ഫുൾ എ പ്ലസ് | നർമ്മകഥകൾ | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam
ഫുൾ എ പ്ലസ് | നർമ്മകഥകൾ | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam
മേരികുട്ടി അലമാരയുടെ പിന്നിലായിരുന്നു. വീടൊന്നു വൃത്തിയാക്കാൻ രണ്ടുദിവസം അവധിയെടുത്തതാണ്.. രാവിലെമുതൽ സർക്കാപ്പീസിൽ പേനയുന്തി (പാതിയും ഉറക്കത്തിലാ), പേനയുന്തി.. പ്പോ ന്തേലും ജോലീന്നു കേട്ടാ അപ്പൊ തൊടങ്ങും ശ്വാസംമുട്ടല്.. ഹോ.. ! പിള്ളേർടെ അച്ഛനാണെങ്കിൽ പേനയുന്തി (മുഴുവൻ ഉറക്കമാ), പേനയുന്തി ഇപ്പൊ ഫേസ്ബുക്കിലൊക്കെ അറിയപ്പെടുന്ന കവിയാ .. അങ്ങേരു സ്റ്റാറ്റസിൽ ഇൻകംടാക്സ് ഓഫീസർ ന്നു വച്ചലക്കിയിട്ടുണ്ട്.. (ഒള്ളതാ കേട്ടോ.. ) ഇപ്പൊ ഗപ്പുകളുടെ പ്രളയമാ വീട്ടിൽ.. ഈ ഗ്രൂപ്പുകാരെക്കൊണ്ട് തോറ്റു.. ല്ലാ ഗ്രൂപ്പുകാരിലും അല്പം ജാടയും പണവുമൊക്കെയുള്ള ഒന്നുരണ്ടുപേരുകാണും.. അവർക്കൊക്കെ എന്തേലും ഇങ്കവും കാണും.. പ്പോ ഇൻകം ഒണ്ടേ ടാക്സ് ഒറപ്പാ.. അതിന് ലവന്മാര് ഇങ്ങേരെ കൂട്ടുപിടിക്കും.. ഓരോന്നറിയാൻ.. അതെങ്ങനാ.. ഇതെങ്ങനാ.. ഇങ്ങേരാരുടെയൊക്കെയാ മോൻ? കവിതമത്സരം സംഘടിപ്പിക്കാൻ പറേം.. അങ്ങേര് കവിതേം അയക്കും. ഒന്നാംസമ്മാനം.. 'ഓണംകേറാമൂലയിൽ മാത്തൻ തരകൻ' .. ഹോ.. ന്റെ കർത്താവ് പുണ്യാളച്ചാ . ആ ഗപ്പേലെ പൊടി അടിക്കണേ .. കലാബോധമില്ലെന്ന് അങ്ങേര് ഘോരഘോരം പ്രസംഗിച്ചുനടക്കുന്ന, ഈ മേരിക്കുട്ടിതന്നെവേണം..
അതിനിടയ്ക്കാ ഓർത്തേ.. ആ ജോമോൻ ചെക്കനെന്തിയേ ? . . ഇന്ന് എസ് എസ് എൽ സിയുടെ റിസൾട്ട് വരുന്ന ദിവസമല്ലേ? ഇവിടെ എന്റെ ഫോണേൽ, കമ്പ്യൂട്ടറിൽ ഒക്കെ നെറ്റുണ്ട്.. ന്നാലും അവനു കൂട്ടുകാരുടെകൂടെപ്പോയിത്തന്നെ നോക്കണം റിസൾട്ട്... അവന്റെ ഫോണേലും നെറ്റ് ഒണ്ടല്ലോ ? എന്നിട്ടും...
ആ.. വരുമ്പോ വരട്ടെ.. യ്യോ.. മൂന്നുമണിയായല്ലോ ? ഗ്യാസിന്റെ പ്രശ്നമൊണ്ടേ.. അതാ ഇടയ്ക്കിടെ.. ഈ മൂളക്കം.. വല്ലോം കഴിച്ചിട്ട് തൊടങ്ങാം... നാളെയെങ്കിലും ഓഫീസിപ്പോണം.. അതെങ്ങനാ? ഈ വീട്ടിലെ അടുക്കും തൂപ്പും കഴിഞ്ഞിട്ടുവേണ്ടേ.. ? ഒരാളെ നിറുത്താമെന്നുവച്ചാ.. ആണുങ്ങളെ അച്ചായൻ സമ്മതിക്കത്തില്ല.. പിന്നെ പെണ്ണുങ്ങള്.. അതിനിച്ചിര പുളിക്കണം.. അല്ലേത്തന്നെ.. ആപ്പീസിലെ ലലനാമണികൾക്കൊക്കെ ബർത്ത് ഡേ.. അല്ലാത്ത ഡേ.. ന്നൊക്കെപ്പറഞ്ഞോരോ കവിതകൾ എഴുതിക്കൊടുക്കുന്നെന്ന് ശ്യാമള പറഞ്ഞു... ആകെയുള്ള സമാധാനം ശ്യാമളയാ.. അങ്ങേരു ചാടിക്കുമ്പോ അവള് പ്രതികാരം തീർക്കാൻ .. അങ്ങേരുടെ ഓരോ വിഷയങ്ങളും ന്റടുത്തു പറേം .. ഹി ഹി ഹി ..
ചോറിനൊന്നും ഇപ്പൊ ഒരു ചോറിന്റെ ഗൊണമില്ല.. ചവറ്.. യ്യോ.. കണ്ടുപിടിച്ചു.. ചവറ്... ചവറ് ലോപിച്ചുലോപിച്ചാണോ ഇനി ചോറായത് ? കപിയായ അച്ചായനുപോലും കണ്ടുപിടിക്കാൻ കഴിയാഞ്ഞത് ഈ മേരിക്കുട്ടി കണ്ടുപിടിച്ചു.. ഇന്നൊരു വിലസുവിലസും..
ഫോൺ ബെല്ലടിച്ചു.
ഓ.. മെസ്സേജ് ആണല്ലോ ?
ചെക്കന്റെ റിസൾട്ട് അറിഞ്ഞെന്നാ തോന്നുന്നേ... അവന്റെ മെസ്സേജാ..
'മമ്മി .. ഐ ആം പാസ്സ്‌ഡ് എവേ.. '
ന്റെ കർത്താവേ.. അപ്പൊ അവൻ തോറ്റല്ലേ ?
തോറ്റാലും, തോൽവി വിജയത്തിന്റെ മുന്നോടിയാണെന്ന് ഇന്നലേം പറഞ്ഞുപഠിപ്പിച്ചതാ. മരണം ഒന്നിനും ഒരു പരിഹാരവുമല്ലെന്നും പറഞ്ഞു.. ഇപ്പോഴത്തെ പിള്ളേരല്ലേ?. അവന്റെ അപ്പൻ അവനു ട്യൂഷൻ എടുത്തുകണ്ടപ്പോഴേ തീരുമാനിച്ചു.. ഈ ചെക്കൻ പത്തു കടക്കില്ലാന്ന്.. ന്നാലും.. അവൻ ഈ കുരുത്തക്കേട് ഒപ്പിച്ചല്ലോ.. ? ന്റെ കർത്താവേ.. ഞാനിതെങ്ങനെ സഹിക്കും.. ? അച്ചായാ.. അച്ചായാ..
മെസ്സേജ് ഫോർവേർഡ് ചെയ്തു.. ബെന്നിച്ചൻ പോലീസിലല്ലേ.. ? എസ് ഐ ആണ്.. അവനും ഫോർവേർഡ് ചെയ്തു.. ഇനിയാർക്കാ അയക്കേണ്ടത്? അവൻ എവിടെപ്പോയോ? അല്ല.. അവൻ സ്വയം പാസ്സ്‌ഡ് എവേ ന്നെഴുതുമോ ? ..
ഫോണെടുത്തു കുത്തി.
'അച്ചായാ.. പെട്ടെന്നുവാ.. ഞാൻ അയച്ച മെസ്സേജ് കണ്ടോ.. ? '
'ഇല്ല.. ഞാൻ .. അവസാനത്തെ രണ്ടുവരി എഴുതുവാ.. അതൊന്നു പോസ്റ്റീട്ട് നിന്നെവിളിക്കാം.. '
'യ്യോ.. ന്റെ കപി.. നമ്മുടെ മോൻ പാസ്സ്‌ഡ് എവേ.. ന്ന് '
ഒരൊച്ചമാത്രമേ കേട്ടുള്ളൂ.. കുറേയാളുകളുടെ ബഹളവും..
പാപ്പിയും ആ ഓഫിസിലല്ലേ? ചോദിക്കാം.. ഇനി അച്ചായനെങ്ങാനും.. ഈ വർത്തകേട്ട്.. ഓ നോ !
പാപ്പിയുടെ ഫോണടിച്ചു.
'സമയമാം രഥത്തിൽ ഞാൻ.. സ്വർഗ്ഗയാത്ര പോകുന്നു.. എൻ സ്വദേശം... '
ഹോ.. ഇപ്പൊ പാപ്പിയെ കൈയീകിട്ടീരുന്നെങ്കി.. അവന്റെ സ്വദേശം അവൻ കണ്ടേനേ..
ഫോൺ കട്ട് ചെയ്തപ്പോ.. ദോണ്ടേ ബെന്നിച്ചൻ വിളിക്കുന്നു.
'ഡാ.. നമ്മുടെ ജോമോൻ ചെക്കൻ.. പാസ്സ്‌ഡ് എവേ.. '
അത്രേം പറഞ്ഞതേയുള്ളൂ.. ബോധം പാതി പോയി.. താഴെവീഴാൻ തൊടങ്ങിയപ്പോഴാ കണ്ടേ..
'മമ്മി.. '
ജോമോൻ ചെക്കൻ...
ഒള്ളബോധവും പോകാൻ അധികനേരമെടുത്തില്ല.. കർത്താവേ.. ഇവൻ ഇത്രപെട്ടെന്ന് മാലാഖയുമായോ?
'മമ്മി.. ഐ ആം പാസ്സ്‌ഡ് എവേ.. ഞാൻ ജയിച്ചമ്മേ.. ഞാൻ ജയിച്ചു.. എല്ലാം എ പ്ലസ് ആണമ്മേ.. '
ഒള്ളബോധത്തിൽ അവന്റെ കരണക്കുറ്റിക്കിട്ട് ഒന്നുകൊടുത്തു..
'ബാക്കി നിന്റെ ടീച്ചറുമ്മാർക്ക്.. നേരെചൊവ്വേ ഒരു വാചകം പറയാൻ അറിയാൻമേലാത്ത നിനക്കൊക്കെ എ പ്ലസ് തന്നവനെയൊക്കെ സമ്മതിക്കണം.. സാച്ചരകേരളം.. ത് ഭൂ.. '
രചന : വേണു 'നൈമിഷിക'
0 Comments:
രചനകൾക്ക് അനുസൃതമായ കമന്റുകൾ മാത്രം