ചന്ദ്രക്കലയുള്ള കുട്ടി | ചെറുകഥകൾ | കഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam
ചന്ദ്രക്കലയുള്ള കുട്ടി | ചെറുകഥകൾ | കുറ്റിപ്പെൻസിൽ | Kuttipencil Malayalam
കാലക്ഷേപമാർഗ്ഗത്തിനായി കാരിരുമ്പിൻ
കഠോരതയോടുള്ള കിണഞ്ഞ പരിശ്രമത്തിന് ശേഷം ഇരുളൻ ആലക്ക് പുറത്ത് കടന്നു. അതിനുള്ളിൽ
വിന്യസിച്ചു കിടന്ന ഉഷ്ണവായുക്കളുടെ തീക്ഷ്ണസമ്മർദ്ദം നീരാളിപ്പിടുത്തം പോലെ
അയാളിൽ നീരാട്ട് നടത്തിയിരിക്കുന്നു '
ആ സ്വേദബിന്ദുക്കളുടെ ധാരയെ
തുടച്ചെടുത്ത് ടവൽ തോളിലേക്ക് എറിഞ്ഞിട്ട് അയാൾ
വനത്തിനുള്ളിലേക്ക് നടന്നു.നിരർത്ഥകമായ ജീവിതത്തിൻ്റെ അർത്ഥപൂർണ്ണതക്കായ് ജീവിതം
വലിക്കേണ്ട ആ വണ്ടിക്കാള ചിന്തകളുടെ വിഴുപ്പ് ചുമന്നു .
ജന്മജന്മാന്തരങ്ങളിലൂടെ പകർന്നാടി വന്ന
ഒടുവിലത്തെ വേഷം ദ്വാരങ്ങൾ വീണ് നരച്ചിരിക്കുന്നു 'ആ പ്രാക്തനത്വത്തിൽ സ്വത്വം നഷ്ടമായി വെളിച്ചം
വേർപ്പെട്ട നിഴലുകളിലെവിടേയോ നിസ്സഹായതയുടെ നരിച്ചീറ് വിലാപകാവ്യം
ചൊല്ലുന്നു.ആലയിലെ മൂപ്പേറ്റി പഴുപ്പിച്ചെടുത്ത ലോഹദണ്ഡു പോലെ നിന്ന്
ജ്വലനത്തിൻ്റെ തീവ്രത അറിയുകയാണ് ആ മനസ് ആ ചിത്തവിസ്മയത്തിൻ്റെ വന്യമായ വിഹ്വലതകളിൽ
വിശ്ലേഷംമുറിവേറ്റ് പിടഞ്ഞു.
തങ്കഴകൻ!
തങ്കംപോലുള്ള മെയ്യഴകോ കൂർമ്മബുദ്ധിയോ
ആവരണം ചെയ്തവനായിരുന്നില്ല അവൻ.ശ്യാമം ശരീരത്തിൽ നിഴൽപ്പടർപ്പ് പോലെ
ഏറ്റുവാങ്ങിയവനായിരുന്നു.എന്നാൽ ഉരുക്കിൻ്റെ ദൃഢതയുള്ള മനസിനും, മസ്സിലുകൾക്കും
ഉടമയായിരുന്നു.മലദൈവങ്ങൾ വൈകി പ്രസാദിച്ച ആ ജീവൻ്റെ നീർത്തുള്ളി അവരുടെ പ്രാർത്ഥനാ
പുണ്യംനുകർന്ന് വരൾച്ചയുടെ തൊടിയിൽ ഉഷ്ണക്കാറ്റേറ്റ് വളർന്നു. ആ തെന്നൽ
പറത്തിയിട്ട വിത്ത് അവനിൽ മനുഷ്യത്വം പാകികാളിർപ്പിച്ചു
മാതാവ് ജാനകി പ്രാകൃതമായ പാരയെന്ന
ഇരുമ്പായുധം ഉപയോഗപെടുത്തി കുഴിച്ചെടുത്ത കിഴങ്ങുവർഗ്ഗങ്ങളുടെ രുചിയുള്ള കൊഴുപ്പും,, ഇരുളൻ തേനീച്ചകളുടെ
കൂട്ടായ ആക്രമണത്തിനിരയായി ഊറ്റിയെടുത്ത കാട്ടുതേനിൻ്റെ നൈസർഗ്ഗികതയും ആദിവാസി
ഒറ്റമൂലിചികിത്സകൻ ചോതിമൂപ്പൻ്റെ ചികിത്സാവിധികളും പ്രത്യേകമായി ക്രമപ്പെടുത്തി
എടുത്ത നെയ്കൂട്ടുകളും ആ ദമ്പതികളുടെ മകൻ്റെ വളർച്ചയിൽ നിർണ്ണായകമായ ഘടകങ്ങളായി
പുരാണ കഥാപാത്രത്തെ സ്മൃതിയുണർത്തി അവൻ
അസ്ത്രവിദ്യയിൽ അഗ്രഗണ്യനായി.തങ്കഴകൻ്റെ ലക്ഷ്യബോധങ്ങളെ തകർക്കാൻ പ്രകൃതിജീവികൾ
മാത്സര്യ ഭാവത്തോടെ പാഞ്ഞുനടന്നു.എന്നാൽ ഓടുന്നവക്ക് ഒരു മുഴം മുന്നേ എന്നതായിരുന്നു
അവൻ്റെ തത്വശാസ്ത്രം - ആ വിശ്വാസസംഹിത അവനെ മികച്ച വേട്ടക്കാരനാക്കി.
വേട്ടയാടപ്പെടലിൻ്റെ ഏകാഗ്രത നിറഞ്ഞ
തീക്ഷണതയിൽ ആ മനസ് രാദ്രൗമാകും'
എന്നാൽ മൗനത്തിൻ്റെ നാട്ടുവർത്തമാനം
ശ്രവിക്കുന്ന സൂഹൃത്തുക്കൾ ഒഴിഞ്ഞ ഒറ്റപ്പെടലുകളിൽ ആ മനം പുതിയ മാനങ്ങൾ
തേടി നടന്നു. ശാന്തമായ ആ മനസിൻ്റെ ജലനിധിയിലേക്ക് പകയുടേയും, വിദ്വേഷത്തിൻ്റേയും
മെയ്യൂക്കിൻ്റേയും കല്ലുകളുതിർന്ന് വീണ് ഓളങ്ങളുണ്ടായിരുന്നില്ലല്ലോ. അതിനാൽ ആ
ഓളപ്പരപ്പിൽ മത്സരബുദ്ധിയോടെ നീന്തുവാനും മറുകര എത്താനുമുള്ള വെല്ലുവിളികളുമായി
ആരും തയ്യാറാകാതിരുന്നതിനാൽ മകൻ്റെ തിരോധാനം ദുരൂഹതയുടെ ഇരുണ്ട സമസ്യ തീർക്കുന്നു.
എന്താണ് സംഭവിച്ചത്?
അവൻ്റെ അപ്രത്യക്ഷമാകൽ നടന്ന സ്ഥലത്തു
നിന്നും ലഭ്യമായ ചുവന്ന തലയിൽ ചുറ്റുന്ന ഒരു കൈലേസ് അഭ്യൂഹങ്ങളുടെ ചുരുൾ
അഴിച്ചിടാൻ മാത്രം ഉപകരിച്ചു.
പുലി പിടിച്ചുവെന്ന ഒന്നാമത്തെ
സുഹൃത്തുക്കളുടെ അഭ്യൂഹത്തിൻ്റെ തിരുത്തപ്പെടലായി എവിടെ ആ ഗാണ്ഡീവം?
പ്രകൃതി ചൂഷകരുടെ വെടിയേറ്റു വീണുവോ? ആ അഭ്യൂഹത്തിൻ്റേയും
തിരുത്തപ്പെടലായി എവിടെ കട്ടപിടിച്ച രക്തത്തുള്ളികൾ?
മാവോയിസ്റ്റുകളുടെ പിടിയിലൊതുങ്ങിയോ?
നിലനിൽക്കുന്ന മറ്റൊരു തീവ്രമായ അടക്കംപറച്ചിൽ
പക്ഷെ അവരുടെ പ്രത്യയശാസ്ത്രത്തിൻ്റെ
ഉണർത്തുപാട്ടാവേണ്ട ഒരു ലഘുലേഖ പോലും ലഭിച്ചിട്ടില്ലല്ലോ
വയ്യ ഇരുളന് തല പെരുത്തുകയറുന്നതുപോലെയും കാൽപാദം
വിറയുന്നത് പോലേയും തോന്നി.
സ്രവണബിന്ദുക്കൾ ശരീരം പൊതിഞ്ഞുകെട്ടി
പിഴിയുന്നു. സന്തുലനം നഷ്ടമായി ആ അറിവിൻ്റെ അഗ്നികാറ്റ് വിതച്ച് ശേഷിപ്പുകളിൽ
മോഹാലസ്യപ്പെട്ട് അയാൾ ഒരു പാറകൂട്ടത്തിലേക്ക് കുഴഞ്ഞു വീണു
എപ്പോഴൊ ശരീരത്തിൻ്റെ
അന്തരാളങ്ങളിലേക്ക് ഊർജ്ജം നിറഞ്ഞ് ഉണർച്ചയറിഞ്ഞ് അയാൾ എണീറ്റു.വീണ്ടും വനത്തിൻ്റെ
ഒറ്റയടിപ്പാതയിലൂടെ നടന്നു '
ഭൗതികതയുടെ അതിപ്രസരമില്ലാത്ത
ജീവിതത്തിൻ്റെ മാറ്റമില്ലാത്ത മിതമായ ചില ആസക്തികളിലേക്ക് സുഹൃത്തുക്കൾക്കൊപ്പം
പങ്കു ചേരുവാൻ ആ ഒരുമയിൽ ആനന്ദത്തിൻ്റെ ലഹരി നുണഞ്ഞ് എല്ലാം മറവിയുടെ
മാറാലക്കുള്ളിൽ ഉപേക്ഷിക്കുവാൻ.
ജാനകി വിറക് ശേഖരണാർത്ഥം കാട്ടിൽ അലയവേ
പെട്ടന്ന് അവളെ അത്ഭുതപരതന്ത്രയാക്കി ഒരു കുഞ്ഞിൻ്റെ കരച്ചിൽ ആ വനമേഖലയുടെ
താളലയത്തെ അസ്വസ്ഥമാക്കി കൊണ്ടിരുന്നു.' അവൾ ആകാംക്ഷയുടെ അതിർവരമ്പിലൂടെ
അവിളംബം നടന്നു.ആ മിഴികൾ ചുറ്റും നിരീക്ഷണ- വിധേയമായി പരതി നടന്നു. ഒരു നിമിഷം
ഭൂതകാലത്തിൻ്റെ കുളമ്പടിനാദം ആ അശ്വമേധത്തിൻ്റെ ജൈത്രയാത്രയിൽ തങ്കഴകൻ്റെ കുഞ്ഞു
മുഖം ആദർശത്തിലെന്നപോലെ തെളിഞ്ഞ് ശോഭിച്ചു.ഗൃഹാതുരത്വ സ്മൃതി ശാഖകൾ പടർന്നിറങ്ങിയ
അവളെ ഒരുവേള സ്വപ്ന സഞ്ചാരിയാക്കി വിലാപങ്ങളുടെ വിദൂരം കുറഞ്ഞുവന്നപ്പോൾ അവളുടെ
ദൃഷ്ടിപഥം ഒരു ശിശുവിൽ പതിഞ്ഞു.
ഉടനെ ഓടിച്ചെന്ന് ആ ശിശുവിനെ
മാതൃവാത്സല്യ മഹനീയ ഭാവത്തോടെ എടുത്ത് തോളിലേറ്റി. പുല്ലും അഴുക്കും കുട്ടിയെ
കിടത്തിയിരുന്ന തൂവാല കൊണ്ട് തുടച്ചു മാറ്റി.ആ കുട്ടിയുടെ നെറുകയിൽ
ചന്ദ്രക്കല തെളിഞ്ഞു കിടന്നിരുന്നു.
പതി സമീപസ്ഥനല്ലാത്തതിനാൽ ഒരു
തീരുമാനത്തിൽ എത്താനാവാതെ അവൾ കുഴഞ്ഞു നിന്നു. വളരെ ബദ്ധപ്പെട്ട് അമ്മയുടെ ഗന്ധം
വിട്ടകന്നത് അറിഞ്ഞ ആ കുഞ്ഞിൻ്റെ കരച്ചിലൊതുക്കുവാൻ ശ്രമിക്കുന്ന നേരത്താണ് അവൾ ആ
കുഞ്ഞിൻ്റെ നെറ്റിയിലേക്ക് തുറിച്ച് നോക്കിയത്. അതവളെ ആശങ്കയും ആഹ്ളാദവും
ഒന്നുചേർന്ന സമ്മിശ്രവികാരതള്ളിച്ചയുടെ പൂത്തിരി കത്തിച്ചു. ഒടുവിൽ മനസ്
പറഞ്ഞുറപ്പിച്ച തീരുമാനത്തിൽ ഉറച്ച് ആത്മവിശ്വാസത്തിൻ്റെ കൂടൊരുക്കി അതിൽ ആ
കുഞ്ഞിനെ താലോലിച്ച് അവൾ സ്വഗൃഹത്തിലേക്ക് നടന്നു.
മലദൈവങ്ങളോട് ഒരു തീപ്പൊരിയ്ക്കായുള്ള
അർത്ഥനയുടെ ഫലമായി തങ്ങളുടെ സങ്കടക്കടൽ വറ്റിക്കാൻ എറിഞ്ഞു തന്ന തീപ്പന്തമാണ്
നെറ്റിയിൽ ചന്ദ്രക്കലയുള്ള ഈ പെൺകുട്ടി. ഇവൾ തങ്ങളുടെ ജീവിതത്തിന് ഭാഗ്യജാതകം
കുറിയ്ക്കുമെന്ന് ആരോ മനസിൻ്റെ ഭൂഗർഭങ്ങളിലിരുന്ന് മന്ത്രിക്കുന്നു .നഷ്ടമായെന്ന്
വിശ്വാസമുള്ള മകൻ തിരികെ എത്താം. ആ പുനരാഗമനത്തിനായി തൻ്റെ ചിത്തം
ചക്രവാകപ്പക്ഷിയെപ്പോലെ ചിറകിട്ടടിയ്ക്കുന്നു. ഓർമ്മകളുടെ ദൈന്യത്താൽ അവളുടെ
മനസ്സ് പിടഞ്ഞു.. സർവ്വംസഹയെ വിട്ടകലാൻ മടിക്കുന്ന ജ്യോത്സനയുടെ അവസ്ഥ പോലെ
അത്യാഹ്ളാദത്തിൽ ആ മനം നിറഞ്ഞു
പെയ്തങ്കിലും ഭീതിയുടെ ഇരു കൈവഴികൾ ഒരുമിച്ച് സംഗമിച്ച്
കൂലംകുത്തി പാഞ്ഞ് തൻ്റെ നേരെ കുതിച്ചെത്തുന്നു. അവ ഇരുളൻ്റെ ചുവന്ന മിഴികളിലെ
അഗ്നിനാളവും പിതൃക്കളാൽ കേട്ടറിവ് ലഭിച്ച വാമൊഴിയുടെ അയനങ്ങളിലെ അർദ്ധ സത്യങ്ങളായേക്കാവുന്ന
നൊമ്പരചീന്തും പക്ഷെ ചന്ദ്രക്കലയുള്ള ഈ അപൂർവ്വ ജന്മത്തിൻ്റെ ജീവിതദൈർഘ്യം
കുറവാണെങ്കിലും വളർച്ചാഘട്ടങ്ങളിൽ മൃതി പതിയിരുന്ന് കാലന് ഉപാസന ചെയ്താലും തങ്ങളീ
ജാരസന്തതിയെ വളർത്തും. ആ മോഹപ്പക്ഷി കൂടുവിട്ട് പറന്നു ആകാശത്തിൻ്റെ അനന്തതയിലേക്ക്.
സ്വഭവനത്തിലെത്തിയ ജാനകി ത്രിസന്ധ്യ
മയങ്ങിയപ്പോൾ ഇരുളനെ കാത്തിരുന്നു. ഓരോ കാത്തിരിപ്പുകളും ഓരോ വേദനകളായിരുന്നു.
എങ്കിലും ആ വേദന ഏറ്റുവാങ്ങി കരുതലിൻ കാവലിൽ അവൾ സ്വയമലിഞ്ഞ് ചേർന്നു. ഇരുളൻ്റെ
വാർദ്ധകം ഇരുളിൻ്റെ സമൂർഛനത്തിൽ കൊടുങ്കാറ്റിൻ്റെ ഹുങ്കാരവവും വിഭാതത്തിൻ്റെ
നൈർമല്യത്തിൽ ബാല്യത്തിലെ നിഷ്ക്കളങ്കതയും സൃഷ്ടിക്കുന്നു. '
പുലരിയുടെ തുടിപ്പിൽ പത്നിയുടെ
പരിദേവനങ്ങളിൽ മർദ്ദനത്തിൻ്റെ ചുവന്ന തടിപ്പുകളിൽ നോക്കി ആ 'നിഷ്ക്കളങ്കബാല്യം"കറ-
വീണ കുപ്പായത്തിൻ്റെ കുത്തിപ്പിഴിയലിൽ മാറത്തടിച്ചു കരയും.
സ്നേഹമുദ്രണത്തിൻ്റെ മുറിപ്പാടുകൾവീണ ഹൃദയരോദനം. ബോധത്തിൻ്റെ
അർക്കാസ്തമയത്തിൽ പിറവികൊള്ളുന്ന പകയുടെ സർപ്പദംശനത്തിൽ വീണുപോയ ചേതസ്സിൻ്റെ
ഉള്ളുരുക്കത്തിൻ്റെ സങ്കടക്കാഴ്ചകൾ.
ഇരുളൻ ഇരുളാൻ തുടങ്ങുന്ന നിഴലിൻ്റെ കോല
കാഴ്ചയായി അധ:പതിക്കുന്ന വർത്തമാനകാലത്തിൻ്റെ ദുരന്ത ചിത്രം.
പുറത്ത് നാടൻപാട്ടിൻ്റെ ശീലുകൾക്കൊപ്പം
കൂട്ടികുഴയ്ക്കുന്ന അസഭ്യവർഷവുംചേർന്ന പദപ്രയോഗപ്രളയം: ഇരുളൻ്റെ ആഗമനം അറിഞ്ഞ
ജാനകി ഒരു നിമിഷം നടുങ്ങി. പിന്നീട് പ്രാർത്ഥനയുടെ സാഫല്യം തേടി.
ആ ലോഹകാരകൻ്റെ മനസ് പഴുപ്പിച്ചെടുത്ത
ലോഹ സമാനം ആയി മാറ്റപ്പെടരുതേ...
ഇരുളൻ ഗൃഹപ്രവേശം നടത്തുമ്പോൾ
ജാനകിയുടെ മടിയിൽ മയങ്ങുന്ന മാടപ്രാവിനെ കണ്ട് നടുങ്ങി.ശിരസിലേക്ക്
ആധിപത്യം സ്ഥാപിച്ച് കുടിയിരുന്ന ലഹരിയുടെ മന്ദീഭാവം ആവിയായി
" യെടീ ...ജാന്വീ യെന്നായീ കാഴ്ച..... എബിടൂന്ന്
കിട്ടിയീ സന്തതിയേ..”
ഇരുളൻ മദ്യത്തിൻ്റെ ഉരകല്ലിൽ തൻ്റെ പൗരുഷ്യത്തെ
ഉരച്ചു മിനുക്കുമ്പോൾ ആളിയ അഗ്നിയിൽ ആ പൂജാപുഷ്പം വെന്തുരുകി.
" പതിയെ കുരയ്ക്കെൻ്റെ മനുഷ്യേനേ വനത്തിൽ വെറക് ശേഖരിക്കാനെറങ്ങീപ്പോ
കണ്ണീപ്പെട്ടതാ ഉപേക്ഷിച്ചില്ല കാരണം നിങ്ങളി കുഞ്ഞിൻ്റെ നെറ്റീലോട്ടൊന്നു കണ്ണു
വച്ചേ;
" യെന്തോന്ന് ടി കെട്ടീബ്ളെ വേഗം
പറഞ്ഞു നശിപ്പീരീടി…. യെബുളെ ഞാനിന്ന് കൊല്ലും."
"തെളിഞ്ഞു നിക്കണ ഈ ചന്ദ്രക്കല
അതു നമ്മക്ക് ഭാഗ്യജാതകം തന്യാ നമ്മുടെ കാലക്കേടും പട്ടിണിയും
ഒടുങ്ങും. ഇവൾ അപൂർവ്വജന്മം തന്നെ "
ഇരുളൻ്റെ ചുവന്ന് കലങ്ങിയ
മിഴികൾക്കൊപ്പം ആ ശരീരവും നൃത്തചുവടുകളിലാണ്
" ജീവിതംതന്നെ രണ്ടറ്റവും
കൊണ്ടെത്തിക്കുവാൻ ബദ്ധപ്പെടുന്നിടത്താ യിപ്പോയീ മാരണം വന്ന് കേറീരിക്കണ്ത്
കൊണ്ടോയി കോക്കയിലേറ്വീടീ നെശൂലമേ നായീൻ്റെ മേളെ ."
വാറ്റുചാരായം അകംനിറഞ്ഞുതുളുമ്പുന്ന
അയൾ വാറ്റിയെടുക്കാത്ത വാക്കുകളുടെ ദൂഷിതം ഛർദ്ദിച്ച്കൊണ്ടിരുന്നു.. ആ കയ്പുരസം
നുണയാൻ വിധിക്കപ്പെട്ട പത്നിയുടെ നെടുവീർപ്പുകൾ അറിയാതെ
സംഭാഷണത്തിൽ രൂപമെടുത്ത അപ്രതീക്ഷിത
പകയുടെ ചുഴലിയിൽ അയാൾ അവളെ തല്ലാനായി അടുത്തതും ശരീരം കുഴഞ്ഞു നിലവീഴ്ച നടത്തിയതതും
ഒരുമിച്ച് -അയാളുടെ അന്നത്തെ ദിനചര്യക്ക് അവിടെ വിരാമമായി- ആ കൊടുങ്കാറ്റ്
വേദന നൽകാതെ അന്ന് ഒടുങ്ങി
പിറ്റേന്ന് വെളിച്ചംവീണ ഇരുളൻ്റെ
തലയിലേക്ക് ജാനകി കാര്യങ്ങളുടെ നിജസ്ഥിതി വിവരിച്ചു കൊടുത്തപ്പോൾ ബുദ്ധിശാലിയായ
ഭാര്യയെ അയാൾ അംഗീകരിച്ചു. ആ നിഷ്ക്കളങ്ക അവസ്ഥയിൽ അയാൾ കുഞ്ഞിനെ വാത്സല്യപൂർവ്വം
ലാളിച്ചു. ജാനകി സമാധാനിച്ചു. കുഞ്ഞ് അവരെ നോക്കി പുഞ്ചിരിച്ചപ്പോൾ കുളിർമഴ പെയ്ത
സുഖാനുഭൂതി.
വളർച്ചയുടെ ഘട്ടങ്ങളിൽ അവൾ കുസൃതികൾ
കാണിച്ചു.
ഇരുളന് മദ്യത്തോട് വന്ന സ്വാഭാവികമായ
വിരക്തിയും ജാനകിയെ സന്തോഷിപ്പിച്ചു.ആ മഹാത്ഭുതം കുഞ്ഞിൻ്റെ ആഗമനം സമ്മാനിച്ച
ഭാഗ്യത്തിൻ്റെ ആദ്യ അങ്കനമായി അവർക്ക് തോന്നി
അവർ ആ നിധിയെ പൊന്നുപോലെ സംരക്ഷിച്ചു
താൻ തല്ലിപ്പരത്തി പണിതെടുത്ത പണി
ആയുധങ്ങൾ വിൽക്കുവാൻ അയാൾ നാട്ടിലെത്തും. ഭക്ഷണ പദാർത്ഥങ്ങൾക്കൊപ്പം മികച്ച ബാലാഹാരങ്ങളും
പ്രത്യേകം വാങ്ങിയാണ് അയാൾ കാട്ടിലേക്ക് തിരിക്കുന്നത്.
അങ്ങനെ പ്രത്യാശപൂണ്ട ആ ജീവിതനൗക
സജീവതയോടെ ചലിച്ചു. കിനാവ് കാണുന്നതിനും ചിന്തിക്കുന്നതിനും കർമോന്മുഖമാകുന്നതിനും
ഊർജ്ജ ഹേതുവായി ആ സജീവത കുഞ്ഞിൻ്റെ
വിചാരവീചികൾ ഉണരുമ്പോൾ ആലയിൽ ആ ലോഹകാരകൻറെ ഏകാഗ്രതക്ക് ഭംഗം ഭവിക്കും. അവൾ കൊണ്ട്
വരുന്ന ഭാഗ്യങ്ങളെ ഓർത്ത് അനുഭൂതികളിൽ സ്നാനപ്പെട്ട് ജാനകി ഒരു വാൽമീകമായി ആ
കുഞ്ഞിനെ പൊതിഞ്ഞു നിന്നു.
അങ്ങനെ ഉന്മേഷദായകമായി ദിനങ്ങൾ മുത്തുപൊഴിക്കുമ്പോൾ
ഒരു ദുരന്തം അപ്രതീക്ഷിത സന്ദർശകനായി ആ ഭാഗ്യജാതകത്തെ പരീക്ഷിക്കുവാനെത്തി.
ഇരുളൻ ഈറ്റ ശേഖരണത്തിൽ
ഏർപ്പെട്ടിരിക്കുമ്പോഴാണ് അത് ശ്രദ്ധയിൽ വന്നത്. തടാകത്തിലേക്ക് ഒലിച്ചിറങ്ങുന്ന
ഒരു അരുവിയുടെ സമീപം തിളങ്ങുന്ന മഞ്ഞപ്രഭ
അയാൾ അവിടേക്ക്
ചെന്നു. ചുറ്റിലും ആഴത്തിൽ മണ്ണുനീക്കി ആ മൊന്ത വലിച്ചെടുത്തു.
കൊള്ളാം പണി ആയുധങ്ങൾക്ക് ഈപിച്ചളപാത്രം മുറിച്ചെടുത്ത് ചുറ്റിട്ട് ഭംഗി വരുത്താം
പുതുതായി ലഭിച്ച മഞ്ഞലോഹം എന്തന്നറിയാതെ മുറിച്ചെടുത്ത് ആയുധങ്ങൾക്ക് ചുറ്റിടാൻ തുടങ്ങിയപ്പോൾ
മുൻപെങ്ങുമില്ലാത്തവിധം ആവശ്യക്കാരേറി.ആലയിലെ തിരക്ക് അയാൾക്ക് ഉറക്കം
നഷ്ടപ്പെടുത്തി.രാവേറെ അയാൾ തൻ്റെ ആലയിൽ ചിലവഴിച്ചു.നല്ല വരുമാനം ലഭ്യമായി
തുടങ്ങിയപ്പോൾ ഇരുളനും ജാനകിയും ആ കുഞ്ഞിനെപ്രതി അഭിമാനംകൊണ്ടു.
ഇരുൾ അലഞ്ഞൊറിഞ്ഞു കിടന്ന അവരുടെ
മനസിൻ്റെ ജാലകപഴുതിലൂടെ കടന്നു വന്ന ദീപ്തിയു-ടെ കല്പാന്തം ജന്മസാഫല്യത്തിൻ്റെ
ആത്മനിറവും ആകാശമണ്ഡലത്തിൻ്റെ അനാദിയിൽ ചന്ദ്രൻ്റേയും നക്ഷത്ര
കൂട്ടങ്ങളുടേയും രാജസദസിലെ അനുഭൂതി വർഷവുമായി ഇരുണ്ട കൽപ്പടവുകളിൽ മരവിച്ചു കിടന്ന
കാലം അവർക്കായി പുള്ളോർക്കുടം മീട്ടി പാടി തകർന്നുടഞ്ഞു കിടന്ന.വിഷാദത്തിൻ്റേയും ഇല്ലായ്മയുടേയും
നഷ്ടബോധത്തിൻ്റേയും ദർപ്പണത്തിലേക്ക് വിധി സമൃദ്ധിയുടെ സദ്യയൊരുക്കി: ഏതോ ദീദിതമായ
നിഗൂഢരഹസ്യത്തിൻ്റെ പൊരുളറിഞ്ഞ പോലെ അനവരതം
ആ കുട്ടിവിലാപങ്ങളുടെ ശ്രുതി മീട്ടിയത്
അവളെ എല്ലാവരിൽ നിന്നും മറച്ചു പിടിക്കുന്നതിന് അവർക്ക് വിഘ്നം സൃഷ്ടിച്ചു. തങ്ങളുടെ
പണം കായ്ക്കുന്ന മരത്തെ അവർ പോഷകസമൃദ്ധമായ ഭക്ഷണം നൽകി. വളർത്തിയെടുത്തു. എന്നാൽ
ഏതോ യൂദാസ് സത്യമറിഞ്ഞ് പ്രവർത്തിച്ചു. അയാൾ സർക്കാർ സേവകരുടെ പിടിയിലകപ്പെടുകയും
ഒടുവിൽ തൻ്റെ നിസഹായതയുടെ വെളിപ്പെടുത്തലിൽ ആ തിരിച്ചറിവിൽ അവർ അയാളെ
മോചിതനാക്കുകയും ചെയ്തു പക്ഷെ ബാക്കിയുണ്ടായിരുന്ന സ്വർണ്ണക്കുടത്തിൻ്റെ ഭാഗം അവർ
തിരിച്ചുനൽകിയില്ല.
നഷ്ടപ്പെടലിൻ്റെ അതുല്യ സങ്കടച്ചുഴിയിൽ
ഇരുളൻ നിരാശനാവുകയും ഉള്ളകം തേങ്ങുകയും ചെയ്തു തൻ്റെ നഷ്ടമായ തിരിച്ചറിവിനെ അയാൾ കുഞ്ഞിൻ്റെ
പേരിൽ ശപിച്ചു കൊണ്ടിരുന്നു. ഒടുവിൽ ജാനകി അതിലിടപെട്ടു
“ഇതെന്തൂന്നാ മനുസ്യേനെ നട്ട പിരാന്ത് പൊലമ്പണേ കുത്തിൻ്റെ ഭാഗ്യം
നമുക്ക് ഒരു നിധി കിട്ടി. പക്ഷെങ്കില് അനുഭവിക്കാൻ യോഗോ ല്യാന്ന്കരുതുവാ അവളെ ഇനി
ഒരക്ഷരം ചീത്ത വിളിക്കരുത്”
ആധികാരികമായ അവളുടെ ശബ്ദതീവ്രതക്ക്
മുന്നിൽ ഇരുളൻ മൗനത്തിൻ്റെ നുകപ്പാടിനുള്ളിലെ കറുത്ത പുഴുവായി
ഇഴഞ്ഞു.
ചന്ദ്രക്കലയുള്ള ആ പെൺകുഞ്ഞിന്
വളർച്ചയുടെ ഇടനാഴികളിൽ രോഗാതുരത വേട്ടയാടപ്പെട്ടുകൊണ്ടിരുന്നത് ഇരുളൻറേയും പത്നിയുടേയും
മനസിൽ ഭീതിയുടെ ചുഴലിക്കാറ്റ് വീശി ആ സംഹാരതാണ്ഡവത്തിൽ തങ്ങൾ പാകി കിളിർപ്പിച്ച്
വളർത്തിയെടുത്ത പ്രതീക്ഷകളുടെ വിളകൾ നിലംപൊത്തുമെന്ന് അവർ സന്ദേഹിയായി.
മൃത്യുഞ്ജയ പൂജകൾ നടത്തി കാലൻ്റെ
സ്വകാര്യ അഹങ്കാരത്തെ വെല്ലുവിളിച്ച് അവളുടെ അകാല വേർപാടിന് അറുതിവരുത്തുവാൻ അവർ
ഇരുവരും യത്നിച്ചു - ഒപ്പം അവർ കാട്ടിലെ ആദിവാസി വൈദ്യൻ്റെ ചികിത്സയിൽ വിശ്വാസം
പുലർത്തി.അത് അവർക്ക് അനുഗ്രഹവുമായി ഒരിക്കൽ അവളുടെ ശ്വാസഗതിയുടെ തളർച്ചാവേളയിൽ
പ്രത്യേകതരം പൂമ്പൊടി ചികിത്സ അവളെ ഉന്മേഷവതിയാക്കി.
ഭയാനകമായി മഴ പെയ്തു തോർന്ന ഒരു
പ്രത്യുഷത്തിൻ്റെ ആലസ്യത്തിൽ ആ കുഞ്ഞ് വീണ്ടും ഭാഗ്യദേവതയായി
വെളിച്ചം വിതറി. മുറ്റത്ത് മൂടൽമഞ്ഞിൻ്റെ കനത്ത പ്രഭാവലയത്തിൽ നിഴൽ ചിത്രം
കോറിയിട്ടതു പോലെ ഒരാൾരൂപം.
ജാനകി അത്യാഹ്ലാദത്തോടെ ഇരുളനെ
വിളിച്ചുകൂവികൊണ്ട് തങ്കഴകനെ പുണർന്നു.ഇരുളന് സന്തോഷാധിക്യത്താൽ കരച്ചിലടക്കുവാൻ
കഴിഞ്ഞില്ല. അനുഭൂതിദായകമായ ആ കാഴ്ചയെ വീക്ഷിച്ച കുഞ്ഞ് അകത്തു കിടന്ന് ചിരിയുടെ
നിലാവുതിർത്തു.
" മകനെ നെനക്കെന്ത്വാടാ
സംഭവിച്ചത് - നേയ് ഞങ്ങളെ വിട്ടകന്ന് നിന്നതെവിടെയാടാ?"
അയാളുടെ ചങ്കലയ്ക്കുന്ന ചോദ്യത്തിന്
മകൻ ഓടി വന്ന് പിതാവിൻ്റെ കവിളിൽ ചുംബിച്ചു. എന്നിട്ട് മനസ്തുറന്നു
" അപ്പാ എന്നെ മാവോയിസ്റ്റ്
തീവ്രവാദികൾ കൊയല് ചൂണ്ടി തട്ടിയെടുക്കുകയായിരുന്നു' തെരയുള്ള ആകൊയലിന് മുന്നിൽ എനിക്ക്
ശക്തിക്ഷയം വന്നു. ഇപ്പോൾ എങ്ങനെ രക്ഷപ്പെടുവാൻ അവസരം വന്നുവെന്ന് ഓർത്ത് ഞാൻ
അത്ഭുതപ്പെടുന്നു”.
" ആ സന്ദർഭം വരൂന്ന് ഞങ്ങൾ
നേരത്തെ നിരൂപിച്ചിരുന്നൂല്യോ."
ജാനകി തെല്ലൊരു അഹങ്കാരത്തോടെ അങ്ങനെ
പറഞ്ഞപ്പോൾ തങ്കഴകൻ സംശയാലുവായി.അവൾ നടന്ന സംഭവങ്ങൾ എല്ലാം മകനോട് വിശദീകരിച്ചു.
നൽകി.ആ സ്വീകാര്യത അവന് അവിശ്വസനീയത പകർന്നു.: ജീവിത നാടകത്തിലെ അണിയറയിൽ
നിന്നെത്തിയ വഴിത്തിരിവു സൃഷ്ടിക്കാൻ പ്രാപ്തയായ ഈ അത്ഭുത പ്രതിഭയെ ബന്ധുക്കളിൽ
നിന്ന് എങ്ങനെ ഒളിപ്പിച്ച് നിർത്തും?
മകൻ്റെ കാമ്പുള്ള ചോദ്യത്തിന് ഇരുളൻ
ഉത്തരമരുളിയത് ഇങ്ങനെ
"നല്ല പ്രകാശമുള്ളിടത്തേക്കേ ഈയലുകൾ
കൂട്ടായി എത്തു, മങ്ങി നിൽക്കുന്നീടം ഒരു ചെറുപ്രാണി പോലും കടന്നു വരൂല്ല"
തങ്കഴകൻ അവിളംബം ബാലികയെ ദർശിക്കുവാൻ അകത്തേക്ക്
കയറി.
ദിനങ്ങൾ ഉത്സവഛായ പകർന്ന് കടന്ന് പോയി.
വനവിഭവങ്ങൾ വിറ്റഴിക്കുവാൻ
തങ്കഴകൻ നാട്ടിലേക്ക് തിരിക്കുവാൻ
തയ്യാറായ നിമിഷം ഇരുളൻ ആ
ഉദ്യമത്തിന് വിലക്കിട്ട് കൊണ്ട് പറഞ്ഞു.
“അഴകാ നീയിപ്പോ പൊറത്തേക്കൊന്നും എറങ്ങേണ്ട …ആ തീവ്റവാദികൾ നെനക്ക് നെഴലായി
പിന്നാലെയുണ്ടാവാം ഇനി നെന്നെക്കിട്ടിയാലവർ കൊന്നുകളയും”
“അതൊന്നുല്ലപ്പാ”
അയാൾ ആത്മവിശ്വാസത്തോടെ കാടിറങ്ങി
കുഞ്ഞ് വീണ്ടും ഭാഗ്യതാരകമായി
അത് അവരുടെ ജീവിതത്തെ നോക്കി മിഴിചിമ്മി.
തങ്കഴകനെടുത്ത ഭാഗ്യക്കുറികളിലൊന്നിൽ.
സമ്മാനമടിച്ചു സമാനതകളില്ലാത്ത ആഹ്ലാദസുദിനങ്ങൾ.
കാട്ടിലെ കുറിയവീടും ആലയും വിറ്റ അവർ
നാട്ടിൽ സ്ഥലസൗകര്യമുള്ള വീടുവാങ്ങി.
യുഗം യജ്ഞശാലയിൽ യാഗം നടത്തി അവർക്ക്
പുണ്യം പകർന്നു കൊടുത്ത് യാത്രയായി. യാത്രയുടെ വിരാമം മൂന്ന് വർഷത്തിലെത്തി
കുഞ്ഞ് സംസാരിക്കുവാൻ തുടങ്ങിയപ്പോൾ
അവളുടെ ദിവ്യത്വവും ഏറി വരുന്നതായി ഇരുളനും ജാനകിക്കും തോന്നി. അവളുടെ നെറ്റിയിലെ
ചന്ദ്രക്കല തെളിഞ്ഞു വന്നു ഒരിക്കൽ ബോധക്ഷയം വന്ന് അവൾ വാടിയ ചേമ്പിൻതണ്ടു പോലെ
കുഴഞ്ഞു വീണു് ആ ദമ്പതികളെ ഭീതി മാന്തിക്കീറിയ ദുർദിനത്തിൻ്റെ തേരോട്ടം നാട്ടിലെ
ചികിത്സയിൽ ആജൈത്രയാത്രയെ അവൾ അതിജീവിച്ചു.
എന്നാൽ രോഗാവസ്ഥകളെ തനുവിൽ വഹിക്കുന്ന അവളിൽ
ആ വൃദ്ധ ദമ്പതികളുടെ ആധി താഴികക്കുടങ്ങളായി വ്യാധിക്ക് സമാനമായി രൂപാന്തരപ്പെട്ടു.
തങ്കഴകൻ്റെ വിവാഹം നടന്നു.
അതും ആ കുഞ്ഞിൻ്റെ സൗഭാഗ്യമായി അവർ
കരുതി.ഗർഭവതിയായ ശേഷം തങ്കഴകൻ്റെ ഭാര്യ മുത്തുമണിക്ക് ആ കുഞ്ഞിനോടുള്ള സമീപനത്തിൽ
വിധി മാറ്റം വരുത്തി. അവളുടെ മനസ് സാത്താൻ്റെ
വിഹാരരംഗമായി ചിന്തകൾ ചീഞ്ഞളിഞ്ഞപ്പോൾ
അവൾ ഒരു ക്ഷുദ്രജന്മമായി പരിണമിച്ചു. അന്യൻ്റെ ചോരയുടെ
തുടിപ്പിനെ നശിപ്പിക്കുവാൻ അവൾ പദ്ധതി തയ്യാറാക്കി.
തങ്കഴകൻ അവളുടെ
ചെകിട്ടത്തടിച്ചായിരുന്നു ഈ തലയണമന്ത്രത്തോട് ആദ്യം പ്രതികരിച്ചത് പക്ഷെ അവൾ
ആ പ്രവ്യത്തിയിൽ ഊറിച്ചിരിച്ചതേയുള്ളൂ
കിടപ്പറയിലെ വന്യമായ വൈകാരികതകളിൽ
മന്ത്രണങ്ങളുടെ മായികതയിൽ അലഞ്ഞു നടന്ന ആ മനസിനെ മുത്തുമണി ആവാഹിച്ചെടുത്ത് തൻറെ മനസിലേക്ക്
പിടിച്ചുകെട്ടി.തൻറെ അമ്മയുടെ ക്ഷുദ്രപ്രയോഗങ്ങൾകൂടി അവൾ സമർത്ഥമായി
വിനിയോഗിച്ചപ്പോൾ അയാളുടെ ആത്മാവ് പൂർണ്ണമായും കീഴടങ്ങലിലേക്ക് ചാഞ്ഞു.
തങ്കഴകൻ നിർവികാരനായി അങ്ങനെ ഏതൊ
ആജ്ഞാശക്തിക്കടിപ്പെട്ടത് പോലെ കുഞ്ഞിനേയുമെടുത്ത് വനക്കാഴ്ചകൾ കാണുവാൻ ഇറങ്ങി
നാട്ടിൽ നിന്ന് വീണ്ടുമൊരു
മലകയറ്റം തിരികെയെത്തിയത് അയാൾ ഏകനായി ആ
തിരിച്ചു വരവിൽ അവൾ സന്തോഷത്തിൻ്റെ തേരിൽ പറന്നപ്പോൾ അയാൾ മ്ലാനവദനനായി ദു:ഖത്തിൻ്റെ കയത്തിലേക്ക്
വീണു.
തിരിച്ചെത്തിയ ആ വൃദ്ധദമ്പതികൾ
കുത്തിൻറെ തിരോധാനത്തിൽ അലമുറയിട്ട് കരഞ്ഞു. കുഞ്ഞിനെ തട്ടിയെടുത്തവരെ അവൾ
ശാപത്തിൻ്റെ തീപ്പന്തമെറിഞ്ഞു അതുകേട്ട തങ്കഴകൻ്റെ ഉള്ളം വെന്തുനീറി.അയാളും
ഭാര്യയും രൂക്ഷമായ കുറ്റപ്പെടുത്തലുകൾക്ക് ഇരയായി.തങ്ങളുടെ സൗഭാഗ്യങ്ങൾ
അസ്തമിച്ചുവെന്ന് അവർ കരുതി ആവിചാരധാര ജീവിതത്തിലെ ഏറ്റവും വലിയ മുറിവായി പഴുത്തു
കിടന്നു.
മുത്തുമണിയുടെ ആറു മാസം മാത്രം
പ്രായമുള്ള ഗർഭസ്ഥ ശിശു അവൾക്ക് വന്നുപ്പെട്ട ശക്തമായ ഒരു വയറു വേദനയെ
തുടർന്നുള്ള വിദഗ്ഗ്ദ്ധ പരിശോധനയിൽ മൃതിപ്പെട്ടതായി കണ്ടെത്തി.
ചന്ദ്രക്കലയണിഞ്ഞ കുഞ്ഞിനാൽ
ശാപഗ്രസ്തയായതിൻ്റെ തിക്തഫലം സഹിക്കുവാനാകാതെ അവൾ ഭ്രാന്തിയായി മാറിയ അവൾ താൻ
പതിയിൽ ദുഷ്ച്ചെയ്തികളിലൂടെ വരുത്തിയ പരിവർത്തനവും കുഞ്ഞിൻ്റെ അപ്രത്യക്ഷമാകലിൻ്റെ
രഹസ്യവും തുറന്ന് വിളമ്പി
തലതല്ലിക്കരഞ്ഞു. ഒടുവിൽ ബോധക്ഷയായി
.തങ്കഴകനെ ഒരു സുപ്രഭാതത്തിൽ കഴുത്തറത്ത് കൊലച്ചെയ്യപ്പെട്ട നിലയിൽ മുറ്റത്ത്
കണ്ടെത്തി
ഒപ്പം കുറെ ലഘുലേഖകളും
ആ കാരുണ്യം നിറഞ്ഞ ദമ്പതികളുടെ
തുടർച്ചയായുള്ള ശാപവും വെളിച്ചം കാണാത്ത ആത്മാവിൻ്റെ ശാപങ്ങളും കൂടിക്കുഴഞ്ഞ്
ചേർന്ന് രൂപപ്പെട്ട തീച്ചൂളയിൽ വെന്തഴുകിയ മുത്തുമണി അബോധവസ്ഥയിൽ അലറിക്കരഞ്ഞു
കാട്ടിനുള്ളിലേക്കെന്ന അട്ടഹാസത്തോടെ തൻ്റെ പിറക്കാത്ത കുഞ്ഞിനെ തിരഞ്ഞ് നടന്ന്
പോയി.
കലിയുഗത്തിലെ പൊയ്മുഖങ്ങൾ പുറംപൂച്ചിൽ
മയങ്ങി സ്വാർത്ഥരും അഹങ്കാരികളുമാകുന്നു. എന്നാൽ സൃഷ്ടിസ്ഥിതിലയങ്ങളുടെ നാഥൻ
ഉള്ളകം അറിഞ്ഞു ചിരിക്കുന്നു. വീണ്ടും ഏകാന്തതകളുടെ ഇരുണ്ട തമോഗർത്തത്തിലേക്ക് ആ
വൃദ്ധദമ്പതികൾ നിർജ്ജീവാവസ്ഥകളുടെ ശവകുടീരത്തിനുള്ളിൽ നിരർത്ഥകതയുടെ പക്ഷതാളം
തിരിച്ചെത്തി.
രചന : ജയിസൺ കെ
നന്നായിട്ടുണ്ട് ഭംഗിയായി എഴുതി.
മറുപടിഇല്ലാതാക്കൂ