ടിക്കാഞ്ഞത് എന്റെ കെട്ടിയോളുടെ ഭാഗ്യം .. പക്ഷെ അവന്റെ മോന്തകണ്ടപ്പോൾ, അവന്റെ മനസ്സിൽ അതുതന്നെയായിരുന്നു എന്നെനിക്കുതോന്നി. ..

എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അവൻ ഒരു കൂടിനകത്ത് എന്തൊക്കെയോ വാരിയിട്ടു . എന്റെ കൈയിലോട്ടു തരുന്നതിനിടയിൽ ഒരെണ്ണം എടുത്തു തിരിച്ചുപെട്ടിയിലുമിട്ടു . പാവപ്പെട്ടവന്റെ ദയനീയാവസ്ഥ സ്ഫുരിക്കുന്ന മുഖത്തോടെ ഞാനവനെനോക്കി ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു . പക്ഷെ അവൻ ബൈക്കുമെടുത്തതു സ്ഥലംവിട്ടിരുന്നു .

തിരികെവരുമ്പോഴാണ് . വേലായുധൻചേട്ടനെക്കണ്ടത് . മുറുക്കാൻ  വിൽക്കുന്ന മാടത്തിന്റെ ഒരരികിലിരുന്നു സിഗരറ്റ് പുകയ്ക്കുന്നു . നാട്ടിലെ പൂത്തകാശുള്ളവരിൽ ഒരാളാണ് .

'എന്തുപറ്റി ? ഇവിടെയെന്താ ചേട്ടാ ഇരിക്കുന്നത്.. ?'

ലോഹ്യമായിരുന്നു  ചോദിച്ചത് . പക്ഷെ അങ്ങേർക്കതത്ര ഇഷ്ടപ്പെട്ടമട്ടില്ല

'ഓ വെറുതെ .. ഒരു സിഗരറ്റു വലിക്കാൻ ...... '

'ഓ അങ്ങനെ .. '

'വീട്ടിലെ വലി വീട്ടുകാരത്തി നിറുത്തി .. '

വേലായുധൻ ചേട്ടന്റെ ആത്മഗതം .

അപ്പൊ എന്റെവീട്ടിൽ മാത്രമല്ല.

ഹോ  ..എന്തൊരു സമാധാനം ..!

പെണ്ണും പിടക്കോഴിയുമുള്ളവനൊക്കെ മനസ്സമാധാനക്കേടാണല്ലേ എന്നും ?..

ഇനി മീൻ കൊണ്ടുചെല്ലുമ്പോ .. എന്നാപ്പിന്നെ ഒന്നു വെട്ടിയേക്ക് .. ന്നു പറയാതിരുന്നാൽ ഫാഗ്യം !

 

രചന: വേണു 'നൈമിഷിക'



0 Comments:

രചനകൾക്ക് അനുസൃതമായ കമന്റുകൾ മാത്രം