Headlines
Loading...
ഇളക്കങ്ങൾ   |  ചെറുകഥകൾ  | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam

ഇളക്കങ്ങൾ | ചെറുകഥകൾ | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam

ഇളക്കങ്ങൾ   |  ചെറുകഥകൾ  | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam

ഇളക്കങ്ങൾ   |  ചെറുകഥകൾ  | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam


'ഡാ.. എനിക്കുനിന്നെ പിരിഞ്ഞിരിക്കാനിനി വയ്യാ.. ന്താടാ ഇതൊക്കെ ഇങ്ങനെ?'

നയനയുടെ വാക്കുകൾ കിരണിനെ രോമാഞ്ചം കൊള്ളിക്കുന്നുണ്ടായിരുന്നു. 

'എനിക്കറിയില്ല .. എന്റെ അവസ്ഥയും മറ്റൊന്നല്ല.. '

നയനയുടെ കണ്ണുകൾ വിടർന്നു. പലപ്പോഴും പ്രണയത്തിൽ ചതിക്കുഴികളാവും കൂടുതൽ. അവനെ പരീക്ഷിക്കണം. അവൻ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടോ എന്നറിയണം. പരസ്പരം കാണാതെയുള്ള പ്രണയമാണ്. അവനു പോലീസിൽ ഏതോ ഉയർന്ന ഉദ്യോഗമാണ്. സെക്യൂരിറ്റി റീസൺ കാരണം ഫോട്ടോയൊന്നും ഫേസ്ബുക്കിലും വാട്ട്സാപ്പിലും ഉപയോഗിക്കാൻ പാടില്ലത്രേ. കൂടാതെ പലപ്പോഴും കൂടുതൽ സമയം ജോലിയെടുക്കേണ്ടതുകൊണ്ട് കക്ഷിയേ ഒന്നുകണ്ടുകിട്ടണമെങ്കിൽത്തന്നെ ഒറ്റക്കാലിൽ തപസ്സിരിക്കണം.  

'ഡീ.. നീയെന്തെടുക്കുവാ? '

'ഒന്നുമില്ല .. ഞാൻ നിന്നെക്കുറിച്ച് ആലോചിക്കുവാരുന്നു.. '

'വല്ല തെറിയും പറയാനാണെങ്കിൽ നേരിട്ടുപറഞ്ഞാൽപ്പോരേ പെണ്ണേ.. ഹ ഹ ഹ '

'തെറിയോ ..? നിന്നെയോ ..??  ഈ ജന്മം അതിനു സാധ്യതയില്ല. .. '

നയനയുടെ സ്വരം പതിയെ താഴ്ന്നു. ഇനി സംഭവിക്കാൻ പോകുന്നത് അരുണിന് നേരത്തെതന്നെ അറിയാം. കരയും. ഏങ്ങലടിച്ചു കരയും.. ഒന്നു സമാധാനിപ്പിച്ചെടുക്കണമെങ്കിൽ ഇനി ഒരു മണിക്കൂറുവേണം.

'ഏയ് .. വേണ്ടാട്ടോ .. ഞാൻ വെറുതേ ..  '

'വെറുതേപോലും.. അങ്ങനെ പറയരുത്.. നിനക്കറിയാല്ലോ? അല്ല .. നിനക്കറിയേണ്ടല്ലോ ? ഞാൻ തിന്നുന്ന തീ.. നോക്ക് ഇനി എനിക്കു കാത്തിരിക്കാൻവയ്യ .. കേട്ടല്ലോ.. '

'നീ സമാധാനപ്പെട് .. നിനക്കറിയാല്ലോ .. എന്റെ ജോലിയുടെ കാര്യം.. ഇന്നിപ്പോൾ കാസറഗോട്ടാണെങ്കിൽ .. നാളെ തിരുവനന്തപുരമാ.. ഞാൻ പാർട്ടിയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഒരുപക്ഷെ ഒരു ഫിക്സഡ് പോസ്റ്റിലേക്ക്  പരിഗണിച്ചാൽ.. പിന്നെയെല്ലാം എളുപ്പം.. '

നയനയുടെ കണ്ണുനീർ അല്പം തോർന്നു. പറയുന്നതിൽ കാര്യമില്ലാതെയില്ല. നാടും വീടും വിട്ടൊരുത്തന്റെകൂടെ  ഇറങ്ങിപ്പോകുമ്പോൾ.. അവനു സ്ഥിരമായി ഒരു താവളമില്ലെങ്കിൽ .. എങ്ങനെ ശരിയാകാനാ ? ഈ മാർച്ച് കഴിയുമ്പോൾ ശരിയാകുമെന്നാ അവൻ പറഞ്ഞത്.. അതുവരെ പിടിച്ചുനിൽക്കുന്നത്  ഓർക്കുമ്പോഴാ.. 

'ഡീ .. എന്തെടുക്കുവാ ? '

'ഞാനൊന്നുമെടുക്കുന്നില്ല .. '

'എന്നാ വാ .. '

'വന്നു.. '

ജീവിതത്തിനൊരർത്ഥമൊക്കെയുണ്ടെന്നു തോന്നുന്നതിപ്പോഴാണ്.. അവന്റെ ചുംബനങ്ങളേറ്റുവാങ്ങുമ്പോൾ.. അവൻ അവിടെയുമിവിടെയും കുസൃതി കാണിക്കുമ്പോൾ.. അരുതാത്തതു ചെയ്യുവാൻ അവൻ പ്രേരിപ്പിക്കുമ്പോൾ.. അവനെ അനുസരിച്ച് അങ്ങനെ കിടന്നുകൊടുക്കുമ്പോൾ.. ഇനി ഈ ജീവിതത്തിൽ മറ്റൊന്നും വേണ്ടാ എന്നൊരു തോന്നൽ. അവൻ കള്ളനാ.. ഒരു ദിവസം ഒരുതവണ മതിയെന്നൊക്കെ പറഞ്ഞാലും ഫ്രീ ആണെങ്കിൽ അവൻ അനുസരിക്കില്ല.. പലതവണ.. വീണ്ടും വീണ്ടും ആഗ്രഹിക്കുന്നത്ര തവണ.  

എങ്ങനെയാണ് അവനെ പരിചയപ്പെട്ടത്? ഒരുപണിയുമില്ലാതെയിരുന്ന നാളുകളിൽ ഫേസ്ബുക്ക് ഒരു ക്രേസായിരുന്നു. വെറുതേ ഓരോ ചളികൾ എഴുതിവിടുക. എഴുതിവിടുന്നതിനുമുന്നെ തേൻവരിക്കച്ചക്ക മുറിച്ചുവയ്ക്കുമ്പോൾ ഈച്ചയാർക്കുന്നതുപോലെ ആയിരങ്ങൾ... ലൈക്കുകൾ.. കമന്റുകൾ .. അതിലൊക്കെ ഒരു ഒലിപ്പീരു വ്യക്തമായിരുന്നു. ഗത്യന്തരമില്ലാതെ ആങ്ങളമാരാകുന്നവർ, എഴുത്തിന്റെ ശൈലിയെക്കുറിച്ചു വർണ്ണിച്ചു കാടുകയറുന്ന സാഹിത്യനായകന്മാർ, കമെന്റുകൾക്ക് മറുപടി കൊടുക്കുമ്പോൾ അതൊരു നല്ലപെണ്ണിന്റെ ശീലമല്ല, എല്ലാവരോടും ഇങ്ങനെ ചങ്ങാത്തം കൂടരുതെന്നു പറയുന്ന അടിസ്ഥാനഞരമ്പുകൾ, എന്തിനുമേതിനും ചാടിക്കടിക്കാൻ വരുന്ന ചില ചേട്ടന്മാർ, അധികാരം സ്ഥാപിച്ചെടുക്കാൻവരുന്ന കുഴലൂത്തുകാർ, നേരിട്ടുകിട്ടിയാൽ കടിച്ചുചവച്ചുതിന്നുകളയുമെന്നുവരെ തോന്നിപ്പോകുന്ന തൈക്കിളവന്മാർ, പലവിളികൾ, പലഭാവങ്ങൾ... സ്വന്തം ഐഡന്റിറ്റി താൻ വെളിപ്പെടുത്താത്തതുകൊണ്ട്, ഞരമ്പുകൾക്കൊക്കെ ഭാവനയിൽ സുരതം ചെയ്യുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.. ഓരോതവണ നടികളുടെ ചിത്രങ്ങൾ പ്രൊഫൈലിൽ മാറ്റുമ്പോഴും അവർക്കു ചിന്തിക്കാനും, സ്വപ്ങ്ങൾ നെയ്യാനുമുള്ള എന്തെങ്കിലുമൊക്കെ ഇട്ടുകൊടുത്തിരുന്നു. ഒരുപക്ഷേ, അറിഞ്ഞുകൊണ്ട് അറിയാതെ മാറിക്കിടക്കുന്ന മാറിടത്തിലെ തുണി അല്ലെങ്കിൽ പാദസരമണിഞ്ഞ കാലിന്റെ മിഴിവ്.. എന്തായാലും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽത്തന്നെ എന്നതിന് വ്യത്യാസമുണ്ടായിരുന്നില്ല. ഒരുപക്ഷേ , ഊഹിക്കാൻ കഴിയുന്നുണ്ട്.. അവരൊക്കെ ഏതൊക്കെ രൂപത്തിൽ തന്നെ ഭോഗിച്ചുകഴിഞ്ഞിട്ടുണ്ടായിരിക്കും. അതുമൊരു രസംതന്നെ. അതിലൊന്നും പെടാത്ത നിഷ്കാമന്മാർ വേറെയുമുണ്ട്. ഒരു ലൈക്.. ചിലപ്പോഴൊരു കമന്റ് അതും ഗുഡ് .. ഇഷ്ടം.. അത്രയൊക്കെയോ ഉള്ളൂ.. അവരെയാണ് ഒരുപാടിഷ്ടം. ഒരു പെണ്ണുടൽ ഇവിടെയുണ്ടെന്നറിഞ്ഞിട്ടും മോഹങ്ങളൊന്നും വിളമ്പാതെ, നിശബ്ദമായി സൗഹൃദം പാലിക്കുന്നവർ. ഒരിക്കലുമവർ ഇൻബോക്സിൽ തള്ളിക്കയറാറില്ല. ഇൻബോക്സിൽ വെടിവെട്ടങ്ങളിൽ മധ്യവയസ്കരുടെയും, തൈക്കിളവന്മാരുടെയും തള്ളിക്കയറ്റമാണ് അസഹ്യം. ഒൻപതര കഴിഞ്ഞാൽപ്പിന്നെ  മോളെ.. ഉണ്ടോ .. ? ഉറങ്ങിയോ ? എന്ത് ഡ്രെസ്സാടാ ഇട്ടിരിക്കുന്നെ ? വീഡിയോ ചാറ്റിൽ വാ .. ഉറക്കം വരുന്നില്ലടാ .. അങ്ങനെയങ്ങനെയങ്ങനെ... ഇൻബോക്സ് കാണുമെന്നല്ലാതെ, ചില നിർദോഷികളോടു മാത്രം ചാറ്റിയിട്ടുണ്ടെന്നല്ലാതെ ഇതുവരെ  അക്രമത്തിനൊന്നും മുതിർന്നിട്ടില്ല .. നല്ലതാണ് .. ഇല്ലെങ്കിൽ എത്രയോ ആളില്ലാ ഗർഭങ്ങൾക്ക് ഉത്തരവാദിത്വം പറയേണ്ടിവന്നേനെ എന്റെ ഈ കുഞ്ഞുഫോൺ.      

അതിൽനിന്നൊക്കെ വ്യത്യസ്തമായിരുന്നു അവൻ. അങ്ങനെ ഒരുദിവസമാണ് അവന്റെ മെസ്സേജ് കണ്ടത്. ഒരത്യാവശ്യമുണ്ട്.. ഒന്നു ലൈനിൽ വരുമോ ? മറുപടി കൊടുത്തു. എന്തൊക്കെയോ അവൻ പറഞ്ഞു. കഴിഞ്ഞ കുറേക്കാലങ്ങളായി അവൻ എന്നോട് പ്രണയത്തിലായിരുന്നത്രെ ! ആദ്യത്തെ ചാറ്റിങ്ങിൽത്തന്നെ അവനെന്റെ ഹൃദയം കവർന്നങ്ങുപോയി. പക്ഷേ, അവനെ പറ്റിക്കാൻ ഒട്ടും ഇഷ്ടമില്ലയിരുന്നതുകൊണ്ട്, ആ മനസ്സിന്റെ സത്യസന്ധത വരികളിൽ കണ്ടതുകൊണ്ട്, സത്യം അവനോടു തുറന്നുപറയണമെന്നുതോന്നി.  അവൻ അവനെക്കുറിച്ചുള്ള ചെറിയ ഡീറ്റെയിൽസ് ഒക്കെ തന്നിരുന്നു. പോലീസിലാണെന്നും വീട്ടുകാർ കല്യാണമൊക്കെ ആലോചിക്കുന്നുണ്ടെന്നും, പലയിടങ്ങളിലോട്ടുള്ള ട്രാൻസ്ഫർ കാരണം അതൊക്കെ വേണ്ടാന്നുവച്ചിരിക്കുകയാണെന്നും.. പറഞ്ഞു. കൂടെ, മനസ്സിനിഷ്ടപ്പെട്ട ഒരാളെക്കിട്ടാതെയെങ്ങനെയാ എന്നൊരു ചോദ്യവും. അപ്പോ, മനസ്സിനിഷ്ടപ്പെട്ട ഒരാൾ ഞാനാണെന്നാണോ പറയുന്നത് നീ .. എന്നൊരു ചോദ്യം അങ്ങോട്ടുവിടാതിരിക്കാൻ തോന്നിയില്ല. ഒരു രസത്തിനു അവനെയൊന്നു ചൊടിപ്പിക്കാനാണ് അങ്ങനെ ചോദിച്ചത്.  അതിപ്പോ ഞാൻ പറയില്ല എന്നായി കക്ഷി. ചാറ്റുചെയ്തു പിരിയുമ്പോൾ മനസ്സിലൊരു വിങ്ങൽ ബാക്കിയായി. എന്തിനാ ഇങ്ങനെ ആഗ്രഹിക്കുന്നത് ? തെറ്റല്ലേ അതൊക്കെ? ഒരാളുടെ ഭാര്യയായിരുന്നുകൊണ്ട് മറ്റൊരാളെ പ്രണയിക്കുവാൻ കഴിയുമോ? നാല്പതുകഴിയുമ്പോൾ പ്രണയം വീണ്ടും പൂക്കുന്നു എന്നേതോ ഒരു ഞരമ്പ് പറഞ്ഞതോർക്കുന്നു. വെള്ളികെട്ടിയിട്ടില്ലെങ്കിലും, ഇപ്പോഴും സൗന്ദര്യത്തിനൊരു കുറവും സംഭവിച്ചിട്ടില്ലെങ്കിലും, മുപ്പത്തിയൊന്പതു കഴിഞ്ഞത് കഴിഞ്ഞമാസമായിരുന്നു. അടുത്തമാസം മോന്റെ പതിനഞ്ചാം പിറന്നാളാണ്.   വേണ്ടാ .. എന്തുകൊണ്ടു വേണ്ടാ ? ഒരിക്കലും ഒരു ഭാര്യയെന്ന പരിഗണന കിട്ടിയിട്ടില്ല. മകന്റെ സ്നേഹം ആവോളം അനുഭവിക്കുന്നുണ്ട്. അവനെയും ജീവനാണ്. ഭർത്താവിന് വെറുമൊരു ഉപകരണംമാത്രം. യാത്രിയുടെ ഏതോ യാമത്തിൽ ചാടിക്കയറുന്നു.. ഉഴുതുമറിക്കുന്നു.. തളർന്നുവീഴുന്നു. ഇന്നല്ല . കാലങ്ങളായുള്ള പ്രക്രിയയാണ്.. ഒരിക്കലും നീയെന്താണാഗ്രഹിക്കുന്നത്? നിനക്ക് വേദനിച്ചോ.. നിനക്കിഷ്ടപ്പെട്ടോ? നീ ഈ നിമിഷങ്ങളിലെ സുഖം അനുഭവിക്കാറുണ്ടോ? ... ഒന്നും ചോദിച്ചിട്ടില്ല. കടിച്ചുകീറിത്തിന്നാൻവരുന്ന ഏതോ വന്യജീവി. തിന്നാനുള്ള അവകാശം തീറെഴുതി വാങ്ങിയിരുന്നതുകൊണ്ട്, മറുത്തൊന്നും പറയാനുംവയ്യ. നിയമങ്ങളൊക്കെയുണ്ടെന്നു കേട്ടിട്ടുണ്ട്. എന്തിനാ ? അവിടെയും അപമാനിക്കപ്പെടുന്നത് ദ്രൗപതിതന്നെ. ഒരു കൃഷ്ണനും അപ്പോൾ കാണില്ല.

അവനെ അൺഫ്രണ്ട് ചെയ്താലോ എന്നു പലവട്ടം ആലോചിച്ചു. വേണ്ടാ.. ഇനി ചാറ്റ് ചെയ്യാതിരുന്നാൽ മതിയല്ലോ ? അങ്ങനെ സമാധാനിക്കും. അടുത്തദിവസം അവൻ ഓൺലൈനിൽ വന്നപ്പോൾ അറിഞ്ഞുകൊണ്ടു മറുപടി കൊടുത്തില്ല. അവസാനം അവൻ കരച്ചിലിന്റെ വക്കത്തെത്തിയപ്പോൾ തലവേദനയാണ്, ഫോണിലേക്കു നോക്കാൻവയ്യ എന്നൊരു മറുപടികൊടുത്തു. പാവം അതു വിശ്വസിച്ചമട്ടാണ്. 

പലപ്പോഴായി ചാറ്റിങ്ങിലൂടെ അവൻ മനസ്സിൽ കയറിപ്പറ്റിയെന്നു പറഞ്ഞാൽ മതിയല്ലോ.. എത്രയോ നാളുകൾക്കുശേഷമാണ് അവൻ ഫോൺ നമ്പർ ചോദിച്ചത്. ഒട്ടും അവിശ്വസിച്ചില്ല,  കൊടുത്തു.  പിന്നെ ചാറ്റിങ് വാട്ട്സാപ്പിലെക്കുമാറി. ഏതോ ദിവ്യയാമത്തിൽ അവനോടു താനാണ് പറഞ്ഞത് ഇങ്ങനെ ടൈപ്പ് ചെയ്യാൻ വയ്യാ.. നമുക്ക് വോയിസ് മെസ്സേജിടാമെന്ന്. അവൻ ആദ്യം എതിർത്തെങ്കിലും പിന്നീടു സമ്മതിക്കുകയായിരുന്നു. വീഡിയോ ചാറ്റിന്റെ കാര്യം പറഞ്ഞപ്പോഴും .. അവൻ സെക്യൂരിറ്റി റീസൺ പറഞ്ഞിരുന്നു. കഴിഞ്ഞ ആറുമാസംകൊണ്ട്  അവൻ ഞാനും ഞാൻ അവനുമായി മാറിക്കഴിഞ്ഞിരുന്നു. ഒരിക്കലും കണ്ടിട്ടില്ലാത്ത സ്വർഗ്ഗവാതിലുകളിലൂടെ അവൻ സവാരികൊണ്ടുപോകുമായിരുന്നു. വിളഞ്ഞുപഴുത്തുനിൽക്കുന്ന മുന്തിരിക്കുലകൾ, ചെഞ്ചോരനിറമുള്ള ആപ്പിളുകൾ.. താഴ്വരകൾ.. സമതലങ്ങൾ.. സൂര്യകാന്തിപ്പൂക്കൾ തിങ്ങിനിറഞ്ഞുനിൽക്കുന്ന വയലേലകൾ .. ഇതൊക്കെ ആത്മാവ് ശരീരത്തിൽനിന്നു വേർപെട്ടുപോകുമെന്നു തോന്നിപ്പിക്കുന്ന ആ ദിവ്യനിമിഷങ്ങളിൽ അവൻ പറയുന്ന ഉപമകളാണ്. ഫോണിലൂടെ ഇങ്ങനെ സ്നേഹിക്കാൻ കഴിയുന്നവൻ, നേരിട്ടുകണ്ടാലത്തെ സ്ഥിതി  പറയാനുണ്ടോ?

അവനോടു പറയണമെന്നു കരുതിയ ഈ രഹസ്യം അതുകൊണ്ടുതന്നെ പറയാനും കഴിഞ്ഞില്ല . ഇരുപത്തിമൂന്നുകാരി നയനയായിത്തന്നെ തുടർന്നു. പക്ഷേ.. ഒരിക്കൽ ഇതൊക്കെ അറിയുമ്പോൾ .. തന്നെ വിട്ടുകളയുമോ ? ആ സ്നേഹമില്ലാതെ ഇനി ഒരടി മുന്നോട്ടുപോകാനാവില്ല. അവന്റെ പ്രായം അവനിതുവരെ പറഞ്ഞില്ലല്ലോ എന്നോർത്തത് അപ്പോഴാണ്. അടുത്ത ചാറ്റിൽ നേരിട്ടങ്ങു ചോദിച്ചു. ഇതാണ് .. ഇതാണ് എനിക്കിഷ്ടം എന്നാണവൻ പറഞ്ഞത്.  ഈ സ്ട്രെയ്റ്റ് ഫോർവേർഡ്നെസ്സ്..  ഞാൻ കുറേക്കാലമായി പറയണമെന്നുകരുതിയ ഒരു സത്യം പറയാൻ ഈ അവസരത്തെ ഞാനുപയോഗിക്കുകയാണ് പൊന്നേ ..  മുഖവുര അല്പം വിരസമായി തോന്നിയെങ്കിലും .. അവൻ പറയുന്ന വാക്കുകളിലേക്കുമാത്രമായിരുന്നു ശ്രദ്ധ.  'ഒരിക്കൽ പറയണമല്ലോ.. പക്ഷേ അതെപ്പോൾ? അതായിരുന്നു എന്റെ ചിന്തമുഴുവൻ..  '

'പറഞ്ഞോളൂ .. നീയിനി എന്നെ കൊല്ലാൻപോകുകയാണെന്നു പറഞ്ഞാലും എനിക്ക് നൂറുവട്ടം സമ്മതം... പോരേ ? '

'യ്യോ.. എനിക്ക് നിന്റെകൂടെ ജീവിക്കാനുളളതാ .. കൊരങ്ങീ.. സത്യത്തിൽ ഞാൻ അവിവാഹിതനല്ല. എന്റെ കല്യാണം കഴിഞ്ഞതാണ്.'

ഞെട്ടിയില്ല. തലയ്ക്കൊരു ഭാരം. താഴെ വീഴുമോയെന്നൊരു പേടി. അടുത്തുള്ള തൂണിൽ വരിഞ്ഞുപിടിച്ചു. 

'ഉം.. '

'ന്താ ഒരു മൂളൽ .. ഇതു കേക്കുമ്പോ ന്നെ വിട്ടിട്ടു പോവാണെങ്കിൽ പൊക്കോട്ടെയെന്നു ഞാനും കരുതും'

'അതിനെനിക്കാവില്ലല്ലോ? '

'പേടിക്കേണ്ടാ .. എന്റെ ഭാര്യ എന്നെ വിട്ടുപോയി.. മൂന്നുവർഷംമുന്നേ... ഒരാക്സിഡന്റ് .. ഞങ്ങൾക്ക് മക്കൾ ഉണ്ടായിരുന്നില്ല.. ഒരുക്കണക്കിനുപറഞ്ഞാൽ അതും  നന്നായി .. ഈ വിരഹദുഃഖമൊക്കെ ഒറ്റയ്ക്ക് കുടിച്ചുതീർത്താൽ മതിയല്ലോ? '

'ഉം.. ' 

'എനിക്ക് പ്രായം നാല്പതായി .. ഞെട്ടണ്ടാ .. നീയെന്നെ വിട്ടുപോകുമോ എന്നുള്ള പേടിയാണ്.. എന്നെക്കൊണ്ടിതുവരെ ഇതൊന്നും പറയിക്കാതിരുന്നത്.. '

മനസ്സ് ആനന്ദനൃത്തമാടുകയായിരുന്നു. പേടിച്ചതുപോലെയൊന്നുമല്ല കാര്യങ്ങൾ .. ഇപ്പോൾ കൂടുതൽ എളുപ്പമായി കാര്യങ്ങൾ.. ന്റെ കർത്താവേ .. 

'ഹലോ .. ഹലോ .. പോയോ ?'

'ഞാനിവിടെയുണ്ട്.. എങ്കിലും ഇതൊക്കെ നേരത്തെ പറയാമായിരുന്നു.. ദുഷ്ടൻ.. '

'ഞാൻ നിക്കണോ അതോ പോണോ ? '

'നീ എവിടേക്കും പോകുന്നില്ല .. ഞാൻ നിന്നെ ആർക്കെങ്കിലും വിട്ടുകൊടുത്തെങ്കിലല്ലേ നീ പോകൂ .. '

'ഹോ ! സമാധാനമായി.. എന്നാ വാ.. '

'വാ .. '

'ഇന്നു നീ ആദ്യം.. '

'ഉം.. '

വരണ്ട ഉഷ്ണക്കാറ്റിനുശേഷം മഞ്ഞുപെയ്യുന്നപോലുള്ള പ്രതീതി. 

മൂന്നാഴ്ചയായി അവൻ കാസറഗോഡിന് പോയിട്ട്. എവിടെയോ ഉള്ളിലുള്ള സ്ഥലമാണത്രെ.. ഇടയ്ക്കിടയ്ക്ക് നെറ്റ് കട്ടാകും.  ഫോണും കിട്ടില്ല .. 

ഏതോ വലിയ പുള്ളികൾ ഉൾപ്പെട്ട കേസാണെന്നാണ് പറഞ്ഞത് . അതുകൊണ്ടുതന്നെ എപ്പോഴും ഫോണൊന്നും ചെയ്യാൻ കഴിയില്ലത്രേ.. ! അവസാനമായി സംസാരിച്ചപ്പോൾ അവൻ അല്പം എടങ്ങേറിലായിരുന്നു. എന്തൊക്കെയോ പരസ്പരബന്ധമില്ലത്ത കാര്യങ്ങളായിരുന്നു പറഞ്ഞിരുന്നത്. വഴക്കുംകൂടി. നിന്നോടിനി ഞാൻ മിണ്ടില്ല എന്നൊക്കെ പറഞ്ഞിരുന്നു. അതിനുശേഷം അവൻ ഫോൺ ചെയ്തിരുന്നില്ല. അവസാനം സഹികെട്ട് അവനെ പലതവണ വിളിച്ചപ്പോഴാണ് ഒരുതവണ മെസ്സേജ് വന്നത്. ഇനി കേസുകഴിയാതെ പരിപാടിയൊന്നും നടക്കില്ലെന്നുപറഞ്ഞു. 

ഒരാഴ്ചയ്ക്കുള്ളിൽ വരുമെന്നും എന്നിട്ട് ഒരു തീരുമാനമെടുക്കാമെന്നും പറഞ്ഞിരുന്നതാണ്. അതിനുശേഷമാണല്ലോ എന്റെ അഹങ്കാരത്തിനു ഞാൻ വഴക്കിട്ടത്.. 

രണ്ടാഴ്ച .. മൂന്നാഴ്ച .. ഇപ്പോൾ ഫോണുമില്ല .. മെസ്സെജുമില്ല .. ചിലപ്പോഴൊക്കെ ഓൺലൈനിൽ കാണാറുണ്ട്.. ഓടിയെത്തുമ്പോഴേക്കും കക്ഷി സ്ഥലംവിടും.ഒഴിവാക്കുകയാണോ? അങ്ങനെ ഒഴിവാക്കിപ്പോകാൻ ഞാൻ തീരുമാനിച്ചിട്ടില്ലല്ലോ? 

ഫോൺനമ്പർവച്ച് അവന്റെ വീട്ടഡ്രസ്സും ലൊക്കേഷനും കണ്ടുപിടിച്ചപ്പോൾ സമാധാനമായി. അവൻ വന്നുകാണില്ല .. എങ്കിലും ഒരു സമാധാനക്കുറവ് .. അവന്റെ വീട്ടിൽ ആരെങ്കിലും കാണുമല്ലോ? അവനും അവന്റെ അമ്മയും മാത്രമാണുള്ളതെന്നവൻ ഒരുതവണ പറഞ്ഞിരുന്നു. അവരോടു കാര്യങ്ങൾ തിരക്കാം. ഏകദേശം അറുപത്  കിലോമീറ്റർ ദൂരത്താണ് വീട്. സാരമില്ല. വീട്ടിലോട്ടു പോകുകയാണെന്നുപറഞ്ഞു മുങ്ങി. കൂടെ പണ്ടങ്ങളെല്ലാം എടുത്തിരുന്നു.. കുറച്ചു കാശും. മോനോടൊന്നും പറഞ്ഞിരുന്നില്ല. അവനു വിഷമമാകും. സാരമില്ല .. അടുത്ത പരീക്ഷ കഴിയുമ്പോൾ അവനെ കൂട്ടിക്കൊണ്ടുപോരാം. അപ്പോഴേക്കും കാര്യങ്ങളൊക്കെയൊന്നു നേരെയാകുകയും ചെയ്യും. സാധാരണ സ്വന്തം വീട്ടിലോട്ടുപോയാൽ ദിവസങ്ങൾ കഴിഞ്ഞാണ് തിരിച്ചുവരാറുള്ളത് . മോൻ ഇടയ്ക്കു ഫോൺചെയ്തു ചോദിക്കും. ഭർത്താവ് ‘പോയോ’ എന്നൊരു ചോദ്യത്തിൽ അന്വേഷണമൊതുക്കും. എപ്പോ വരും എന്നുപോലും ചോദിക്കില്ല. അതുകൊണ്ട് അത്രപെട്ടെന്നാരും തിരക്കിവരില്ല. 

ബസ്സിലിരിക്കുമ്പോളൊക്കെ അവനെ ട്രൈ ചെയ്തുകൊണ്ടിരുന്നു. അറുപതു കിലോമീറ്റർ താണ്ടിയപ്പോൾ ഏകദേശം അറുപതു കോളുകൾ അവനു ചെയ്തിരുന്നു. ഒറ്റയൊരണ്ണെത്തിനുപോലും മറുപടിയില്ല. കുഴപ്പമില്ല . ഞാൻ നിന്റെ വീട്ടിലെത്തുന്നു. എന്നൊരു മെസ്സേജിട്ടു. മിനിറ്റുകൾക്കുള്ളിൽ ഫോൺ വന്നു. 

'ന്തിനാ ? '

കുറേ കലപിലവർത്തമാനങ്ങൾ .. 

'വേണ്ടാ .. ഇപ്പോൾ നീ വരണ്ടാ .. വന്നാൽ ശരിയാകില്ല.. ഞാൻ വിളിക്കാം. '

അവൻ ഫോൺ കട്ട് ചെയ്തു  അവന്റെ വീടൊന്നും കണ്ടുപിടിച്ചു ചെല്ലുമെന്നു അവനുറപ്പുണ്ടായിരുന്നില്ല. അതല്ലേ ഇത്രയ്ക്ക് ധൈര്യം !

അടുത്തവിളി അവന്റെ വീട്ടുമുറ്റത്തു ചെന്നിട്ടായിരുന്നു. എടുത്തില്ല. 

ഞാൻ നിന്റെ വീടിന്റെ മുന്നിലെത്തി എന്നു മെസ്സേജിട്ടു. അവൻ വിളിച്ചു. 

'ഹലോ.. '

'ഡീ ഞാൻ.. '

'ഒന്നും പറയണ്ടാ . ഞാനെത്തി .. '

'ങേ ?'

പുറത്തോട്ടിറങ്ങിവന്ന രൂപത്തെക്കണ്ട് ശരിക്കും ഞെട്ടി. അവനും ഞെട്ടിയെന്നുതന്നെ പറയണം. 

മുലകുടി മാറാത്ത പ്ലസ് ടു വിനു പഠിക്കുന്ന ഒരു ചെക്കൻ. അവൻ ഫോൺ കട്ട് ചെയ്തിട്ട് തിരിഞ്ഞോടി .. അകത്തേക്ക്.. പുറത്തേക്കിറങ്ങിവന്നത് അവന്റെ അച്ഛനായിരുന്നു.

'എന്താ ? ആരാ ? '

'നിങ്ങളാരാ ?' മറുചോദ്യമെറിഞ്ഞു.

'ഞാൻ അരുൺ.. അരുൺ പ്രഭാകർ'

'ങേ? .. അരുൺ...  '

'നിങ്ങൾ...........'

'നിങ്ങളുടെ മകന്റെ കാമുകി... '

'ങേ?'

'അവനെ വിളിക്ക് .. '

'രാജു .. ഇങ്ങോട്ടു വാ .. ആരാടാ ഇത് ?'

രാജു പുറത്തേക്കിറങ്ങിവന്നു. അവന്റെ കണ്ണുകൾ വികസിച്ചിരുന്നു. ഇരുപത്തിമൂന്നുകാരി നയനയുടെ രൂപംകണ്ടവൻ വീണ്ടും ഞെട്ടി.

'എനിക്കറിയില്ല.. '

'അവനറിയാം. …. ഇപ്പൊ ഞാൻ കാണിച്ചുതരാം '

അവനു ഫോൺ ചെയ്തു. 

'എടുക്ക്.. '

എടുത്തു.

'ഇപ്പൊ .. നിനക്കറിയാമോടാ ?'

ഉച്ചത്തിൽ കാര്യങ്ങൾ പറഞ്ഞുതുടങ്ങിയപ്പോൾ. നാട്ടാരറിഞ്ഞു. ജനങ്ങൾ തടിച്ചുകൂടി. മൊബൈൽ ഫോണുകളുമായി ഉയർന്നുവരുന്ന കൈകൾ.

മൊബൈൽ ഫോണുകളിൽ വിഡിയോകൾ അപ്ലോഡ് ആയിത്തുടങ്ങി. പ്ലസ് ടുവിനു പഠിക്കുന്ന സ്വന്തം മകന്റെ കാമുകിയെക്കണ്ടു തളർന്നുവീഴുന്ന ഒരു പാവം അച്ഛന്റെ ക്ലോസ് ഷോട്ടുകളോടെയായിരുന്നു വിഡിയോകൾ തുടങ്ങിയിരുന്നത്.വീണ്ടുമൊരു വൈറൽ വീഡിയോ. എന്നിട്ടും ആരും ഒന്നും പഠിക്കുന്നില്ല. 


രചന: വേണു 'നൈമിഷിക'



0 Comments:

രചനകൾക്ക് അനുസൃതമായ കമന്റുകൾ മാത്രം