ദി എൻട്രി ഓഫ് വില്ലൻ | നർമ്മകഥകൾ | ചെറുകഥകൾ | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam
ദി എൻട്രി ഓഫ് വില്ലൻ | നർമ്മകഥകൾ | ചെറുകഥകൾ | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam
നല്ലൊരു കുടുംബിനിയായി കെട്ട്യോന് അത്യാവശ്യം തലവേദനയുണ്ടാക്കി തട്ടിയും മുട്ടിയും പോവുന്ന സുന്ദരസുരഭില നിമിഷങ്ങൾ...ആര് കണ്ടാലും കൊതിച്ചുപോവും, ഇങ്ങനെ ഒരെണ്ണത്തിനെ തന്നെ ഭാര്യയായി കിട്ടിയല്ലോ എന്നോർത്ത്... (ഒരു പാവം ഭാര്യ . . അടിക്ക് അടി, കുത്തിന് കുത്ത്, തല്ലിന് തല്ല്.... )കിട്ടിയതൊക്കെ മടി കൂടാതെ തിരിച്ചു കൊടുത്തും, ചോദിച്ചു വാങ്ങിയും അന്തസ്സായി പോകുന്ന നേരം....
"ഓഹ് ഇതെന്തൊരു തലവേദനയാണ് ദൈവമേ " വെറുതെ ഇരുന്ന് കെട്ട്യോൻസ് വിളിച്ചു പറയുന്നു...
കേട്ടപാതി കേൾക്കാത്തപാതി എന്റെ രോഷത്തിന്റെ സ്പീഡോമീറ്റർ നേരെ മുകളിലേക്ക് ഉയർന്നു. സ്വപ്നം ആണോയെന്തോ, വെറുതെ സുഖമായി ഡെറാഡൂണിൽ പോയി ഉല്ലസിച്ചു നടക്കുമ്പോഴാ അസൂയ മൂത്ത സൂര്യൻ വെള്ളിത്തേരിൽ വന്നിറങ്ങി കുത്തിത്തിരുപ്പുണ്ടാക്കിയതിന്റെ കലിപ്പിൽ എഴുന്നേൽക്കേണ്ടി വന്നത്. അതിന്റെ പ്രതിഷേധം തിളച്ചുമറിയുന്നുണ്ട് എങ്കിലും ഞാൻ ഒരു പാവം ആയതുകൊണ്ട് വെറുതേ വിട്ടു..
ദേഷ്യത്തിൽ നിൽക്കുന്ന എന്നോട് അതും ഇന്നത്തെ യുദ്ധം ഞാൻ തുടങ്ങിയിട്ട് പോലുമില്ല, എന്നിട്ടാ തലവേദനയാണ് പോലും.....ഇന്ന് അടുക്കളബന്ദ് പ്രഖ്യാപിച്ചിട്ടേയുള്ളു എന്നോടാ കളി എന്നൊക്കെ ചിന്തിച്ചു രണ്ടാലൊന്ന് തീരുമാനിക്കാൻ ചെന്നപ്പോൾ പാവം ദേ, തലയിൽ കൈ കൊടുത്തു, കണ്ണിൽ നിന്നും പൊന്നീച്ചയെ ഒക്കെ പറത്തിവിട്ട് ഒരു ഗർഭണന്റെ വിവശതയോടെ ഉലാത്തുന്നു.....
വെറുതെ ഗർഭണ ശാപം വാങ്ങി വയ്ക്കണ്ടല്ലോ എന്നോർത്ത്, സ്നേഹത്തോടെ കാര്യം തിരക്കാൻ പോയ എന്നോട് എന്തെങ്കിലും ചോദിക്കും മുൻപ് കടിച്ചു കീറാൻ വരുന്ന പോത്തിനെ പോലെ അലമുറയിട്ട് താഴേക്ക് ഇരുന്നു. അത് അത്ര നല്ലൊരിതല്ലാത്ത കൊണ്ട് മാത്രം പോത്തിനെ ശ്ശൊ കെട്ട്യോനെ മെരുക്കി, അപ്പോൾ തന്നെ ഹോസ്പിറ്റലിലേക്ക് ഗമിച്ചു.....
ഹോസ്പിറ്റലിൽ ഒരു ഇരയെ കിട്ടാൻ നോക്കിയിരുന്നത് പോലെ താമസംവിനാ അറ്റാക്ക് ചെയ്തു കെട്ട്യോനെ അവിടെ പിടിച്ചു കിടത്തി. ഒരു തലവേദനയ്ക്ക് ഇത്രയും ഒക്കെ ബിൽഡ് അപ്പ് വേണോ ആവോ. അന്നേ എം ബി ബി എസ് എടുത്താ മതിയായിരുന്നു പുല്ല്. ഇതാ കാർന്നോമ്മാര് പറഞ്ഞാൽ കേൾക്കണം എന്ന് ആരോ പറഞ്ഞത്. ഒരു നിരാശ ചെറുതായി എന്നിലും പടർന്നു. ഭയങ്കര ധൈര്യം ഒക്കെ അഭിനയിച്ചെങ്കിലും ഹൃദയം ലപ്‌ടപ് എന്ന് സാധാരണ പോകുന്നതിന്റെ രണ്ടിരട്ടി വേഗത്തിൽ ഇടിച്ചു പുറത്തേക്കു വരോ എന്ന് പോലും സംശയിച്ചു.
പിന്നത്തെ പുകിൽ ഒന്നും പറയണ്ട, ചോരയ്ക്ക് ചോര, മരുന്നിന് മരുന്ന്, സൂചികൊണ്ട് ഇടയ്ക്കിടെ കുത്തുന്നു, ഇറക്കുന്നു .ഡ്രിപ് ഇടുന്നു. (ഇടയ്ക്ക് ഒരു കുത്ത് നല്ലതാണെന്നു തോന്നിയാലും ഇതിപ്പോ എന്തു പറയാനാ ആകെ മൊത്തം ഒരു ബഹളം). സംഭവം ഒരു ചിന്ന തലവേദന ആണല്ലോ എന്നോർത്താ നമ്മുടെ ചെറിയ ഹോസ്പിറ്റലിലെ ഡോക്ടർ മാമനെ കാണിച്ചേ. പക്ഷെ ഇവരിതു ഏതാണ്ട് ഭീകര സംഭവം പോലെ.....ഹോ വേണ്ടായിരുന്നു..
ലോ തലവേദന എന്ന് പറഞ്ഞു വന്ന ആശാൻ സുഖമായ നിദ്രയിൽ. അവിടെ എവിടുന്ന് കിട്ടിയ ഒരു വനിതയുടെ പേജ് ഇങ്ങനെ മറിച്ചു ഉറക്കത്തിന്റെ ദേവിയെ അടുത്ത് വരാതെ ആട്ടിപ്പായിച്ചു, ഡ്രിപ് ഇട്ടിരിക്കുന്ന ബോട്ടിലിനെ ഇതികർത്തവ്യമൂഢയായി ഇടയ്ക്ക് എപ്പോ തീരും, എപ്പോ തീരും എന്ന് പുലമ്പി കൊണ്ട് ഞാനും.....
"ആരാടാ അവിടെ? .... വാതില് തുറക്കാൻ വിളിക്കണ കേട്ടില്ലേ... ". ഉറങ്ങി കിടന്ന മനുഷ്യൻ ചാടി എണീറ്റ് ഉള്ള ബാസ് മൊത്തം കൂട്ടി ഹൈ പിച്ചിൽ....,
എന്റെ ദൈവമേ ഞാൻ എങ്ങും ആരെയും കണ്ടില്ലല്ലോ എന്നോർത്തപ്പോഴേക്കും ദേ കിടക്കുന്നു ചട്ടിയും കലവും, അല്ല സ്റ്റാൻഡും കുപ്പിയും ഒക്കെ, നീഡിലൊക്കെ പറിച്ചെറിഞ്ഞിട്ടു ഡാം തുറന്ന പോലെ ബ്ലഡ്.
വേറെ വല്ലവരും ആണെങ്കിൽ അപ്പോൾ തന്നെ പേടിച്ചു ഓടിയേനെ എന്നോർത്തതെയുള്ളൂ,
ദേ ആശാന്റെ കയ്യിൽ കട്ടിലിന്റെ ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യുന്ന ലിവർ. ഈ പണ്ടാരം ആരാണാവോ അവിടെ കൊണ്ട് വച്ചത്. അതുംകൊണ്ട് വാതിൽ തുറക്കാൻ പറഞ്ഞു പാഞ്ഞു എന്റെ അടുത്തേക്ക്. ഇനി മുൻവൈരാഗ്യം തീർക്കുന്നതാണോ ദേവിയെ എന്ന് സംശയം വന്നെങ്കിലും ചിന്തിക്കാൻ ടൈം ഇല്ലാത്ത കൊണ്ട് സകല കളരി പരമ്പര ദൈവങ്ങളെയും വിളിച്ചു, ഇടത്തു മാറി വലം തിരിഞ്ഞു ലോങ്ങ് ജമ്പ് ചാടി വാതിലിന്റെ അടുത്തെത്തി പുറത്തേക്കു ഒറ്റ ഓട്ടം.
വലിയ പരിക്കില്ലാതെ രക്ഷപെട്ടതിന്റെ സന്തോഷത്തിൽ ഒന്ന് ശ്വാസം എടുത്തു തിരിഞ്ഞു നോക്കുമ്പോൾ ദേ വരുന്നു പുറകെ. പിന്നെ പണ്ടേ ഓട്ടത്തിന് ഫസ്റ്റ് കിട്ടിയ നമ്മളോടാ കളി. ഒരുവിധം സൗണ്ട് കേട്ട് ആ കോറിഡോറിൽ സർവ്വ സന്നാഹങ്ങളും ഓടിയെത്തി. സെക്യൂരിറ്റി ചേട്ടന്മാർ മുത്താണ്. തല അടിച്ചു പൊട്ടിക്കും മുൻപേ 100കിലോയുള്ള ചേട്ടന്മാർ പിടിച്ചു നിർത്തി കെട്ട്യോന്റെ കയ്യിൽ നിന്നും ലിവർ എടുത്തു.
അപ്പോൾ തന്നെ ഡോക്ടറും, സിസ്റ്ററും ഒക്കെ ഓടിയെത്തി. എവിടുന്ന് നിൽക്കാൻ... മുട്ടനാടിനെ പോലെ ശൗര്യത്തിൽ ഒരു പ്രയോഗം, ദേ കിടക്കുന്നു പാവം സിസ്റ്റർ തട്ട് കൊണ്ട് താഴെ. എങ്കിലും ഒരുവിധം എല്ലാവരും പിടിച്ചു സെഡേഷൻ കൊടുത്തു ആളൊന്ന് മയങ്ങി. സോഡിയം എന്ന വില്ലൻ കുറഞ്ഞു പോയതാവും പേടിക്കണ്ട ശരിയാവും എന്ന് പറഞ്ഞു മെഡിസിൻ ഒക്കെ കൊടുത്തു അവരൊക്കെ മുറി വിട്ടു. എന്നാലും സെക്യൂരിറ്റി ചേട്ടൻ പുറത്ത് തന്നെ ഇരുന്നു.
ഏകദേശം അരമണിക്കൂർ, അപ്പോഴേക്കും വലിയ ഒച്ചയിൽ ആള് കട്ടിലിൽ നിന്നും താഴെ എത്തി. പക്ഷെ തല ക്യാച്ച് ചെയ്തത് കൊണ്ട് തല പൊട്ടിയില്ല. കെട്ട്യോനെ അന്വേഷിച്ചു ബിപി ഷൂട്ടർ, കമ്പനിക്ക് ഫിറ്റസ് ചേട്ടനുമായി കാണാൻ വന്നതാ.ആദ്യമായതു കൊണ്ട് എനിക്ക് ആളെ അത്ര മനസ്സിലായില്ല.
വേദനയുടെ അത്യുന്നശൃംഗത്തിൽ കെട്ട്യോൻസ് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്തതുകൊണ്ട് അത് സഹിക്കാതെ നമ്മടെ കയ്യിന്റെ ഒരേക്കർ പുള്ളി സ്വന്തമാക്കി. ഇതെല്ലാം കണ്ടിട്ടാണോ അതോ വേദന കൊണ്ടാണോ എന്തോ കണ്ണിൽ തടഞ്ഞു വച്ചിരുന്ന വാട്ടർ ടാങ്ക് ലീക്ക് ആയി. തുടയ്ക്കാൻ കയ്യൊന്നും ഫ്രീ അല്ലാത്തത് കൊണ്ടും, എന്നെ മറന്നതുകൊണ്ടും ടാപ് ശരിയാക്കാൻ ടൈം കിട്ടിയില്ല
മോശം പറയരുതല്ലോ ഇത്തവണ കുറച്ചു പണി കൂടുതൽ തന്നെ കിട്ടി. ആള് മരണവെപ്രാളം കൊണ്ട് സെഡേഷൻ പോലും പുല്ലാണ് എന്ന രീതിയിൽ ആ ഹോസ്പിറ്റലിന്റെ പല വഴികൾ ഓടി. എല്ലാവരും പുറകെയും. മതസൗഹാർദ്ദവും,സേവനമനസ്ഥിതിയും ഇല്ലാത്ത ഒരാൾ പോലും ഇല്ലെന്ന് അന്നെനിക്ക് ശരിക്കും മനസിലായി. അവിടെ നിന്ന എല്ലാവരും എന്റെ വേണ്ടപ്പെട്ടവർ ആയി. ഒറ്റയ്ക്ക് ഇതെല്ലാം കരുത്തോടെ നേരിടാൻ അവരൊക്കെ സന്നദ്ധയാക്കി എന്നും പറയാം. അല്ലെങ്കിൽ വിപദിധൈര്യം.
സ്ട്രോക്ക് എന്ന മഹാമനസ്ക്കൻ എത്തിയതായിരുന്നു ഇതിനെല്ലാം കാരണം. പക്ഷെ ഹോസ്പിറ്റലിൽ തന്നെ ആയത് ഫസ്റ്റ് എയ്ഡ് ഒക്കെ ചെയ്തു കുറച്ചു കൂടി ഫെസിലിറ്റി ഉള്ള ഹോസ്പിറ്റലിലേക്ക് അവരുടെ സഹായത്തോടെ എത്തിച്ചു. അങ്ങനെ യുദ്ധം അവസാനിപ്പിച്ചു ആളും കുറച്ചു അടിയറവ് പറഞ്ഞു സൈലന്റ് ആയി.
ഈ മനുഷ്യൻ രണ്ടു ചീത്ത പറഞ്ഞെങ്കിൽ എന്ന് ആത്മാർത്ഥമായി ആശിച്ചു പോയി. ദൈവത്തിനു വേണമെങ്കിൽ ഒരു ബാർട്ടർ സമ്പ്രദായം പോലെ എന്നെ തന്നേക്കാം, പുള്ളിയെ കൂടെകൂട്ടണ്ട, അലവലാതിയാ എന്ന് പറയാനും മറന്നില്ല.
മൂപ്പര് അത് കേട്ടോ എന്തോ?ചെന്ന ഉടൻ ഐ സി യൂ വിൽ കേറ്റിയ മനുഷ്യൻ നാലാം ദിവസം കണ്ണുതുറന്നു. ജീവൻ തിരിച്ചു കിട്ടി. ഓടി ചെന്ന് കാണാൻ നേരം,'ആരാന്ന്!' പുള്ളിക്ക് ഒരു പിടിയും ഇല്ലാത്ത പോലെ അവ്യക്തമായി പറഞ്ഞു ചുറ്റും നോക്കി, ഭാര്യ എന്ന് പറയുന്നുണ്ടായിരുന്നു. ഇനി വേറെ ഭാര്യ ഉണ്ടോ ആവോ എന്നും സംശയിക്കാം. ഏയ് ഇല്ല വെറുതെ ജീവനിൽ കൊതിയുള്ള ആളല്ലേ, അങ്ങനെ ചെയ്യാൻ ഒരു തരവുമില്ല... കൂൾ ഡൌൺ ഞാൻ എന്നെത്തന്നെ ആശ്വസിപ്പിച്ചു.
ദൈവം ഉണ്ടല്ലോ മൂപ്പർക്ക് ഞാൻ വച്ച ഡിമാൻഡ് കേട്ട്....."നീ പോടീ പുല്ലേ, നിന്നെ എനിക്കെങ്ങും വേണ്ട, പിന്നെ വലിയ ഡാമേജ് ഒന്നും വരുത്തുന്നില്ല" എന്ന മട്ടിൽ അങ്ങേരുടെ കുറച്ചു ഓർമയും,ബുദ്ധിയും മരവിപ്പിച്ചും, കുറച്ചു കുറവുകളും വരുത്തിയെങ്കിലും നീ എടുത്തൊടി ഉവ്വേ നിന്റെ കെട്ട്യോനെ എനിക്കെങ്ങും വേണ്ടാന്നു പറഞ്ഞു ഒരു മാസ്സ് എൻട്രി ആയിരുന്നു.
എന്നാലും ഒരു സമാധാനം ജയറാമേട്ടൻ സിൽമേല് പറഞ്ഞപോലെ കാമുകിമാരെ ഓർക്കാതെ പേരില്ലാത്ത ഭാര്യയേ ഓർത്തല്ലോ, സന്തോഷായി ഗോപിയേട്ടാ സന്തോഷമായി.
പിന്നെയും കുറച്ചധികം ദിവസങ്ങൾ അവിടെയുള്ളവരെ മണിയടിച്ചും, ചായകുടിച്ചും ഒക്കെ മടുത്തപ്പോൾ വീട്ടിൽ പോയി റസ്റ്റ് എടുത്തു, ഇടയ്ക്കും തലയ്ക്കും വരാമെന്ന് പറഞ്ഞു സ്കൂട്ടായി. ഇപ്പോൾ വലിയ ഏനക്കേടൊന്നുമില്ലാതെ വീണ്ടും അടിയും ഇടിയും തൊഴിയും ഒക്കെയായി വണ്ടി മുന്നോട്ട്......
ചെറിയ കുഴപ്പങ്ങൾ ഒന്നും ഇല്ലാത്ത മനുഷ്യർ ഇല്ലല്ലോ, അതൊക്കെ ഇല്ലെങ്കിൽ പിന്നെ എന്തോന്ന് ലൈഫ്......പ്രയാസങ്ങളും പ്രശ്നങ്ങളും തളരാൻ ഉള്ളതല്ല, അതിൽ നിന്നും ഉണരുവാൻ ശ്രമിക്കുന്നവനാണ് യഥാർത്ഥ പോരാളി. എല്ലാം ചിരിയോടെ അങ്ങ് തള്ളിക്കളയണം എന്നല്ലേ പണ്ടാരോ പറഞ്ഞത്. അപ്പോൾ എല്ലാം പറഞ്ഞത് പോലെ..... ബി ഹാപ്പി ആൽവേസ്.....
രചന: കൃഷ്ണകൃപ
മറുപടിഇല്ലാതാക്കൂഈ ചെറിയ കഥ പ്രസിദ്ധികരിക്കാൻ തിരഞ്ഞെടുത്തതിന് കുറ്റിപ്പെൻസിൽ ടീം അംഗങ്ങൾക്കും, വേണുമാഷിനും, എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി...❤
ഈ സംരംഭം ഏറ്റവും നല്ല രീതിയിൽ തുടർന്ന് കൊണ്ടുപോവാനും, ഒരുപാട് വളർച്ചയുടെ പടവുകൾ താണ്ടാനും ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.
കൃഷ്ണ...
താങ്കൾ ഇവിടെ എത്തിയതിലും ഈ സംരംഭത്തിൽ പങ്കാളിയായതിലും ടീം കുറ്റിപ്പെൻസിൽ അതിയായ സന്തോഷം രേഖപ്പെടുത്തുന്നു. തുടരുക
ഇല്ലാതാക്കൂനന്ദി . താങ്കളെ ഇവിടെ പരിചയപ്പെടുത്തിയതിനു വേണു ജിയോട് ഞങ്ങൾക്കും നന്ദിയുണ്ട്. ഭാവിയുള്ള എഴുത്തുകാരി. തുടരുക. വീണ്ടും പങ്കാളിയാവുക.
ഇല്ലാതാക്കൂ